Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊച്ചിയിലെ 'കലാശക്കളിയിൽ' സ്പാനിഷ് പടയോട്ടം! തലയുയർത്തി ഇറാൻ മടങ്ങി...

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ 'കലാശക്കളിയിൽ' സ്പെയിനിന് വിജയം. കൊച്ചിയിലെ ജയത്തോടെ സ്പെയിൻ അണ്ടർ 17 ലോകകപ്പ് സെമിയിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ ഇറാനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സ്പെയിൻ സെമി ടിക്കറ്റ് സ്വന്തമാക്കിയത്.

അണ്ടർ 17 ലോകകപ്പിൽ കിരീട സാദ്ധ്യത കൽപ്പിച്ചിരുന്ന ടീമായിരുന്നു ഇറാൻ. തുടക്കത്തിൽ വലിയ പ്രതീക്ഷയില്ലായിരുന്നുവെങ്കിലും ഗ്രൂപ്പ് ഘട്ടം കഴിഞ്ഞതോടെ ഇറാനെ എഴുതിതള്ളാനാകില്ലെന്ന് ആരാധകർ വിലയിരുത്തി. പ്രീക്വാർട്ടറിൽ കരുത്തരായ ജർമ്മനിയെ 4-0ന് പരാജയപ്പെടുത്തിയാണ് ഇറാൻ ക്വാർട്ടറിൽ കടന്നത്.

spainpti

കൊച്ചിയിലെ ആദ്യ മത്സരത്തിൽ ബ്രസീലിനോട് തോറ്റെങ്കിലും പിന്നീടുള്ള കളികളിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചാണ് സ്പെയിൻ ക്വാർട്ടറിലെത്തിയത്. പ്രീക്വാർട്ടറിൽ അവസാന മിനിറ്റിൽ നേടിയ ഗോളിലായിരുന്നു സ്പെയിനിന്റെ വിജയം.

ഫിഫ അണ്ടർ 17 ലോകകപ്പിൽ കൊച്ചി വേദിയാകുന്ന അവസാന മത്സരമായിരുന്നു സ്പെയിൻ-ഇറാൻ പോരാട്ടം. കളിയുടെ തുടക്കത്തിൽ തന്നെ വ്യക്തമായ മുന്നേറ്റങ്ങൾ നടത്തി സ്പെയിൻ മത്സരത്തിൽ ആധിപത്യം നേടി. 12-ാം മിനിറ്റിലാണ് ആബേൽ റൂയിസ് ഇറാൻ വല കുലുക്കിയത്. ബോക്സിന്റെ മദ്ധ്യഭാഗത്ത് നിന്നും ആബേൽ പായിച്ച പന്ത് ഇറാൻ വലയുടെ ഇടതുമൂലയിൽ. സ്പെയിൻ ഒരു ഗോളിന് മുന്നിൽ. ആദ്യപകുതിയിൽ സ്പെയിൻ വീണ്ടും ചില മുന്നേറ്റങ്ങൾ നടത്തി. എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് മാത്രമാണ് ഇറാൻ സ്പാനിഷ് പ്രതിരോധത്തെ പരീക്ഷിച്ചത്. പക്ഷേ, ഒന്നും ഗോളാക്കി മാറ്റാൻ ഇറാൻ താരങ്ങൾക്കായില്ല.

രണ്ടാം പകുതിയിൽ ഇറാന്റെ തുടരെയുള്ള ആക്രമണങ്ങൾക്കാണ് കലൂർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇറാൻ നിരന്തരം സ്പെയിൻ പോസ്റ്റിലേക്ക് പാഞ്ഞടുത്തു. പക്ഷേ, ഭാഗ്യം സ്പെയിനിനൊപ്പമായിരുന്നു. 59-ാം മിനിറ്റിൽ സെർജിയോ ഗോമസാണ് സ്പെയിന് വേണ്ടി രണ്ടാം ഗോൾ നേടിയത്. തുടർന്ന് 66-ാം മിനിറ്റിൽ ഫെറാൻ ടോറസും സ്പെയിനിന് വേണ്ടി സ്കോർ ചെയ്തു. 69-ാം മിനിറ്റിലാണ് ഇറാൻ ആശ്വാസ ഗോൾ നേടിയത്. സയീദ് കരീമിയുടെ ക്ലോസ് റേഞ്ചർ ഷോട്ട് സ്പാനിഷ് ഗോളിയെ കാഴ്ചക്കാരനാക്കി വലയിൽ കയറി. അവസാന നിമിഷം വരെ ഇറാൻ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ വിജയം സ്പാനിഷ് പടയ്ക്കൊപ്പമായിരുന്നു. തലയുയർത്തി ഇറാൻ ലോകകപ്പിൽ നിന്ന് പുറത്തേക്കും.

Story first published: Sunday, October 22, 2017, 18:46 [IST]
Other articles published on Oct 22, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+