മിലാന്‍: സ്വന്തം നാട്ടില്‍ നിന്നുള്ള അത്‌ലറ്റിക്കോയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-3ന് കീഴടക്കി റയല്‍ മാഡ്രിഡ് 11ാം തവണയും യൂറോപ്യന്‍ ചാംപ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടു. ആവേശം നിറഞ്ഞ മത്സരത്തിന്റെ നിശ്ചിത സമയത്തും അധിക സമയത്തും വിജയ ഗോള്‍ നേടാന്‍ ഇരുടീമുകള്‍ക്കും സാധിക്കാത്തതിനെ തുടര്‍ന്ന് പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

ഫ്രാന്‍സിന്റെ മുന്‍ സൂപ്പര്‍ താരം സിനദിന്‍ സിദാന്റെ പരിശീലനത്തിനു കീഴില്‍ കളിയ്ക്കാനിറങ്ങിയ റയല്‍ 38ാം മിനിറ്റില്‍ സെര്‍ജിയോ റോമസിലൂടെ ലക്ഷ്യം കണ്ടു. എന്നാല്‍ 79ാം മിനിറ്റില്‍ അത്‌ലറ്റിക്കോ ആ ഗോള്‍ മടക്കി. അഗസ്റ്റോ ഫെര്‍ണാണ്ടസിനു പകരക്കാരനായി ഇറങ്ങിയ ബെല്‍ജിയം താരം യാനിക് കരാസ്‌കോ ആയിരുന്നു നിര്‍ണായക ഗോള്‍ നേടിയത്.

ഷൂട്ടൗട്ടില്‍ അത്‌ലറ്റിക്കോ മാഡ്രിന്റെ നാലം ഷോട്ടാണ് കളിയില്‍ വഴിത്തിരിവായത്. ജുവാന്‍ ഫ്രാന്‍ എടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. ഇതോടെ മാഡ്രിഡിനു വേണ്ടി അഞ്ചാം ഷോട്ട് എടുക്കാന്‍ പോകുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലേക്കായി മുഴുവന്‍ ശ്രദ്ധയും. സൂപ്പര്‍ താരത്തിന് ലക്ഷ്യം പിഴച്ചില്ല. സ്‌കോര്‍: 5-3