
ലണ്ടന്‍: യൂറോപ്പ ലീഗ് ജേതാക്കളും ഇംഗ്ലണ്ടിലെ ഗ്ലാമര്‍ ഫുട്‌ബോള്‍ ക്ലബ്ബുമായ ചെല്‍സിയുടെ പുതിയ പരിശീകനായി മുന്‍ ഇതിഹാസ മിഡ്ഫീല്‍ഡര്‍ ഫ്രാങ്ക് ലംപാര്‍ഡിനെ നിയമിച്ചു. ബ്ലൂസുമായി മൂന്നു വര്‍ഷത്തെ കരാറിലാണ് 41കാരന്‍ ഒപ്പുവച്ചത്. ചെല്‍സിയുടെ മുഖ്യ കോച്ചായി മടങ്ങിയെത്താന്‍ കഴിഞ്ഞതില്‍ അതിതായ അഭിമാനമുണ്ടെന്ന് ലംപാര്‍ഡ് പ്രതികരിച്ചു.
ഈ ക്ലബ്ബിനോടു തനിക്കുള്ള അടുപ്പവും പങ്കിട്ട ചരിത്രവുമെല്ലാം എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. പുതിയ സീസണിന് തയ്യാറെടുക്കുകയാണ് ഇപ്പോള്‍ മുന്നിലുള്ള ഏക ലക്ഷ്യം. കഠിനാധ്വാനം നടത്തി ഈ ക്ലബ്ബിനെ കൂടുതല്‍ നേട്ടങ്ങളിലേക്കു നയിക്കാനാണ് എത്തിയിരിക്കുന്നത്. എത്രയും പെട്ടെന്ന ജോലി തുടങ്ങണമെന്നാണ് ആഗ്രഹമെന്നും ലംപാര്‍ഡ് വിശദമാക്കി. ചെല്‍സിയെ യൂറോപ്പ ലീഗ് വിജയത്തിലേക്കു നയിച്ച ശേഷം പടിയിറങ്ങിയ മൗറിസിയോ സറിക്കു പകരമാണ് ലംപാര്‍ഡ് ചുമതലയേറ്റെടുത്തത്. ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിനൊപ്പം ചേരുന്നതിനു വേണ്ടിയാണ് സറി ചെല്‍സിയുടെ കോച്ച് സ്ഥാനമുപേക്ഷിച്ചത്.
13 വര്‍ഷം ചെല്‍സിയുടെ നീലക്കുപ്പായത്തില്‍ കസറിയ താരമാണ് ലംപാര്‍ഡ്. 648 മല്‍സരങ്ങളില്‍ നിന്നും 211 ഗോളുകളാണ് ബ്ലൂസിനായി അദ്ദേഹം അടിച്ചുകൂട്ടിയത്. റോണ്‍ ഹാരിസ്, പീറ്റര്‍ ബൊണെറ്റി, ജോണ്‍ ടെറി എന്നിവര്‍ മാത്രമേ ചെല്‍സിക്കായി ലംപാര്‍ഡിനേക്കാള്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ചിട്ടുള്ളൂ.
തുടര്‍ച്ചയായി അഞ്ചു പ്രീമിയര്‍ ലീഗ് സീസണുകളില്‍ 20ല്‍ കൂടുതല്‍ ഗോളുകളും താരം നേടിയിട്ടുണ്ട്. 2001 മുതല്‍ 05 വരെ തുടര്‍ച്ചയായി 154 മല്‍സരങ്ങളിലാണ് ലംപാര്‍ഡ് ചെല്‍സിയുടെ കുപ്പായമണിഞ്ഞത്. മൂന്ന് പ്രീമിയര്‍ ലീഗ് കിരീടം, നാല് എഫ്എ കപ്പ്, രണ്ട് ലീഗ് കപ്പ്, ഓരോ തവണ ചാംപ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് എന്നിവ സ്വന്തമാക്കിയ ശേഷം 2014ലാണ് ലംപാര്‍ഡ് ചെല്‍സി വിട്ടത്. കഴിഞ്ഞ സീസണില്‍ ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഡെര്‍ബി കൗണ്ടിയുടെ പരിശീലകനായിരുന്നു അദ്ദേഹം.