പാതി തളര്‍ന്ന ബ്രസീലിനെ ജര്‍മനി വീഴ്ത്തുമോ?
ബെലോ ഹൊറിസോണ്ടോ: നട്ടെല്ലിന് പരിക്കേറ്റ നെയ്മറില്ല, വിലക്ക് മൂലം സില്‍വയില്ല.. ആദ്യ സെമി ഫൈനലില്‍ ജര്‍മനിക്കെതിരെ ഇറങ്ങുന്ന ബ്രസീല്‍ കളിക്ക് മുമ്പേ പാതി തളര്‍ന്ന അവസ്ഥയിലാണ്. മെക്‌സിക്കോയും ചിലിയും വെല്ലുവിളി ഉയര്‍ത്തിയ ബ്രസീല്‍ നിരയ്ക്ക് നെയ്മറും സില്‍വയും ഇല്ലാതെ ജര്‍മനിയോട് പിടിച്ചുനില്‍ക്കാന്‍ കോപ്പുണ്ടോ എന്ന് കണ്ട് തന്നെ അറിയണം.
ടൂര്‍ണമെന്റില്‍ ഇതുവരെ ശരിക്കുള്ള യൂറോപ്യന്‍ ടീമുകളോട് കളിച്ച് പരിചയമില്ലാത്തതും ബ്രസീലിന് തലവേദനയാകും. ഉദ്ഘാടനമത്സരത്തില്‍ കളിച്ച ക്രൊയേഷ്യ മാത്രമാണ് ഈ ലോകകപ്പില്‍ ബ്രസീലിന് എതിരെ വന്ന യൂറോപ്യന്‍ ടീം. വിറച്ചുവിറച്ചാണ് അന്ന് ബ്രസീല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ചു രക്ഷപ്പെട്ടത്. ആ കളി കളിച്ചാല്‍ ജര്‍മനിക്കെതിരെ ആതിഥേയര്‍ നിലം തൊടില്ല എന്നത് മൂന്നരത്തരം. ഇന്ത്യന്‍ സമയം രാത്രി 1.30 നാണ് കളി.

നെയ്മര്‍ മിസ് യൂ
നാല് ഗോളുകളോടെ ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷകളെ മുന്നില്‍ നിന്ന് നയിച്ച നെയ്മറിനെയാണ് ആതിഥേയര്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുക. നട്ടെല്ലിന് പൊട്ടലേറ്റ ബ്രസീലിന് ഈ ലോകകപ്പില്‍ ഇനി കളിക്കാനാകില്ല. ടീം ഫൈനലിലെത്തിയാല്‍ മറക്കാനയില്‍ കളി കാണാന്‍ വരുമെന്ന് നെയ്മര്‍ പറഞ്ഞിട്ടുണ്ട്.

തിയഗോ സില്‍വയും ഇല്ല
കൊളംബിയയ്‌ക്കെതിരെ രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടിയ സില്‍വയും കളത്തിന് പുറത്താണ്. സില്‍വയുടെ വിലക്ക് നീക്കാന്‍ ബ്രസീല്‍ ഫിഫയെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല. ബ്രസീലിന് പുതിയ ക്യാപ്റ്റനെയും സെമി ഫൈനലിന് വേണ്ടി ബ്രസീലിന് കണ്ടുപിടിക്കേണ്ടിവരും.

ജര്‍മനി മുതലാക്കും
നെയ്മറിന്റെയും സില്‍വയുടെയും അഭാവം ജര്‍മനി മുതലാക്കും എന്നുറപ്പ്. ആദ്യഗോളെങ്ങാന്‍ ജര്‍മനി അടിച്ചാല്‍ ഒപ്പമെത്താന്‍ നെയ്മറില്ലാത്ത ബ്രസീല്‍ ഏറെ പാടുപെടും. ജര്‍മന്‍ പ്രതിരോധത്തെ ബ്രസീല്‍ എങ്ങനെ വെല്ലുവിളിക്കും എന്നും കണ്ടറിയണം.

മുള്ളര്‍ മുള്ളര്‍
നാലു ഗോളുകളോടെ ടോപ് സ്‌കോററാകാനുള്ള മത്സരത്തില്‍ സജീവമാണ് തോമസ് മുള്ളര്‍. ലോകകപ്പിലെ ഏക ഹാട്രികിന് ഉടമയാണ് മുള്ളര്‍.

കട്ടയ്ക്ക് കട്ട
ഏത് ടീം ശക്തര്‍ എന്ന് പ്രവചിക്കാനൊന്നും ആര്‍ക്കും പറ്റില്ല. രണ്ട് തരം കളി ശൈലിയും രണ്ട് തരം തന്ത്രങ്ങളുമാണ്. ഒന്ന് ലാറ്റിനമേരിക്കന്‍ കരുത്തര്‍ ഒന്ന് യൂറോപ്പിലെ വന്‍ ശക്തികള്‍. എന്തായാലും കളി കണ്ടാല്‍ അത് നഷ്ടമാകില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications