മോസ്കോ: 2014ലെ ലോകകപ്പ് ചാമ്പ്യന്മാരായ ജര്‍മനി റഷ്യ ലോകകപ്പില്‍ നിന്നും പുറത്ത്. ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ സൗത്ത് കൊറിയയോട് 2-0 എന്ന് സ്കോറിന് അടിപതറിയാണ് ജര്‍മനി പുറത്തായത്. മത്സരത്തിന്റെ അവസാന ഘട്ടത്തിലൊഴികെ ജര്‍മനിക്ക് കളിയില്‍ ആധിപത്യം സ്ഥാപിക്കാനായില്ല. ഇതോടെ, മെക്സിക്കോയെ തോല്‍പ്പിച്ച സ്വീഡന് ഗ്രൂപ്പ് എഫില്‍ ജേതാക്കളായി. മെക്സിക്കോയാണ് രണ്ടാം സ്ഥാനത്ത്.
ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ജര്‍മനി മെക്സിക്കോയോട് പരാജയപ്പെട്ടതാണ് അവര്‍ക്ക് തിരിച്ചടിയായത്. രണ്ടാം മത്സരത്തില്‍ സ്വീഡനെ പരാജയപ്പെടുത്തിയെങ്കിലും അവസാന മത്സരത്തില്‍ കൊറിയയ്ക്കെതിരെ ടീം പൂര്‍ണമായും പരാജയപ്പെട്ടു. ഇതോടെ ചാമ്പ്യന്മാരായി എത്തിയശേഷം ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുകയെന്ന ശാപം ജര്‍മനിയെയും പിടികൂടി.
ഫ്രാന്‍സ്, ഇറ്റലി, സ്പെയിന് എന്നീ രാജ്യങ്ങളാണ് സമീപകാല ലോകകപ്പുകളില്‍ കിരീടം നേടുകയും തൊട്ടടുത്ത ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവുകയും ചെയ്തത്. കഴിഞ്ഞ അഞ്ച് ലോകകപ്പുകളില്‍ നാലിലും നിലവിലെ ചാമ്പ്യന്മാര് ആദ്യ റൗണ്ടില്‍ പുറത്തായി.
1998ല്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് 2002ല്‍ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. 2006ല്‍ ലോകകപ്പ് നേടിയ ഇറ്റലി 2010ലെ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായി. ആദ്യ രണ്ട് മത്സരങ്ങളിലും സമനില വഴങ്ങി മൂന്നാം മത്സരത്തില്‍ ജയിച്ചെങ്കിലും ടീം പുറത്താവുകയായിരുന്നു. 2010ല്‍ കിരീടം നേടിയ സ്പെയിനിന്റെ അവസ്ഥയും സമാനരീതിയിലായിരുന്നു. 2014ല്‍ ആദ്യ മത്സരത്തില്‍ ഹോളണ്ടിനോടും പിന്നീട് ചിലിയോടും തോറ്റ അവര്‍ മൂന്നാം മത്സരത്തില്‍ ജയിച്ചിട്ടും പുറത്തേക്ക് പോവുകയായിരുന്നു. ജര്മനികൂടി പുറത്തായതാടെ തുടര്‍ച്ചയായ മൂന്ന് ലോകകപ്പുകളില്‍ ചാമ്പ്യന്മാര് ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്.