നിസ്‌നി: സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ പ്രതിസന്ധി നേരിടുന്നുവെന്ന ആരോപണങ്ങളെ തള്ളി യുറുഗ്വായ് കോച്ച് ഓസ്‌കാര്‍ ടബാരെസ്. യൂറോപ്യന്‍ രാജ്യങ്ങള്‍ ആസ്വദിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍ കാണാതെ പോകുന്നത് മണ്ടത്തരമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യയില്‍ ഫ്രാന്‍സിന് എതിരെ 2-0ന് തോറ്റാണ് യുറുഗ്വായ് മടങ്ങിയത്. തൊട്ടുപിന്നാലെ ബെല്‍ജിയത്തിന്റെ കരുത്തിന് മുന്നില്‍ ബ്രസീലും കീഴടങ്ങിയിരുന്നു.
ഇതോടെ ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ടീമുകളെല്ലാം യൂറോപ്പില്‍ നിന്നുമുള്ളവരാണ്. സൗത്ത് അമേരിക്കന്‍ രാജ്യങ്ങളെ പ്രധാനമായും ലോകകപ്പില്‍ തച്ചുടച്ചത് ഫ്രാന്‍സാണ്. പെറുവിനെ 1-0നും, അര്‍ജന്റീനയ്‌ക്കെതിരെ 4-3ന്റെ ത്രില്ലറിലുമാണ് ഫ്രാന്‍സ് വെന്നിക്കൊടി പാറിച്ചത്. ലയണല്‍ മെസ്സി യുഗം അവസാനിക്കുന്നതോടെ അര്‍ജന്റീന കൂടുതല്‍ ക്ഷീണിക്കുമെന്ന ആശങ്കയുമുണ്ട്.

ഇതിന്റെ പേരില്‍ സൗത്ത് അമേരിക്കന്‍ ഫുട്‌ബോളിനെ ഒരുപാട് വിമര്‍ശിക്കേണ്ടെന്ന് വ്യക്തമാക്കി ഓസ്‌കാര്‍ രംഗത്ത് വരികയായിരുന്നു. 'ഞങ്ങള്‍ പുതുതായി ഒന്നും പഠിക്കുന്നില്ലെന്നല്ല ഇതിനര്‍ത്ഥം. ഇതിന് മുന്‍പും പരാജയപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ പറയുന്നു യൂറോപ്യന്‍ ഫുട്‌ബോള്‍ ശക്തമാണെന്ന്. എന്നാല്‍ ഇക്കുറി ആരാണ് ലോകകപ്പ് നേടുകയെന്ന് നമുക്ക് പറയാന്‍ കഴിയില്ല. ചരിത്രപരവും, സാമ്പത്തികവുമായ കാര്യങ്ങള്‍ അവഗണിച്ചിട്ട് കാര്യമില്ല', ബ്രസീല്‍ ബെല്‍ജിയത്തോട് തോല്‍ക്കും മുന്‍പ് ഓസ്‌കാര്‍ വ്യക്തമാക്കി.
2022 ഖത്തര്‍ ലോകകപ്പ് ആകുന്നതോടെ ഒരു യൂറോപ്യന്‍ ഇതര രാജ്യം ലോകകപ്പ് നേടിയിട്ട് 20 വര്‍ഷക്കാലം തികയും. എന്നാല്‍ ഇതിന് വിരുദ്ധമായ അഭിപ്രായമാണ് ഓസ്‌കാറിനുള്ളത്. മത്സരഫലങ്ങള്‍ ചിലപ്പോള്‍ വിരുദ്ധമാകും, ഒരു മത്സരത്തിന്റെ മാത്രം പേരില്‍ മികവ് അളക്കാന്‍ കഴിയില്ല. യുറുഗ്വായ് ഇപ്പോഴും ലോകത്തിലെ പ്രധാന ടീമുകളില്‍ ഒന്നാണ്. തോറ്റെന്ന് കരുതി ഒന്നും നേടിയിട്ടില്ലെന്ന് പറഞ്ഞാല്‍ സമ്മതിക്കാന്‍ കഴിയില്ല, ഓസ്‌കാര്‍ ടബാരെസ് കൂട്ടിച്ചേര്‍ത്തു.