Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Finalissima 2022: ഇറ്റലിയെ മുക്കി അര്‍ജന്റീന, വിജയം 3-0ന്

argentina

ലണ്ടന്‍: ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കിയ വമ്പന്‍ പോരാട്ടത്തില്‍ അര്‍ജന്റീനയ്ക്കു കിരീടം. കോപ്പ അമേരിക്ക ജേതാക്കളായ അര്‍ജന്റീനയും യൂറോ കപ്പ് വിജയികളായ ഇറ്റലിയും തമ്മിലുള്ള പോരാട്ടത്തില്‍ അര്‍ജന്റീന നിറഞ്ഞാടുകയായിരുന്നു. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ ആഞ്ഞടിച്ച ലാറ്റിമേരിക്കന്‍ കൊടുങ്കാറ്റില്‍ ഇറ്റലി തരിപ്പണമാവുകയായിരുന്നു. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ലയണല്‍ മെസ്സിയുടെയും സംഘത്തിന്റെയും വിജയം. ലൊറ്റാറോ മാര്‍ട്ടിനസ് (28ാം മിനിറ്റ്), എയ്ഞ്ചല്‍ ഡിമരിയ (45), പൗലോ ഡിബാല (90) എന്നിവരാണ് അര്‍ജന്റീ്‌നയുടെ സ്‌കോറര്‍മാര്‍. ഇതോടെ കോപ്പയ്ക്കു പിന്നാലെ വീണ്ടുമൊരു അന്താരാഷ്ട്ര കിരീടം കൂടി ദേശീയ ടീമിനൊപ്പം മെസ്സി സ്വന്തമാക്കുകയും ചെയ്തിരിക്കുകയാണ്.

2020ല്‍ ഇതേ വേദിയില്‍ വച്ചായിരുന്നു ആതിഥേരയായ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇറ്റലി യൂറോപ്യന്‍ കിരീടം ചൂടിയത്. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ വേദിയിലേക്കുള്ള മടങ്ങിവരവ് അവര്‍ക്കു കയ്‌പേറിയതായ മാറുകയും ചെയ്തു. അര്‍ജന്റീയുടെ ആധിപത്യമാണ് കളിയുടെ തുടക്കം മുതല്‍ കാണാനായത്. പന്തടക്കത്തിലും ആക്രമണങ്ങളിലുമെല്ലാം അവര്‍ അസൂറികളേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുയും ചെയ്തു.

argentina 2

വെംബ്ലി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ 87,000ത്തിനു മുകളില്‍ കാണികളെ സാക്ഷി നിര്‍ത്തിയായിരുന്നു ഇറ്റലിക്കു മേല്‍ അര്‍ജന്റീന അഴിഞ്ഞാടിയത്. ഈ വര്‍ഷം ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പിനു തങ്ങള്‍ സജ്ജരായി കഴിഞ്ഞുവെന്ന മുന്നറിയിപ്പ് കൂടിയാണ് ലയണല്‍ സ്‌കലോനിയുടെ അര്‍ജന്റൈന്‍ ടീം എതിരാളികള്‍ക്കു നല്‍കിയിരിക്കുന്നത്.

ഗോള്‍ നേടാനായില്ലെങ്കിലും മിന്നുന്ന പ്രകടനമായിരുന്നു മെസ്സി അര്‍ജന്റീനയ്ക്കായി കാഴ്ചവച്ചത്. അദ്ദേഹത്തിന്റെ കാലുകളിലേക്കു പന്ത് വന്നപ്പോഴെല്ലാം ഇറ്റലിക്കു അതു ഭീഷണിയായി. പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞൈടുക്കപ്പെട്ടതും മെസ്സിയായിരുന്നു. മുഴുവനായി അര്‍ജന്റീനക്കാര്‍ നിറഞ്ഞ മനോഹരമായ ഫൈനലായിരുന്നു ഇതെന്നു മല്‍സരശേഷം മെസ്സി പ്രതികരിച്ചു. ഞങ്ങള്‍ക്കു ഇവിടെയുണ്ടായ അനുഭവം വളരെ മനോഹരമായിരുന്നു. ഈ മല്‍സരം വളരെയധികം ആകര്‍ഷകമാവുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ഞങ്ങള്‍ക്കു ആരുമായും മല്‍സരിക്കാന്‍ സാധിക്കും. ഇന്നത്തേത് നല്ലൊരു ടെസ്റ്റ് തന്നെയായിരുന്നു, കാരണം ഇറ്റലി വളരെ മികച്ച ടീമായിരുന്നുവെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.

മികച്ച ഒത്തിണക്കത്തോടെ കളിച്ച അര്‍ജന്റീന 28ാം മിനിറ്റില്‍ അര്‍ഹിച്ച ലീഡ് തന്നെയാണ് സ്വന്തമാക്കിയത്. മെസ്സിയായിരുന്നു ഈ ഗോളിനു ചരടുവലിച്ചത്. അതിനു മാര്‍ട്ടിനസിന്റെ ഫൈനല്‍ ടച്ച് കൂടി വന്നതോടെ പിറന്നത് മനോഹരമായ ഒരു ഗോള്‍. ബോക്‌സിലേക്കു ഇടതു വിങിലൂടെ പന്ത് കാലില്‍ കുരുക്കി ഓടിക്കയറിയ മെസ്സി അതു ബോക്‌സിനു കുറുകെ ക്രോസ് ചെയ്തപ്പോള്‍ കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു മാര്‍ട്ടിനസ് അതു വലയിലേക്കു വഴി തിരിച്ചുവിട്ടത്. എന്താണ് സംഭവിച്ചതെന്നു പോലും ഇറ്റലിക്കാര്‍ക്കു മനസ്സിലായില്ല.

lonel messi

ഒന്നാം പകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പ് തന്നെ ഇതാ വരുന്നു രണ്ടാമത്തെ ഗോള്‍. ഇത്തവണ ഡിമരിയയുടെ ബൂട്ടില്‍ നിന്നായിരുന്നു ഇറ്റലിയെ സ്തബ്ധരാക്കിയ ഗോളിന്റെ വരവ്. ഇറ്റാലിയന്‍ കോട്ട തകര്‍ത്ത് അകത്തേക്കു കയറിയ അദ്ദേഹം ഗോളി ഡൊണാറുമയുടെ തലയ്ക്കു മുകളിലൂടെ പന്ത് അകത്തേക്കു ചിപ്പ് ചെയ്തിട്ടു. രണ്ടാം പകുതിയിലും അര്‍ജന്റീന ഷോയാണ് വെംബ്ലിയില്‍ കണ്ടത്. നിരവധി ഗോളവസരങ്ങളാണ് രണ്ടാംപകുതിയില്‍ അവര്‍ സൃഷ്ടിച്ചെടുത്തത്. ഗോള്‍കീപ്പര്‍ ഡൊണാറുമയുടെ ചില കണ്ണഞ്ചിക്കുന്ന സേവുകള്‍ ഇല്ലായിരുന്നുവെങ്കില്‍ അര്‍ജന്റീന ഏറ്റവും കുറഞ്ഞത് 5-0നെങ്കിലും ജയിക്കുമായിരുന്നു.

മല്‍സരം 2-0നു അവസാനിക്കുമെന്നിരിക്കെയായിരുന്നു അര്‍ജന്റീനയുടെ ആധിപത്യം അരക്കിട്ടുറപ്പിച്ച് പകരക്കാരനായി ഇറങ്ങിയ ഡിബാല ഇഞ്ചുറിടൈമില്‍ ഗോള്‍പട്ടികയിലേക്കു ഒന്നു കൂടി കൂട്ടിച്ചേര്‍ത്തത്. ബോക്‌സിനികത്തു നിന്നും ഡിബാല തൊടുത്ത ഇടംകാല്‍ ഗ്രൗണ്ട് ഷോട്ട് ഡൈവ് ചെയ്ത ഡൊണാറുമയ്ക്കു പിടികൊടുക്കാതെ വലയിലേക്കു ഉരുണ്ടുകയറിയപ്പോള്‍ അര്‍ജന്റീനയുടെ വിജയത്തിന് തിളക്കം കൂടുകയും ചെയ്തു.

Story first published: Thursday, June 2, 2022, 7:52 [IST]
Other articles published on Jun 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+