ശ്രീനഗര്‍: ഐ ലീഗില്‍ ചാമ്പ്യന്‍മാരെ മുട്ടുകുത്തിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കി റിയല്‍ കശ്മീര്‍. സ്വന്തം തട്ടകമായ ശ്രീനഗറില്‍ നടന്ന മത്സരത്തില്‍ നിലവിലെ ജേതാക്കളായ ചെന്നൈ സിറ്റിയെ 2-1നാണ് റിയല്‍ കശ്മീര്‍ മുട്ടുകുത്തിച്ചത്. ആദ്യ രണ്ട് മത്സരങ്ങളും സമനില വഴങ്ങിയ ശേഷമാണ് റിയല്‍ കശ്മീരിന്റെ തിരിച്ചുവരവ്.
ചെന്നൈയുടെ 3-4-3 ഫോര്‍മേഷനെ 4-2-3-1 ഫോര്‍മേഷനില്‍ നേരിട്ട റിയല്‍ കശ്മീര്‍ 22ാം മിനുട്ടില്‍ ലീഡെടുത്തു. ഡാനിഷ് ഭട്ടാണ് ഗോള്‍ നേടിയത്.അഞ്ച് മിനുട്ടിനുള്ളില്‍ ഐവറി കോസ്റ്റിന്റെ ബേസി അര്‍മാന്‍ഡിന്റെ ഗോളിലൂടെ കശ്മീര്‍ ലീഡുയര്‍ത്തി. ആദ്യ പകുതിയില്‍ എതിരില്ലാത്ത രണ്ട് ഗോളിന്റെ ലീഡ് നിലനിര്‍ത്തിയാണ് കശ്മീര്‍ കളം പിരിഞ്ഞത്.

രണ്ടാം പകുതി തുടങ്ങി മൂന്ന് മിനുട്ടിനുള്ളില്‍ സെയ്ദ് സുഹൈല്‍ പാഷയുടെ ഗോളിലൂടെ ചെന്നൈ തിരിച്ചുവരവ് സൂചന നല്‍കിയെങ്കിലും കശ്മീരിന്റെ പ്രതിരോധക്കരുത്തിനെ വെല്ലാന്‍ പിന്നീട് സാധിച്ചില്ല. അഞ്ച് പോയിന്റുള്ള കശ്മീര്‍ ഏഴാം സ്ഥാനത്തും തുല്യപോയിന്റുള്ള ചെന്നൈ എട്ടാമതുമാണ്.എട്ട് പോയിന്റുള്ള ഈസ്റ്റ് ബംഗാളാണ് നിലവില്‍ ഒന്നാമത്.