Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World cup qualifier: ഛേത്രി ഡബിളില്‍ ഇന്ത്യക്കു ആദ്യ ജയം, ബംഗ്ലാദേശിനെ തകര്‍ത്തുവിട്ടു

ദോഹ: ഫിഫയുടെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഒടുവില്‍ വിജയം ഇന്ത്യയെ തേടിയെത്തി. ഏഷ്യന്‍ മേഖലാ യോഗ്യതയുടെ രണ്ടാം റൗണ്ടില്‍ (ഗ്രൂപ്പ് ഇ) അയല്‍ക്കാരായ ബംഗ്ലാദേശിനെയാണ് ഇന്ത്യ മറികടന്നത്. ഈ റൗണ്ടില്‍ ഇന്ത്യയുടെ കന്നി വിജയം കൂടിയാണിത്. നേരത്തേ കളിച്ച ആറു മല്‍സരങ്ങളില്‍ മൂന്നു വീതം സമനിലയും തോല്‍വിയുമായിരുന്നു ഇന്ത്യയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. തൊട്ടുമുമ്പത്തെ കളിയില്‍ ഖത്തറിനോടു 0-1നു പരാജയപ്പെട്ട ശേഷം ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നു.

1

ബംഗ്ലാദേശിനെതിരേ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ വിജയം. ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രിയുടെ വകയായിരുന്നു ഇന്ത്യയുടെ രണ്ടു ഗോളുകളും. 79, 90+2 മിനിറ്റുകളിലായിരുന്നു അദ്ദേഹം ഇന്ത്യക്കു വേണ്ടി വല ചലിപ്പിച്ചത്. 79ാം മിനിറ്റില്‍ മലയാളി താരം ആഷിഖ് കുരുണിയന്റെ ക്രോസ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ചാണ് ഛേത്രി ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. ഇഞ്ചുറിടൈമില്‍ സുരേഷ് സിങിന്റെ പാസില്‍ നിന്നും അദ്ദേഹം ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഇന്ത്യന്‍ കുപ്പായത്തില്‍ ഛേത്രിയുടെ 74ാാമത്തെ ഗോളായിരുന്നു ഇത്.

ബംഗ്ലാദേശിനെതിരേ നേടിയ വിജയത്തോടെ ഗ്രൂപ്പില്‍ മികച്ച മുന്നേറ്റം നടത്താന്‍ ഇന്ത്യക്കു സാധിച്ചു. ഏഴു മല്‍സരങ്ങളില്‍ നിന്നും ആറു പോയിന്റാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ഈ വിജയം ഏഷ്യാ കപ്പ് ക്വാളിഫയര്‍ മൂന്നാം റൗണ്ടില്‍ കളിക്കുകയെന്ന ഇന്ത്യയുടെ സാധ്യതകള്‍ സജീവമാക്കുകയും ചെയ്തിട്ടുണ്ട്.

കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയാണ് ബംഗ്ലാദേശിനെതിരേ ഇന്ത്യ ജയിച്ചു കയറിയത്. ലഭിച്ച അവസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ ചുരുങ്ങിയത് അഞ്ചു ഗോള്‍ മാര്‍ജിനിലെങ്കിലും ഇന്ത്യ ജയം നേടുമായിരുന്നു. ആദ്യപകുതിയില്‍ പല തവണ ഇന്ത്യ ലീഡ് നേടുന്നതിന് തൊട്ടിരികിലെത്തിയിരുന്നു. എന്നാല്‍ ബംഗ്ലാദേശ് പ്രതിരോധനിരയെയും ഗോള്‍കീപ്പര്‍ അനിസുര്‍ റഹ്മാനെയും കീഴടക്കാനായില്ല. കൗണ്ടര്‍ അറ്റാക്കുകളിലൂടെ തിരിച്ചടിക്കുകയെന്നതായിരുന്നു ബംഗ്ലാദേശിന്റെ തന്ത്രം. പക്ഷെ ആദ്യപകുതിയില്‍ ചില അവസരങ്ങള്‍ മാത്രമേ അവര്‍ക്കു വീണുകിട്ടിയുള്ളൂ.

2

രണ്ടാംപകുതിയിലും ഇന്ത്യ തന്നെ കളി നിയന്ത്രിച്ചു. 63ാം മിനിറ്റില്‍ ടീമിനെ മുന്നിലെത്തിക്കാനുള്ള സുവര്‍ണാവസരം ഛേത്രി പാഴാക്കി. സുരേഷിനെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നു ഇന്ത്യക്കു അനുകൂലമായി ഫ്രീകിക്ക്. ബ്രെന്‍ഡന്റെ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഛേത്രിക്കു വലയിലേക്കു വഴി തിരിച്ചുവിടേണ്ട ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അദ്ദേഹത്തിന്റെ ഹെഡ്ഡര്‍ ലക്ഷ്യം കാണാതെ പുറത്തുപോയി.

3

79ാം മിനിറ്റില്‍ ഛേത്രി നേരത്തേ പാഴാക്കിയ അവസരങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്തു. ഇടതു വിങില്‍ നിന്നും ആഷിഖ് അളന്നു മുറിച്ചു നല്‍കിയ ബോള്‍ മിന്നുന്ന ഹെഡ്ഡറിലൂടെ ഛേത്രി വലയ്ക്കുള്ളിലാക്കുമ്പോള്‍ ആര്‍ക്കും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒരു ഗോള്‍ വിജയം കൊണ്ട് ഗ്രൗണ്ട് വിടാന്‍ ഇന്ത്യ തയ്യാറല്ലായിരുന്നു. ഇഞ്ചുറിടൈമിന്റെ രണ്ടാം മിനിറ്റില്‍ ഇന്ത്യ ഒരിക്കല്‍ക്കൂടി ബംഗ്ലാദേശിന്റെ വലയില്‍ പന്തെത്തിച്ചു. സുരേഷിന്റെ മികച്ചൊരു കട്ട് ബാക്ക് പാസ് ഛേത്രി ലക്ഷ്യത്തിലേക്കു പായിക്കുകയായിരുന്നു.

Story first published: Monday, June 7, 2021, 21:58 [IST]
Other articles published on Jun 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+