ദില്ലി: കിര്‍ഗിസ്താനെതിരേ മാര്‍ച്ച് 27ന് നടക്കാനിരിക്കുന്ന എഎഫ്‌സി കപ്പ് യോഗ്യതാ മല്‍സരത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ ബെംഗളൂരു എഫ്‌സിയുടെ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു നയിക്കും. സ്റ്റാര്‍ സ്‌ട്രൈക്കറും സ്ഥിരം ക്യാപ്റ്റനുമായ സുനില്‍ ഛേത്രിയുടെ അഭാവത്തിലാണ് സന്ധുവിന് നറുക്കുവീണത്. ഗ്രൂപ്പുഘട്ടത്തില്‍ രണ്ടു മല്‍സരങ്ങളില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ചതോടെയാണ് ഛേത്രി സസ്‌പെന്റ് ചെയ്യപ്പെട്ടത്.

2011ലെ എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരത്തിലൂടെയാണ് സന്ധു ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. അതിനു മുമ്പ് ഇന്ത്യയുടെ അണ്ടര്‍ 19, 23 ടീമുകളില്‍ അംഗമായിരുന്നു അദ്ദേഹം. ഇതുവരെ 20 തവണ സീനിയര്‍ ടീമിന്റെ ജഴ്‌സണിയാന്‍ സന്ധുവിന് ഭാഗ്യമുണ്ടായിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ക്യാപ്റ്റന്റെ ചുമതല വഹിക്കുന്നത് ഇത് മൂന്നാം തവണയാണ്. 2016ല്‍ പ്യൂര്‍ട്ടോറിക്കോയ്‌ക്കെതിരേ മുംബൈയില്‍ ഇന്ത്യ 4-1ന്റെ മിന്നുന്ന ജയം നേടിയ മല്‍സരത്തിലും സന്ധുവായിരുന്നു ക്യാപ്റ്റന്‍. പിന്നീട് കംബോഡിയക്കെതിരേ നടന്ന മറ്റൊരു സൗഹൃദ മല്‍സരത്തിലും പഞ്ചാബില്‍ നിന്നുള്ള താരം ടീമിനെ നയിച്ചു.

നോര്‍വെ ക്ലബ്ബായ സ്റ്റാബെക്കുമായി കരാറിലെത്തിയപ്പോള്‍ യൂറോപ്പിലെ മുന്‍നിര ക്ലബ്ബിലെത്തിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സന്ധു സ്വന്തം പേരില്‍ കുറിച്ചിരുന്നു. യുവേഫ യൂറോപ്പ ലീഗില്‍ ടീമിനു വേണ്ടി ഗോള്‍വല കാത്തതോടെ മറ്റൊരു റെക്കോര്‍ഡിനും കൂടി അദ്ദേഹം അവകാശിയായിരുന്നു. ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനാണ് സന്ധുവിനെ കിര്‍ഗിസ്താനെതിരായ മല്‍സരത്തിനുള്ള ടീമിന്റെ നായകനായി സന്ധുവിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കു വേണ്ടി താരം മിന്നുന്ന പ്രകടനം നടത്തിയിരുന്നു.