ലോകം കാത്തിരിക്കുന്നു ഇംഗ്ലണ്ടിലെ ബ്യൂട്ടിഫുള്‍ ക്ലാസിക് കാണാന്‍, ആരൊക്കെ തമ്മിലാണ് ആ ക്ലാസിക്? ചില ക്ലാസിക് വിശേഷങ്ങള്‍ അറിയാം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ ആഴ്ചയിലെ സൂപ്പര്‍ പോരാട്ടം ഞായറാഴ്ചയാണ്. പെപ് ഗോര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയും ആര്‍സെന്‍ വെംഗറുടെ ആഴ്‌സണലും മുഖാമുഖം വരുന്നതാണ് പ്രീമിയര്‍ ക്ലാസിക്. സൂപ്പര്‍ സണ്‍ഡേയില്‍ ടോട്ടനം ഹോസ്പര്‍ ബണ്‍ലിയെയും ബൗണ്‍മൗത്ത് സതംപ്ടണെയും നേരിടും.

ഗോര്‍ഡിയോള-വെംഗര്‍
ബ്യൂട്ടിഫുള്‍ ഗെയിം ആണ് രണ്ട് പരിശീലകരുടെയും മുദ്രവാക്യം. ഓര്‍മയില്ലേ പെപ് ഗോര്‍ഡിയോളയുടെ ബാഴ്‌സലോണയെ. ടിക്കി-ടാക്കയുമായി ലോകം കീഴടക്കിയ ടീമിനെ. എത്ര മനോഹരമായാണ് ഗോര്‍ഡിയോള ആ ടീമിനെ കളിപ്പിച്ചത്. ബയേണ്‍ മ്യൂണിക്കിലെത്തിയപ്പോള്‍ ശൈലി ചെറുതായൊന്ന് മാറ്റിപ്പിടിച്ചു. എങ്കിലും മനോഹാരിത പോയില്ല. സിറ്റിയെ ബയേണിനെ പോലെയാക്കാനാണ് ഗോര്‍ഡിയോളക്കിഷ്ടം. ഇംഗ്ലണ്ടിലെ സാഹചര്യത്തിന് അനുസരിച്ചുള്ള ഗെയിംപ്ലാനാണ് ഗോര്‍ഡിയോളയുടെ മനസില്‍.
ആര്‍സെന്‍ വെംഗറുടെ ആഴ്‌സണല്‍ കളിക്കുന്നത് അറ്റാക്കിംഗ് ഫുട്‌ബോളാണ്. യുവാക്കളുടെ ഇഷ്ടടീമായി ആഴ്‌സണല്‍ മാറുന്നത് യുവനിരയെ ഉപയോഗിച്ച് വെംഗര്‍ കാണിച്ചു തരുന്ന മനോഹരമായ അറ്റാക്കിംഗ് ഗെയിം കൊണ്ടാണ്.
ഞായറാഴ്ച ആരാകും മോര്‍ ബ്യൂട്ടിഫുള്‍ ? കാത്തിരിക്കാം...

നേര്‍ക്കു നേര്‍ ആരാണ് കേമന്‍ ?
ആഴ്‌സണല്‍ തന്നെ, സംശയം വേണ്ട. വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി അവസാനം കളിച്ച ആറ് കളികളിലും സിറ്റിക്ക് ആഴ്‌സണലിനെ തൊടാനായിട്ടില്ല. ആറിലും അപരാജിതരാണ് ഗണ്ണേഴ്‌സ്. ജയവും സമനിലയും മൂന്ന് വീതം. ആഴ്‌സണലിനെതിരെ സിറ്റിയുടെ അവസാന ജയം 2013 ഡിസംബറിലാണ്. അന്ന് ഹോം ഗ്രൗണ്ടില്‍ 6-3ന് തകര്‍പ്പന്‍ജയമാണ് സിറ്റി നേടിയത്.
പ്രീമിയര്‍ ലീഗില്‍ എന്നും ആവേശമാകും ഇവരുടെ പോരാട്ടം. കഴിഞ്ഞ ആറ് ലീഗ് മത്സരങ്ങളെടുത്തു നോക്കൂ. 24 ഗോളുകളാണ് വീണത്. ഓരോ കളിയിലും നാല് ഗോളുകള്‍ എന്ന ഗംഭീരന്‍ ആവറേജാണുള്ളത്.

ടേബിളില്‍ എന്താണ് സ്ഥിതി...?
പതിനാറ് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ 34 പോയിന്റുമായി വെംഗറുടെ പീരങ്കിപ്പട മൂന്നാം സ്ഥാനത്താണ്. ജയിച്ചാല്‍ മൂന്ന് പോയിന്റെടുത്ത് 37 പോയിന്റുമായി ചെല്‍സിക്ക് ഭീഷണിയായി കിരീടക്കുതിപ്പില്‍ സജീവ സാന്നിധ്യമാകാം. തോറ്റാല്‍ അത് വലിയ തിരിച്ചടിയാകും. കാരണം, കഴിഞ്ഞ സീസണുകളിലെല്ലാം ക്രിസ്മസ് സമയത്താണ് ആഴ്‌സണല്‍ പിന്നോടടിക്കാറ്. ആ ചരിത്രം ആവര്‍ത്തിക്കുമോ ?
തുടക്കത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന സിറ്റി പതിനാറ് റൗണ്ട് കഴിഞ്ഞപ്പോള്‍ 33 പോയിന്റുമായി നാലാം സ്ഥാനത്താണ്. ഹോംഗ്രൗണ്ടില്‍ തോറ്റാല്‍ സിറ്റി കിരീടപ്പോരില്‍ പിറകിലാകും. ജയിച്ചാല്‍ അത് പുത്തനുണര്‍വേകും.

ടീം ന്യൂസ് : അഗ്യുറോയില്ല റാംസിയും
പരുക്കേറ്റ മിഡ്ഫീല്‍ഡര്‍ ഇകെയ് ഗുന്‍ഡോഗന്‍ കളിക്കില്ല. സസ്‌പെന്‍ഷന്‍ കാരണം സെര്‍ജിയോ അഗ്യുറോയും ഫെര്‍നാണ്ടീഞ്ഞോയും പുറത്താണ്. ആഴ്‌സണല്‍ നിരയില്‍ ആരോണ്‍ റാംസി, ഷോദ്രാന്‍ മുസ്താഫി, പെര്‍ മെര്‍റ്റെസാക്കര്‍, സാന്റികസോള എന്നിവരും ഇല്ല.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ തിരിച്ചുവരവ്...
ഹോംഗ്രൗണ്ടില്‍ ഒരു രക്ഷയുമില്ലാത്ത അവസ്ഥയായിരുന്നു സിറ്റിക്ക്. തുടരെ അഞ്ച് ഹോം മാച്ചുകളില്‍ ജയമില്ല. മൂന്ന് സമനില, ഒരു തോല്‍വി. ഒടുവില്‍ ആ ദുരിതക്കയത്തില്‍ നിന്ന് രക്ഷപ്പെട്ടത് ബുധനാഴ്ച വാട്‌ഫോഡിനെ 2-0ന് തോല്‍പ്പിച്ചു കൊണ്ടാണ്. 2009-10 സീസണിന് ശേഷം സിറ്റി ക്രിസ്മസ് ദിനത്തില്‍ മൂന്നാം സ്ഥാനത്തിലും താഴെ പോയിട്ടില്ല. ഇത്തവണ എന്താകും ?
സിറ്റിയുടെ മുന്നേറ്റക്കാരന്‍ കെവിന്‍ ഡി ബ്രുയിന്‍ സീസണില്‍ നടത്തിയ എട്ട് അസിസ്റ്റുകള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. പക്ഷേ, കഴിഞ്ഞ പത്ത് ലീഗ് മത്സരത്തിലും ബ്രൂയിന് ഗോള്‍ നേടാനായിട്ടില്ല.

ആഴ്‌സണല്‍ ഇടഞ്ഞ കൊമ്പനാണ്...
സീസണില്‍ ആദ്യ ലീഗ് തോല്‍വി ആഴ്‌സണല്‍ വഴങ്ങിയത് ചൊവ്വാഴ്ച എവര്‍ട്ടനെതിരെ ആയിരുന്നു. എവേ മാച്ചിലായിരുന്നു ഇത്. സിറ്റിക്കെതിരെ ഞായറാഴ്ച എവേ മാച്ചാണ്. തുടരെ രണ്ട് എവേ മാച്ചുകള്‍ ഗണ്ണേഴ്‌സ് തോറ്റത് 2014 ഏപ്രിലിലാണ്. 6-0ന് ചെല്‍സിയോടും 3-0ന് എവര്‍ട്ടനോടും.
തോറ്റ് നില്‍ക്കുന്ന പീരങ്കിപ്പടയെ സൂക്ഷിക്കണം. സാഞ്ചസും ജിറൂദും ഉള്‍പ്പെടുന്ന ആക്രമണ നിര സിറ്റിയെ കശക്കിയെറിയാന്‍ പ്രാപ്തമാണ്.

സിറ്റി ഭയക്കുന്ന ആഴ്‌സണല്‍ പ്ലെയര്‍ ?
ആഴ്‌സണല്‍ നിരയില്‍ ഏറ്റവും ഭയക്കേണ്ടത് ചിലിയുടെ അലക്‌സിസ് സാഞ്ചസിനെയാണ്. പിന്നെ മെസുറ്റ് ഒസിലിനെ. സീസണില്‍ പതിനേഴ് ഗോളുകളില്‍ ഭാഗഭാക്കായിട്ടുണ് സാഞ്ചസ്. പന്ത്രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ അഞ്ച് അസിസ്റ്റുകള്‍. ഒസില്‍ ഫോമിലായാല്‍ പിന്നെ ആഴ്‌സണല്‍ ഇരച്ചു കയറും.
പക്ഷേ, മാഞ്ചസ്റ്റര്‍ സിറ്റി ഭയക്കുന്നത് ഇവരെയൊന്നുമല്ല. ഫ്രാന്‍സിന്റെ ഒലിവര്‍ ജിറൂദാണ് സിറ്റിക്കാരുടെ നോട്ടപ്പുള്ളി. തങ്ങള്‍ക്കെതിരെ കഴിഞ്ഞ നാല് മത്സരത്തിലും ഗോളടിച്ച മറ്റൊരു ആഴ്‌സണല്‍ താരമില്ലെന്ന് അവര്‍ക്കറിയാം. ജിറൂദിന്റെ ഗോള്‍ഡന്‍ ഹെഡര്‍ ഗോളുകള്‍ സിറ്റി കോച്ച് പെപ് ഗോര്‍ഡിയോളയുടെ ഉറക്കം കെടുത്തുന്നുണ്ടാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications