FIFA World Cup 2022: ഒരു മിനിറ്റ്, കണ്ണടച്ചു തുറക്കുമ്പോഴേക്കും രണ്ടടി! ഇംഗ്ലണ്ടിനെ പേടിക്കണം
ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ബിയിലെയും പ്രീക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളുടെ കാര്യത്തില്‍ ഒടുവില്‍ അവസാന റൗണ്ടില്‍ തീരുമാനമായി. ആദ്യ രണ്ട് റൗണ്ട് കഴിഞ്ഞപ്പോള്‍ ആരും തന്നെ നോക്കൗട്ട് റൗണ്ടിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നില്ല. അവസാന റൗണ്ടില്‍ വെയ്ല്‍സിനെ 3-0നു തുരത്തി കിരീട ഫേവറിറ്റുകളിലൊന്നായ ഇംഗ്ലണ്ടും, ഗ്രൂപ്പുഘട്ടത്തില്‍ മനോഹരമായ ഫുട്‌ബോള്‍ കാഴ്ചവച്ച അമേരിക്കയുമാണ് പ്രീക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്. അമേരിക്ക 1-0നു ഇറാനെ മറികടക്കുകയായിരുന്നു.
ഇരട്ടഗോളുകള്‍ നേടിയ മാര്‍സ് റഷ്‌ഫോര്‍ഡാണ് വെയ്ല്‍സിനെതിരേ ഇംഗ്ലീഷ് ഹീറോ. 50, 68 മിനിറ്റുകളിലായിരുന്നു ഇത്. മറ്റൊരു ഗോള്‍ 51ാം മിനിറ്റില്‍ ഫില്‍ ഫോഡന്റെ വകയായിരുന്നു. ഒരു മിനിറ്റിനിടെ കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു രണ്ടു തവണ വെയ്ല്‍സിന്റെ വലയില്‍ പന്തെത്തിച്ച് ഇംഗ്ലണ്ട് കളി വരുതിയിലാക്കിയത്. പിന്നീടെല്ലാം ചടങ്ങ് മാത്രമായിരുന്നു. ജയത്തോടെ ഏഴു പോയിന്റുമായി ഇംഗ്ലണ്ട് ഗ്രൂപ്പ് ജേതാക്കളായപ്പോള്‍ അഞ്ചു പോയിന്റ് നേടിയ അമേരിക്ക റണ്ണറപ്പുകളാവുകയും ചെയ്തു.

പോയിന്റ് ബ്ലാങ്ക് സേവ്
ഇംഗ്ലണ്ടായിരുന്നു തുടക്കം മുതല്‍ കളിയിലെ മികച്ച ടീം. പന്ത് കൈവശം വച്ച് കളിച്ച അവര്‍ വിങുകളിലൂടെ മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. 10ാം മിനിറ്റില്‍ തന്നെ റഷ്‌ഫോര്‍ഡിന് അക്കൗണ്ട് തുറക്കാനുള്ള സുവര്‍ണാവസരം. പക്ഷെ വെയ്ല്‍സ് ഗോളി വാര്‍ഡിന്റെ പോയിന്റ് ബ്ലാങ്ക് സേവ് ഇംഗ്ലണ്ടിനു ഗോള്‍ നിഷേധിക്കുകയായിരുന്നു.
നായകന്‍ ഹാരി കെയ്‌നിന്റെ മനോഹരമായ ഒരു ത്രൂബോള്‍ പിടിച്ചെടുത്ത റഷ്‌ഫോര്‍ഡ് ബോക്‌സിനകത്തേക്കു ഓടിക്കയറിയ ശേഷം താഴ്ന്ന ഷോട്ടിനു ശ്രമിക്കുമ്പോള്‍ മുന്നില്‍ ഗോളി മാത്രം. പക്ഷെ റഷ്‌ഫോര്‍ഡിന്റെ ഷോട്ട് അഡ്വാന്‍സ് ചെയ്തുവന്ന ഗോളി പോയിന്റ് ബ്ലാങ്കില്‍ നിന്നും സാഹസികമായി ബ്ലോക്ക് ചെയ്യുകയായിരുന്നു.

കളംവാണ് ഇംഗ്ലണ്ട്
കെയ്‌നിന്റെ ഇംഗ്ലീഷ് പട തുടര്‍ന്നും കളം അടക്കിവാണു. മറുഭാഗത്ത് സൂപ്പര്‍ താരം ഗരെത് ബേലും ടീമംഗങ്ങളും പലപ്പോഴും ബോള്‍ പോലും കിട്ടാതെ നിസ്സഹായരായി. ആദ്യത്തെ 20 മിനിറ്റിലെ കണക്കുകളെടുത്താല്‍ 70 ശതമാനത്തിലും മുകളില്‍ ബോള്‍ കൈവശം വച്ചത് ഇംഗ്ലണ്ടായിരുന്നു. പന്തിനു മേല്‍ ഇംഗ്ലണ്ടിനു എത്ര മാത്രം ആധിപത്യമുണ്ടായിരുന്നുവെന്നു ഈ കണക്കുകള്‍ തന്നെ അടിവരയിടുന്നു.

അവസരം തുലച്ച് ഇംഗ്ലണ്ട്
38ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ അക്കൗണ്ട് തുറക്കാനുള്ള സുവര്‍ണാവസരം ബോക്‌സിനകത്തു വച്ച് ഫില്‍ ഫോഡെന്‍ പുറത്തേക്കടിച്ചു പാഴാക്കി. ബെല്ലിങ്ഹാമും ഹെന്‍ഡേഴ്‌സനും ചില ഫ്‌ളിക്ക് പാസുകള്‍ക്കൊടുവില്‍ വലതു വിങിലൂടെ വെയ്‌സ് ബോക്‌സിനുള്ളിലേക്കു കയറി. ബെല്ലിങ്ഹാം ഫോഡന് ബോള്‍ മറിച്ചുനല്‍കി. പന്തെടുത്ത് ഒന്നു കറങ്ങിത്തിരിഞ്ഞ ഫോഡന്‍ ഇടംകാല്‍ ഷോട്ടാണ് ഗോളിലേക്കു തൊടുത്തത്. പക്ഷെ അതു വെയ്ല്‍സ് ഗോളിക്കു ഭീഷണിയുയര്‍ത്താതെ ക്രോസ് ബാറിനു മുകളിലൂടെ പറന്നു.

ആദ്യപകുതി ഗോള്‍രഹിതം
ആദ്യപകുതിയിലെ ഏറ്റവും മികച്ച ഗോവസരങ്ങളിലൊന്നും ഇതായിരുന്നു.ആദ്യപകുതി ഗോള്‍രഹിതമായി തന്നെ പിരിഞ്ഞു. ഇംഗ്ലണ്ടിനു വ്യക്തമായ മേല്‍ക്കൈ ആദ്യപകുതിയിലുണ്ടായിരുന്നെങ്കിലും കൂടുതല്‍ ഗോള്‍ ശ്രമങ്ങള്‍ നടത്താനോ കളിയില്‍ മുന്നിലെത്താനോ അവര്‍ക്കായില്ല.

ഇരട്ടഗോള്‍
രണ്ടാം പകുതിയിലും ആധിപത്യം തുടര്‍ന്ന ഇംഗ്ലണ്ട് വളരെ പെട്ടെന്നാണ് കളിയില്‍ 2-0ന്റെ ലീഡ് സ്വന്തമാക്കിയത്. 50ാം മിനിറ്റില്‍ റഷ്‌ഫോര്‍ഡാണ് ടീമിന്റെ അക്കൗണ്ട് തുറന്നത്. സെറ്റ് പീസ് ഗോള്‍ സ്‌പെഷ്യലിസ്റ്റുകളായ അവര്‍ തകര്‍പ്പനൊരു ഫ്രീകിക്കില്‍ നിന്നാണ് മുന്നിലെത്തിയത്. 20 വാര അകലെ നിന്നുള്ള റഷ്‌ഫോര്‍ഡിന്റെ ഫ്രികിക്ക് ഗോളിക്ക് പ്രതികരിക്കാന്‍ പോലും അവസരം ലഭിക്കുംമുമ്പ് വലയില്‍ തുളഞ്ഞുകയറി.

വിജയമുറപ്പാക്കി ഇംഗ്ലണ്ട്
അടുത്ത മിനിറ്റില്‍ തന്നെ ഇംഗ്ലണ്ട് സ്‌കോര്‍ 2-0 ആക്കി. വലതു വിങില്‍ നിന്നും കെയ്ന്‍ നല്‍കിയ താഴ്ന്ന ക്രോസ് സെക്കന്റ് പോസ്റ്റിനരികിലൂടെ ഓടിക്കയറിയ ഫോഡന്‍ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിച്ചു. 68ാം മിനിറ്റില്‍ റഷ്‌ഫോര്‍ഡ് സ്‌കോര്‍ 3-0ലെത്തിച്ചു. ഫിലിപ്പ്‌സ് നല്‍കിയ ലോങ്‌ബോളുമായി വലതു വിങിലൂടെ ബോക്‌സിലേക്കു കയറിയ റഷ്‌ഫോര്‍ഡ് കിടിലനൊരു ഇടംകാല്‍ ഗ്രൗണ്ടറിലൂടെ വലകുലുക്കി. വെയ്ല്‍സ് ഗോളിയുടെ കാലുകള്‍ക്കിടയിലൂടെയാണ് ബോള്‍ വലയ്ക്കുളളിലെത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications