ആധുനിക ഫുട്‌ബോളിലെ സൂപ്പര്‍ താരമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പോര്‍ച്ചുഗല്‍ താരം റയല്‍ മാഡ്രിഡിനൊപ്പമാണ് ക്ലബ്ബ് ഫുട്‌ബോളില്‍ ശോഭിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലൂടെ വളരുകയും അത്ഭുത പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ടെങ്കിലും റയല്‍ മാഡ്രിഡിനൊപ്പമാണ് റൊണാള്‍ഡോ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയത്. റൊണാള്‍ഡോ അഞ്ച് തവണ ബാലന്‍ദ്യോര്‍ നേടിയതും റയല്‍ മാഡ്രിഡിലെ പ്രകടന മികവുകൊണ്ടാണ്.
പ്രധാനമായും ചാമ്പ്യന്‍സ് ലീഗിലെ രാജാവായി മാറാന്‍ റൊണാള്‍ഡോക്കായി. റയല്‍ മാഡ്രിഡിനൊപ്പം രാജാവായി വാഴുന്ന സാഹചര്യത്തിലാണ് അദ്ദേഹം ടീം വിടാന്‍ തയ്യാറായത്. പുതിയ വെല്ലുവിളികളേറ്റെടുക്കാനുള്ള നീക്കമെന്ന നിലയില്‍ റയല്‍ മാഡ്രിഡ് വിട്ട റൊണാള്‍ഡോ പിന്നീട് പല ടീമുകള്‍ക്കായി കളിച്ചെങ്കിലും പ്രതീക്ഷക്കൊത്ത ഉയര്‍ച്ചയുണ്ടായില്ല. റയല്‍ വിട്ട് യുവന്റസിനായും പിന്നീട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചുപോവുകയും ചെയ്‌തെങ്കിലും ഗംഭീര പ്രകടനത്തിലേക്കെത്താന്‍ സാധിച്ചില്ല.
ഇപ്പോള്‍ സൗദി ലീഗില്‍ അല്‍ നസറിനായാണ് റൊണാള്‍ഡോ കളിക്കുന്നത്. ഇപ്പോഴിതാ റയല്‍ മാഡ്രിഡ് വിട്ട റൊണാള്‍ഡോ പിഎസ്ജിയിലേക്കെത്താന്‍ ആഗ്രഹിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഏജന്റ് മുഖേനെ റൊണാള്‍ഡോ ഇക്കാര്യം അറിയിച്ചെങ്കിലും പിഎസ്ജി താല്‍പര്യം കാട്ടിയില്ല. അതിന്റെ കാരണം ലയണല്‍ മെസിയെ ടീമിലെത്തിക്കാനുള്ള പിഎസ്ജിയുടെ ആഗ്രഹമായിരുന്നു. എംബാപ്പെ, നെയ്മര്‍, മെസി എന്നിവരെ ഒന്നിച്ച് കളിപ്പിക്കാനായിരുന്നു പിഎസ്ജി ആഗ്രഹിച്ചത്.
അതുകൊണ്ടുതന്നെ റൊണാള്‍ഡോ താല്‍പര്യം അറിയിച്ചിട്ടും പിഎസ്ജി കരാറിലേക്കെത്താത്തത് മെസിയെ ടീമിലേക്കെത്തിക്കാനുള്ള ആഗ്രഹത്തിന്റെ ഭാഗമായാണ്. പിഎസ്ജി കരാറിലേക്കെത്താതെ വന്നതോടെയാണ് റൊണാള്‍ഡോ യുവന്റസിലേക്കെത്തുന്നത്. എന്നാല്‍ ഇറ്റാലിയന്‍ ലീഗില്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ റോണോക്ക് സാധിക്കാതെ പോയി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയപ്പോള്‍ റൊണാള്‍ഡോക്ക് പഴയ പിന്തുണയും ലഭിച്ചില്ല.

ഇതോടെയാണ് ഇപ്പോള്‍ സൗദി ലീഗിലേക്ക് അദ്ദേഹം ഒതുങ്ങിയത്. എന്നാല്‍ റൊണാള്‍ഡോ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചുവരാനുള്ള ശ്രമം നടത്തുന്നുണ്ട്. ചെല്‍സിയിലേക്കെത്താന്‍ റൊണാള്‍ഡോ നീക്കം നടത്തിയെങ്കിലും ഇത് നടന്നിട്ടില്ല. ലാ ലിഗയില്‍ അത്‌ലറ്റികോ മാഡ്രിഡിനായി കളിക്കാന്‍ റൊണാള്‍ഡോ താല്‍പര്യം അറിയിച്ചെങ്കിലും ക്ലബ്ബിന് താല്‍പര്യമില്ലെന്നാണ് വിവരം. ഉയര്‍ന്ന ഫിറ്റ്‌നസുണ്ടെങ്കിലും പ്രായം റൊണാള്‍ഡോയെ തളര്‍ത്തുകയാണ്.
സൗദി ക്ലബ്ബ് വിട്ടാല്‍ പ്രമുഖ ക്ലബ്ബിലേക്ക് റൊണാള്‍ഡോയ്ക്ക് വിളിയെത്താന്‍ സാധ്യതയില്ല. ഇപ്പോഴും റൊണാള്‍ഡോ ഉയര്‍ന്ന താരമൂല്യമുള്ള താരമാണ്. അതുകൊണ്ടുതന്നെ ചെറിയ പ്രതിഫലത്തില്‍ റൊണാള്‍ഡോയെ ടീമിലേക്കെത്തിക്കാന്‍ സാധിക്കില്ല. നിലവിലെ സാഹചര്യത്തില്‍ റൊണാള്‍ഡോ സൗദി ക്ലബ്ബില്‍ തുടരുന്നതാണ് നല്ലതെന്ന് പറയാം. എന്തായാലും ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ റൊണാള്‍ഡോ കൂടുമാറ്റം നടത്തുമോയെന്നതാണ് കണ്ടറിയേണ്ടത്.