ഐഎസ്എല്‍: ആരാവും ഗോള്‍മെഷീന്‍? ബ്ലാസ്‌റ്റേഴ്‌സിലെത്തിക്കാന്‍ ഒഗ്‌ബെച്ചെ... ഇവരെയും സൂക്ഷിക്കുക
ദില്ലി: ഐഎസ്എല്ലിന്റെ ആറാം സീസണിന് ആരവമുയരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഗോളടിമേളം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വിവിധ ടീമുകള്‍ക്കായി സൂപ്പര്‍ താരങ്ങള്‍ തന്നെ വല നിറയ്ക്കാന്‍ അങ്കത്തട്ടിലിറങ്ങുന്നുണ്ട്. മുന്‍ സീസണിലെ ടൂര്‍ണമെന്റുകള്‍ പരിശോധിച്ചാല്‍ ഗോള്‍വേട്ടയില്‍ ലാറ്റിനമേരിക്കന്‍ താരങ്ങളുടെ ആധിപത്യമാണ് കണ്ടത്.
കഴിഞ്ഞ അഞ്ചു സീസണുകളില്‍ മൂന്നു തവണയും വലാറ്റിനമേരിക്കന്‍ താരങ്ങളാണ് ടോപ്‌സ്‌കോററായത്.
എലാനോ, സ്റ്റീവന്‍ മെന്‍ഡോസ, മാര്‍സെലീഞ്ഞോ തുടങ്ങിവരായിരുന്നു ആദ്യ മൂന്നു സീസണുകളിലെ ഗോള്‍ഡന്‍ ബൂട്ടിന്റെ അവകശികള്‍. കഴിഞ്ഞ രണ്ടു സീസണുകളിലും സ്പാനിഷ് സൂപ്പര്‍ താരം ഫെറാന്‍ കൊറോമിനാസിനായിരുന്നു ഗോള്‍ഡന്‍ ബൂട്ട്. ഇത്തവണയും കോറോ റാഞ്ചുമോയെന്നാണ് ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത്. ഗോള്‍ഡന്‍ ബൂട്ടിനായി പുതിയ സീസണില്‍ രംഗത്തുള്ള താരങ്ങള്‍ ആരൊക്കൈയെന്നു നോക്കാം.

അസമോവ് ഗ്യാന്‍ (നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്)
ലോക ഫുട്‌ബോളിലെ അപകരിയായ സ്‌ട്രൈക്കര്‍മാരില്‍ ഒരാളായ ഘാനയുടെ അസമോവ് ഗ്യാനിന്റെ അരങ്ങേറ്റ ഐഎസ്എല്ലാണിത്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ മുന്നേറ്റങ്ങള്‍ക്കാണ് സൂപ്പര്‍ താരം ചുക്കാന്‍ പിടിക്കുക. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം കൂടിയായിരുന്നു 33കാരായ ഗ്യാന്‍.
കേരള ബ്ലാസ്‌റ്റേഴ്‌സിലേക്കു കൂടുമാറിയ ബര്‍ത്തോലോം ഒഗ്‌ബെച്ചെയുടെ പകരക്കാരനായാണ് ഗ്യാന്‍ നോര്‍ത്ത് ഈസ്റ്റിലെത്തിയത്. കഴിഞ്ഞ സീസണില്‍ ഒഗ്‌ബെച്ചെയുടെ ഗോളടിമികവ് നോര്‍ത്ത് ഈസ്റ്റിന്റെ കുതിപ്പില്‍ നിര്‍ണായകമായിരുന്നു. ഇത്തവണ ഈ റോളില്‍ ഗ്യാന്‍ കസറുമോയെന്നാണ് അറിയാനുള്ളത്.

ഫെറാന്‍ കൊറോമിനാസ് (എഫ്‌സി ഗോവ)
കഴിഞ്ഞ രണ്ടു സീസണുകളിലെയും ഗോള്‍വേട്ടക്കാരനായ എഫ്‌സി ഗോവയുടെ ഫെറാന്‍ കൊറോമിനാസ് മൂന്നാം തവണയും ഈ നേട്ടം സ്വപ്‌നം കണ്ടാണ് ഇറങ്ങുന്നത്. അറ്റാക്കിങ് ഫുട്‌ബോളിന്റെ വക്താക്കളായ ഗോവയുടെ തുറുപ്പുചീട്ടാണ് കോറോ. 2017ല്‍ ഗോവയിലെത്തിയ അദ്ദേഹം 40 മല്‍സരങ്ങളില്‍ നിന്നും ഇതിനകം 47 ഗോളുകള്‍ അടിച്ചുകൂട്ടിക്കഴിഞ്ഞു.
മധ്യനിരയുമായുള്ള തികഞ്ഞ ഒത്തിണക്കമാണ് ഗോള്‍മുഖത്ത് താരത്തെ കൂടുതല്‍ അപകടകാരിയാക്കുന്നത്. അഹ്മദ് ജാഹോ, എഡു ബെഡിയ, ഹ്യൂഗോ ബൗമോസ്, ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസ്, സെയ്മിന്‍ലെന്‍ ഡൊംഗെല്‍, ജാക്കിച്ചന്ദ് സിങ് എന്നിവരെല്ലാം കോറോയുടെ ഗോളടിമികവിന് കരുത്ത് പകരുന്നവരാണ്.

ബര്‍ത്തോലോം ഒഗ്‌ബെച്ചെ (കേരള ബ്ലാസ്‌റ്റേഴ്‌സ്)
നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ കുന്തമുനയായിരുന്ന ബര്‍ത്തോലോം ഒഗ്‌ബെച്ചെയെ പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ കാണാം. കന്നി ഐഎസ്എല്‍ കിരീടം ലക്ഷ്യമിടുന്ന മഞ്ഞപ്പടയ്ക്കു ഒഗ്‌ബെച്ചെയുടെ പ്രകടനം ഈ സീസണില്‍ നിര്‍ണായകമായിരിക്കും. ഒഗ്‌ബെച്ചെയുടെ ബൂട്ടുകള്‍ തീതുപ്പിയാല്‍ മഞ്ഞപ്പടയെ പിടിച്ചുകെട്ടുക എതിരാളികള്‍ക്കു ദുഷ്‌കരമായി തീരും.
കഴിഞ്ഞ രണ്ടു സീസണുകളിലും ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ വീക്ക്‌നസ് മുന്നേറ്റനിരയുടെ മൂര്‍ച്ചയില്ലായ്മയായിരുന്നു. മലയാളി താരം സി കെ വിനീതും സ്റ്റാര്‍ സ്‌ട്രൈക്കര്‍ ദിമിതര്‍ ബെര്‍ബറ്റോവുമെല്ലാം ഗോള്‍ കണ്ടെത്താന്‍ പാടുപെട്ടു. ഒഗ്‌ബെച്ചയ്ക്കു പന്തെത്തിച്ചു കൊടുക്കാന്‍ സെര്‍ജിയോ സിഡോഞ്ച, മരിയോ ആര്‍ക്വസ്, സഹല്‍ അബ്ദുള്‍ സമദ്, ഹാളിചരണ്‍ നര്‍സറെ എന്നിവരുള്‍പ്പെടുന്ന മികച്ചൊരു മധ്യനിരയും ബ്ലാസ്റ്റേഴ്‌സിനുണ്ട്.

സുനില്‍ ഛേത്രി (ബെംഗളൂരു എഫ്‌സി)
ഗോള്‍വേട്ടക്കാരിലെ ഇന്ത്യന്‍ പ്രതീക്ഷയാണ് ബെംഗളൂരു എഫ്‌സിയുടെ നായകനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രി. നിലവില്‍ മല്‍സരരംഗത്തുള്ള താരങ്ങളില്‍ ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോള്‍വേട്ടക്കാരനാണ് 35കാരനായ ഛേത്രി. 72 ഗോളുകളാണ് അദ്ദേഹം ഇതുവരെ നേടിയത്. ഐഎസ്എല്ലിലെ ഓള്‍ടൈം ഗോള്‍വേട്ടക്കാരില്‍ 30 ഗോളുകളുമായി ഛേത്രി മൂന്നാമതുമുണ്ട്.
ബെംഗളൂരുവിനൊപ്പം ഐഎസ്എല്‍ കിരീടവും ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും കൈക്കലാക്കിയെങ്കിലും ഗോള്‍ഡന്‍ ബൂട്ട് ഇതുവരെ ഛേത്രിയെ തേടിയെത്തിയിട്ടില്ല. ഈ കുറവ് ഇത്തവണ പരിഹരിക്കാവാനും അദ്ദേഹത്തിന്റെ ശ്രമം.

റോയ് കൃഷ്ണ (എടിക്കെ)
മുന്‍ ചാംപ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ ഈ സീസണിലെ തുറുപ്പുചീട്ടാവാന്‍ തയ്യാറെടുക്കുകയാണ് ഫിജിയില്‍ നിന്നുള്ള സ്‌ട്രൈക്കര്‍ റോയ് കൃഷ്ണ. കഴിഞ്ഞ ആറു വര്‍ഷം ഓസ്‌ട്രേലിയയിലെ മുന്‍നിര ലീഗായ എ ലീഗില്‍ കളിച്ചതിന്റെ അനുഭവസമ്പത്തുമായാണ് റോയ് ഐഎസ്എല്ലിലെത്തിയത്.
കഴിഞ്ഞ സീസണിലെ എ ലീഗില്‍ ഇന്ത്യന്‍ വംശജനായ താരം 27 മല്‍സരങ്ങളില്‍ നിന്നും 19 ഗോളുകള്‍ നേടിയിരുന്നു. ഇത്തവണ തന്റെ പൂര്‍വികരുടെ മണ്ണിലും ഇതേ ഗോളടിമികവ് തുടരാന്‍ തന്നെയാണ് റോയിയുടെ ശ്രമം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications