മോസ്കോ: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യയ്ക്കെതിരെ ഗോളടിച്ച ക്രൊയേഷ്യന്‍ താരത്തെ ഫിഫ താക്കീത് ചെയ്തു. ക്രോയേഷ്യന്‍ ഡിഫന്‍ഡര്‍ ഡൊമാഗോജ് ഫിദയ്ക്കെതിരെയാണ് ഫിഫയുടെ അച്ചടക്ക മുന്നറിയിപ്പ്. മത്സരശേഷം പുറത്തുവിട്ട ഒരു വീഡിയോയില്‍ റഷ്യയ്ക്കെതിരായ മുദ്രാവാക്യം വിളിച്ചതാണ് ഫിഫയുടെ താക്കീതിന് ഇടയാക്കിയത്.
വീഡിയോയില്‍ ഗ്ലോറി ടു ഉക്രൈന് എന്ന് വിദ പറഞ്ഞിരുന്നു. ഉക്രെയ്നിലെ ആന്റി റഷ്യന്‍ നാഷണലിസ്റ്റുകളുടെ മുദ്രാവാക്യമാണ് ഇത്. മുന്‍പ് ഉക്രേനിയന്‍ ടീമായ ഡൈനാമോ കീവിന് വേണ്ടി 5 വര്‍ഷം കളിച്ചിരുന്ന താരം ഇതിന്റെ ഓര്മ പ്രകടിപ്പിക്കല്‍ കൂടിയായി മുദ്രാവാക്യം വിളിയിലൂടെ നടത്തിയത്.
ലോകകപ്പിനിടെ ഇത്തരം രാഷ്ട്രീയവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ഫിഫ കര്‍ശനമായി താക്കീത് ചെയ്തിരുന്നു. നേരത്തെ, സെര്‍ബിയക്ക് എതിരെ ഗോളടിച്ചശേഷം കൊസോവ രാഷ്ട്രീയ ആംഗ്യം കാണിച്ച സ്വിസ് താരങ്ങളായ ഷാക്കിരി, ഷാക്ക എന്നിവര്‍ക്കെതിരെ ഫിഫ പിഴ ചുമത്തിയിരുന്നു.
അതേസമയം, ഫുട്ബോളില്‍ രാഷ്ട്രീയമില്ലെന്ന് വിളിച്ചുപറയാനാണ് താന്‍ ശ്രമിച്ചതെന്ന് താരം പറഞ്ഞു. ഞാന്‍ റഷ്യയെയും ഉക്രൈനെയും ഇഷ്ടപ്പെടുന്നെന്നും വിദ വ്യക്തമാക്കി. വിമാനം തകര്‍ത്തെന്ന് ആരോപിച്ച് നേരത്തെ റഷ്യയും ഉക്രൈയിനും തമ്മില്‍ രാഷ്ട്രീയ സംഘര്‍ഷമുണ്ടായിരുന്നു.