നാഷന്‍സ് ലീഗ്: മ്യൂണിക്കില്‍ ഫ്രാന്‍സ് രക്ഷപ്പെട്ടു!! വിറപ്പിച്ച് ജര്‍മനി... വീഡിയോ
മ്യൂണിക്ക്: യൂറോപ്പിലെ പുത്തന്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റായ യുവേഫ നാഷന്‍സ് ലീഗില്‍ ആദ്യദിനത്തിലെ ക്ലാസിക് പോരില്‍ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സിന് സമനില. മുന്‍ വിശ്വവിജയികളായ ജര്‍മനിയുമായാണ് ഫ്രഞ്ച് പട ഗോള്‍രഹിത സമനിലയുമായി തൃപ്തിപ്പെട്ടത്. നാഷന്‍സ് ലീഗ് എയുടെ ഗ്രൂപ്പുഘട്ട മല്‍സരമായിരുന്നു ഇത്.
നാഷന്‍സ് ലീഗ് ബിയുടെ ഗ്രൂപ്പു മല്‍സരങ്ങളില്‍ വെയ്ല്‍സ് 4-1ന് അയര്‍ലാന്‍ഡിനെ തുരത്തിയപ്പോള്‍ ഉക്രെയ്ന്‍ 2-1ന് ചെക് റിപബ്ലിക്കിനെ തോല്‍പ്പിച്ചു. നാഷന്‍സ് ലീഗ് സിയിലെ ഗ്രൂപ്പ് മല്‍സരങ്ങളില്‍ നോര്‍വെ 2-0ന് സൈപ്രസിനെയും ബള്‍ഗേറിയ 2-1ന് സ്ലൊവേനിയയെയും നാഷന്‍സ് ലീഗ് ഡിയിലെ ഗ്രൂപ്പ് മല്‍സരങ്ങളില്‍ ജോര്‍ജിയ 2-0ന് കസാക്കിസ്താനെയും അര്‍മേനിയ 2-1ന് ലിച്ചെന്‍സ്‌റ്റെയ്‌നിനെയും മാസിഡോണിയ 2-0ന് ജിബ്രാള്‍ട്ടറിനെയും പരാജയപ്പെടുത്തി. ലാത്വിയ- അല്‍ബേനിയ മല്‍സരം ഗോള്‍രഹിതമായി പിരിയുകയായിരുന്നു.

ശക്തമായ ലൈനപ്പ്
ഫ്രാന്‍സും ജര്‍മനിയും ഏറ്റവും മികച്ച ഇലവനെത്തന്നെയാണ് മ്യൂണിക്കില്‍ നടന്ന മല്‍സരത്തില്‍ അണിനിരത്തിയത്. റഷ്യയില്‍ നടന്ന ലോകകപ്പില്‍ ചാംപ്യന്‍മാരായ അതേ ഇലവനെത്തന്നെയാണ് ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് ഇറക്കിയത്. പരിക്കേറ്റ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ഹ്യൂഗോ ലോറിസിന് മാത്രമാണ് സ്ഥാനം നഷ്ടമായത്. പകരം അല്‍ഫോണ്‍സ് അറെയോല ഗോള്‍വല കാത്തു. താരത്തിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു.
ലോകകപ്പില്‍ പ്ലെയിങ് ഇലവനില്‍ ചില മാറ്റങ്ങളോടെയാണ് കോച്ച് ജോക്വിം ലോ ടീമിനെ തിരഞ്ഞെടുത്തത്.

അരങ്ങേറ്റം അവിസ്മരണീയമാക്കി അറെയോല
ആവേശകരമായ മല്‍സരത്തിലെ ഹീറോ അരങ്ങേറ്റക്കാരനായ ഫ്രഞ്ച് ഗോളി അറെയോലയായിരുന്നു. തകര്‍പ്പന്‍ പ്രകടനമാണ് പിഎസ്ജി ഗോള്‍കീപ്പര്‍ മല്‍സരത്തില്‍ നടത്തിയത്. ജര്‍മനിയുടെ ഗോളെന്നുറച്ച അഞ്ചോളം ഷോട്ടുകളാണ് കണ്ണഞ്ചിപ്പിക്കുന്ന സേവുകളിലൂടെ താരം രക്ഷപ്പെടുത്തിയത്. ഇല്ലായിരുന്നെങ്കില്‍ ചുരുങ്ങിയത് മൂന്നു ഗോളുകള്‍ക്കെങ്കിലും ലോക ചാംപ്യന്‍മാര്‍ തോല്‍ക്കുമായിരുന്നു.
അതേസമയം, ഫ്രാന്‍സിന് ചുരുക്കം ചില ഗോളവസരങ്ങള്‍ മാത്രമേ ലഭിച്ചുള്ളൂ. ഇവ ജര്‍മന്‍ ഗോളി മാന്വല്‍ നുയര്‍ക്കു മുന്നില്‍ വിഫലമാവുകയും ചെയ്തു.

വെയ്ല്‍സ് കസറി
നാഷന്‍സ് ലീഗ് ബിയിലെ മല്‍സരത്തില്‍ അയര്‍ലാന്‍ഡിനെ മിന്നുന്ന പ്രകടനമാണ് സൂപ്പര്‍ താരം ഗരെത് ബേലിന്റെ ടീമായ വെയ്ല്‍സ് കാഴ്ചവച്ചത്. ഒരു ഗോള്‍ നേടിയ ബേല്‍ കളിയിലുടനീളം മികച്ച പ്രകടനവും കാഴ്ചവച്ചു. 18ാം മിനിറ്റിലായിരുന്നു ബേലിന്റെ ഗോള്‍.
തോമസ് ലോറെന്‍സ് (ആറാം മിനിറ്റ്), ആരോണ്‍ റെംസി (37), കോണര്‍ റോബര്‍ട്ട്‌സ് (55) എന്നിവരാണ് വെയ്ല്‍സിന്റെ മറ്റു സ്‌കോറര്‍മാര്‍. അതേസമയം, ഉക്രെയ്‌നിനെതിരേ നാലാം മിനിറ്റില്‍ തന്നെ ലീഡ് നേടിയ ശേഷമാണ് രണ്ടു ഗോളുകള്‍ വഴങ്ങി ചെക്ക് തോല്‍വിയിലേക്കു വീണത്.

പോര്‍ച്ചുഗല്‍- ക്രൊയേഷ്യ ബലാബലം
നാഷന്‍സ് ലീഗ് പോരാട്ടങ്ങള്‍ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സൗഹൃദ മല്‍സരങ്ങളും കഴിഞ്ഞ ദിവസം അരങ്ങേറി. റഷ്യന്‍ ലോകകപ്പിലെ റണ്ണറപ്പായ ക്രൊയേഷ്യയും നിലവിലെ യൂറോ കപ്പ് വിജയികളായ പോര്‍ച്ചുഗലും തമ്മിലുള്ള മല്‍സരമായിരുന്നു ഇതില്‍ ഏറ്റവും ശ്രദ്ധേയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെ ഇറങ്ങിയ പോര്‍ച്ചുഗല്‍ ക്രൊയേഷ്യയെ 1-1ന് കുരുക്കി. ഇവാന്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ അക്കൗണ്ട് തുറന്നെങ്കിലും പെപ്പെ പറങ്കിപ്പടയുടെ ഗോള്‍ മടക്കി.
മറ്റു പ്രധാന മല്‍സരങ്ങളില്‍ ഹോളണ്ട് 2-1ന് പെറുവിനെയും ഓസ്‌ട്രേലിയ 2-0ന് സ്വീഡനെയും തോല്‍പ്പിച്ചു.
ഹൈലൈറ്റ്‌സ് കാണാം
ഫ്രാന്‍സും ജര്‍മനിയും തമ്മില്‍ മ്യൂണിക്കില്‍ നടന്ന മല്‍സരത്തിന്റെ ഹൈലൈറ്റ്‌സ് കാണാം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications