Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: ആരുമറിയാതെ വന്നു, ഹൃദയം കവര്‍ന്നു മടങ്ങി!! കാബോ വെര്‍ദെ വെറുമൊരു ടീമല്ല, വികാരമാണ്

നോര്‍ത്ത് അമരിക്കയില്‍ ഇത്തവണ ഫിഫ ലോകകപ്പിന് പന്തുരുണ്ട് തുടങ്ങും വരെ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ടീമുണ്ട്. വെറും അഞ്ചു ലക്ഷത്തിലേറെ മാത്രം ജനസംഖ്യയുള്ള ഒരു കുഞ്ഞന്‍ ദ്വീപ് രാജ്യം- കാബോ വെര്‍ദെയെന്ന കേപ് വെര്‍ദെ.

മുന്‍ ചാംപ്യന്‍മാരും ലോക ഫുട്‌ബോളിലെ അതികായന്‍മാരുമായ സ്‌പെയിനും ഉറുഗ്വേയുമെല്ലാമുള്ള ഗ്രൂപ്പില്‍ നിന്ന് ഈ രാജ്യം എന്തു ചെയ്യാനാണെന്നാണ് ഫുട്‌ബോള്‍ വിദഗ്ധരും കാല്‍പന്തു കളി ആരാധകരുമെല്ലാം ചോദിച്ചത്. അവസാന സ്ഥാനം അവര്‍ക്കെന്ന് എല്ലാവരും ഉറപ്പിച്ചു.

CABO VERDE

ചരിത്രത്തിലാദ്യമായി ലോകകപ്പ് പന്തു തട്ടാനെത്തുന്ന അവര്‍ വെറുതെയങ്ങ് കളിച്ച് ഗ്രൂപ്പുഘട്ടത്തില്‍ തന്നെ നാട്ടിലേക്കു വിമാനം കയറുമെന്ന് കരുതിയവര്‍ക്കു തെറ്റി. പക്ഷെ ആരുമറിയാതെ വെറുമൊരു 'ഗസ്റ്റ് റോളിലെത്തിയ' ഈ കാബോ വെര്‍ദെ ടീം ശരിക്കും ഹീറോസായിട്ടാണ് നാട്ടിലേക്കു മടങ്ങുന്നത്.

ഇയാള്‍ കോമാളി!! ദൈവപുത്രന്റെ അര്‍ജന്റീനയോടു ബ്ലാക്ക് മാജിക്ക് നടക്കില്ല, മന്ത്രവാദി എയറില്‍

ഇയാള്‍ കോമാളി!! ദൈവപുത്രന്റെ അര്‍ജന്റീനയോടു ബ്ലാക്ക് മാജിക്ക് നടക്കില്ല, മന്ത്രവാദി എയറില്‍

ഗോള്‍ മുഖത്തെ സൂപ്പര്‍ മാനായി മാറിയ വൊസീന്യയും കാബോ വെര്‍ദെ ടീമുമെല്ലാം ഇന്നു ലോകമെമ്പാടുമുള്ള കാല്‍പ്പന്തു കളി ആരാധകര്‍ക്കു പ്രിയപ്പെട്ടവരാണ്. വലിപ്പത്തിലും വലിയ താരനിരയിലുമൊന്നുമല്ല കാര്യമെന്നും തോല്‍ക്കാന്‍ മനസ്സിലെന്നുറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ആരു വിചാരിച്ചാലും അതു തടയാന്‍ കഴിയില്ലെന്നും അവര്‍ തെളിയിച്ചിരിക്കുകയാണ്.

കാബോ വെര്‍ദെ യഥാര്‍ഥത്തില്‍ പന്തു തട്ടിയത് കാലു കൊണ്ടല്ല, ഹൃദയം കൊണ്ടായിരുന്നു. ചരിത്രത്തിലാദ്യമായി വിശ്വവേദിയില്‍ കളിക്കാനൊരു സുവര്‍ണാവസരം ലഭിച്ചപ്പോള്‍ അതു വെറുതെ പാഴാക്കി കളയില്ലെന്നു അവര്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു.

ആ ദൃഢനിശ്ചയം 2010ലെ ചാംപ്യന്‍മാരായ സ്‌പെയിനുമായുള്ള ആദ്യ കളിയില്‍ തന്നെ കാബോ വെര്‍ദെ പുറത്തെടുക്കുകയും ചെയ്തു. കുറഞ്ഞത് അഞ്ചു ഗോളിനെങ്കിലും സ്‌പെയിന്‍ ജയിക്കുമെന്ന് പ്രവചിച്ചവരെല്ലാം മൂക്കത്ത് വിരല്‍ വച്ച് നിന്നു, കാരണം സ്‌കോര്‍ 0-0!!.

ഇതോടെ ഒരു കാര്യമുറപ്പായി. കാബോ വെര്‍ദെ ഈ ലോകകപ്പിനെത്തിയത് 'വെര്‍തെ' എല്ലാം കണ്ട് ആസ്വദിച്ച് മടങ്ങാന്‍ മാത്രമല്ല. ഇങ്ങനെയുമൊരു രാജ്യം ഫുട്‌ബോള്‍ ഭൂപടത്തിലുണ്ടെന്ന് അവര്‍ക്കു ലോകത്തിനു മുന്നില്‍ അടയാളപ്പെടുത്തണം.

സ്‌പെയിനിനെ ഗോളടിക്കാതെ പൂട്ടിയത് വെറും യാദൃശ്ചികതയല്ലെന്നു രണ്ടാമങ്കത്തില്‍ കാബോ വെര്‍ദെ വീണ്ടും തെളിയിച്ചു. ഇത്തവണ മറ്റൊരു മുന്‍ ജേതാക്കളായ ഉറുഗ്വേയെ 2-2നായിരുന്നു അവര്‍ മൂക്കുകയറിട്ടത്. ഈ മല്‍സരം കഴിഞ്ഞതോടെ കാബോ വെര്‍ദെയെ എതിരാളികളും ശ്രദ്ധിച്ചു തുടങ്ങി.

VOZINHA

അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ സൗദി അറേബ്യക്കും അവരുടെ പ്രതിരോധക്കോട്ട കടക്കാനായില്ല (0-0). തുടരെ മൂന്നാം സമനിലയോടെ സ്‌പെയിനിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായി കാബോ വെര്‍ദെ നോക്കൗട്ടിലേക്ക്. അവിടെ കാത്തിരുന്നത് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ സാക്ഷാല്‍ അര്‍ജന്റീന.

FIFA WC 2026: എട്ടിലൊന്നാവാന്‍ മഞ്ഞപ്പട, ഹാളണ്ടിന്റെ നോര്‍വേ തടയുമോ?

FIFA WC 2026: എട്ടിലൊന്നാവാന്‍ മഞ്ഞപ്പട, ഹാളണ്ടിന്റെ നോര്‍വേ തടയുമോ?

സ്‌പെയിനിനും ഉറുഗ്വേയ്ക്കും 'മണി കെട്ടിയ' കാബോ വെര്‍ദെയ്ക്കാണോ അര്‍ജന്റീനയെ ഭയം? 90 മിനിറ്റിലും അവര്‍ നിലവിലെ ചാംപ്യന്‍മാരെ ജയിക്കാന്‍ അനുവദിച്ചില്ല (2-2). ഇതു കാബോ വെര്‍ദെയുടെ ജയത്തിന് തുല്യമാണെന്നതില്‍ തര്‍ക്കമില്ല.

ഗ്രൂപ്പുഘട്ടമായിരുന്നെങ്കില്‍ അര്‍ജന്റീനയ്‌ക്കെതിരേയും വിലപ്പെട്ട ഒരു പോയിന്റ് അവരുടെ അക്കൗണ്ടില്‍ കിടന്നേനെ. ഒടുവില്‍ എക്‌സ്ട്രാ ടൈമില്‍ വഴങ്ങിയ ഒരു സെല്‍ഫ് ഗോളില്‍ അര്‍ജന്റീനയെ കാബോ വെര്‍ദെ ജയിപ്പിച്ചുവിട്ടു.

മല്‍സരശേഷം വളരെ വികാരധീനരായി ചില കേപ് വെര്‍ദെ താങ്ങള്‍ വിതുമ്പുന്നത് കാണാമായിരുന്നു. പക്ഷെ ഫുട്‌ബോള്‍ പ്രേമികളെ സംബന്ധിച്ച് കാബോ വെര്‍ദെ തോറ്റിട്ടില്ല. അര്‍ജന്റീനയ്‌ക്കെതിരേ യഥാര്‍ഥത്തില്‍ ജയിച്ചതും അവരാണ്. സാക്ഷാല്‍ മെസ്സി പോലും മല്‍സരശേഷം അവരെ അഭിനന്ദിച്ചത് ഇതു ശരിവയ്ക്കുന്നു.

ആഫ്രിക്കയുടെ അഭിമാനം വാനോളമുയര്‍ത്തിയാണ് ഈ നീലപ്പടയുടെ മടക്കം. നാലു വര്‍ഷങ്ങള്‍ക്കു ശേഷം കൂടുതല്‍ കരുത്തോടെ, പല വമ്പന്‍മാരെയും ഞെട്ടിക്കാന്‍ കാബോ വെര്‍ദെ വീണ്ടുമെത്തുമെന്ന് ഫുട്‌ബോള്‍ പ്രേമികളും ഉറച്ചു വിശ്വസിക്കുന്നു.

Story first published: Saturday, July 4, 2026, 12:22 [IST]
Other articles published on Jul 4, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+