കൗമാര ലോകകപ്പ്: വീഴാതെ വമ്പന്‍മാര്‍... പശ്ചിമേഷ്യ ഉണരുന്നു, കരുത്തു കാട്ടി ആഫ്രിക്കയും
ദില്ലി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പുഘട്ട മല്‍സരങ്ങള്‍ കഴിഞ്ഞ് പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ തിങ്കളാഴ്ച ആരംഭിക്കുകയാണ്. ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഏറെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ് ഗ്രൂപ്പുഘട്ടം സമ്മാനിച്ചത്.
പൊരുതി കീഴടങ്ങിയ ഇന്ത്യന്‍ ടീം അടക്കം നിരവധി രാജ്യങ്ങളുടെ ഉയര്‍ച്ചയും തളര്‍ച്ചയുമെല്ലാം ഗ്രൂപ്പുഘട്ടത്തില്‍ കണ്ടു. മുന്‍നിര ടീമുകള്‍ പതിവുപോലെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം തന്നെയാണ് ഗ്രൂപ്പുഘട്ടത്തില്‍ കാഴ്ചവച്ചത്.

വമ്പുകാട്ടി വമ്പന്‍മാര്‍
ഫുട്‌ബോളിലെ അതികായന്‍മാരായ ബ്രസീല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവര്‍ തങ്ങളുടെ പെരുമയ്‌ക്കൊത്ത പ്രകടനം തന്നെയാണ് ആദ്യറൗണ്ടില്‍ കാഴ്ചവച്ചത്. തങ്ങളുടെ പരമ്പരാഗത ശൈലിയില്‍ തന്നെ മഞ്ഞപ്പട കളിച്ചപ്പോള്‍ ഇംഗ്ലണ്ട് പാസിങ് ഗെയിമിന്റെ മനോഹാരിത ലോകത്തിനു കാണിച്ചുതന്നു. ഫ്രാന്‍സാവട്ടെ മധ്യനിരയില്‍ കളി നെയ്‌തെടുത്ത് എതിരാളികളെ വട്ടംകറക്കി. സ്‌പെയിനും മോശമാക്കിയില്ല. ആബേല്‍ റൂയിസ് മുന്നില്‍ നയിച്ചപ്പോള്‍ സ്‌പെയിനും മുന്നോട്ട് കുതിച്ചു.

വീണ്ടും ആഫ്രിക്ക
കഴിഞ്ഞ തവണത്തെ വിശ്വവിജയികളായ നൈജീരിയ ഇത്തവണത്തെ ലോകകപ്പിനില്ലെങ്കിലും ആഫ്രിക്ക തളര്‍ന്നില്ല. ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ കരുത്ത് ഒരിക്കല്‍കൂടി ഈ ലോകകപ്പില്‍ കണ്ടു. ആഫ്രിക്കയില്‍ നിന്നെത്തിയ ഘാന, മാലി, നൈജര്‍, ഗ്വിനി എന്നീ നാലു ടീമുകളും പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയിരുന്നു. ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ വന്യമായ കരുത്തും വേഗവുമെല്ലാം അവള്‍ കളിക്കളത്തില്‍ പ്രകടിപ്പിച്ചു.

പശ്ചിമേഷ്യന്‍ ഉദയം
പശ്ചിമേഷ്യന്‍ ടീമുകളുടെ ഉദയത്തിനും ഈ ലോകകപ്പ് സാക്ഷിയായി. യൂറോപ്പിനോടും ലാറ്റിനമേരിക്കയോടുമെല്ലാം പോരടിച്ചാണ് പശ്ചിമേഷ്യയും തങ്ങള്‍ ഫുട്‌ബോള്‍ കരുത്ത് തെളിയിച്ചത്. ഇറാനും ഇറാഖും ടൂര്‍ണമെന്റിന്റെ നോക്കൗട്ട്‌റൗണ്ടിലോക്ക് യോഗ്യത നേടിയിട്ടുണ്ട്. ഇറാനു വേണ്ടി മുഹമ്മദ് ഷരീഫ്, യൂനുസ് ഡെല്‍ഫി, അല്ല്യാര്‍ സയ്ദ് എന്നിവര്‍ മിന്നിയപ്പോള്‍ മുഹമ്മദ് ദാവൂദായിരുന്നു ഇറാഖിന്റെ കുന്തമുന.

ഭാവിയിലെ സൂപ്പര്‍ താരങ്ങള്‍
ഫ്രാന്‍സിന്റെ അമീന്‍ ഗുരിയും ബ്രസീലിന്റെ ലിങ്കണും തങ്ങള്‍ ഭാവി സൂപ്പര്‍ താരങ്ങളാണെന്ന് ഈ ലോകകപ്പിലൂടെ തെളിയിച്ചു. കഴിഞ്ഞ അണ്ടര്‍ 17 യൂറോ ചാംപ്യന്‍ഷിപ്പിലെ ടോപ്‌സ്‌കോററായിരുന്ന അമീന്‍ ഈ ലോകകപ്പിലും തന്റെ ഗോളടിമികവ് തുടര്‍ന്നു. അഞ്ചു ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററാണ് താരം. അതേസമയം, ബ്രസീല്‍ ആക്രമണത്തിന്റെ ചുമതലക്കാരനായിരുന്നു ലിങ്കണ്‍. പന്തടക്കത്തിലും ഷോട്ടുകളിലെ കൃത്യതയിലുമെല്ലാം താരം ഏവരെയും വിസ്മയിപ്പിച്ചു.

മികച്ച ഗോള്‍
ഹോണ്ടുറാസിനെതിരേ ജപ്പാനു വേണ്ടി കെയ്‌റ്റോ നകാമുറ നേടിയ ഗോളായിരുന്നു ഗ്രൂപ്പുഘട്ടത്തിലെ ഏറ്റവും മികച്ച ഗോള്‍. പെനല്‍റ്റി ബോക്‌സിന് രണ്ടടി മാത്രം അകലെ വച്ചു ലഭിച്ച ടീമഗം ലോബ് ചെയ്തു നല്‍കിയ പന്തുമായി നകാമുറയുടെ കുതിപ്പ്. വലതുമൂലയിലൂടെ ബോക്‌സിലേക്ക് കയറിയ നകാമുറയെ ടാക്കിള്‍ ചെയ്യാനുള്ള ഹോണ്ടുറാസ് ഡിഫന്ററുടെ ശ്രമം തകര്‍ത്ത നകാമുറ തന്നെ തടയാനെത്തിയ ഗോളിയെയും വെട്ടിയൊഴിഞ്ഞ് രണ്ടു ഡിഫന്റര്‍മാര്‍ക്കിടയിലൂടെ നിറയൊഴിക്കുകയായിരുന്നു.

ജര്‍മനിയുണ്ട്, പക്ഷെ...
ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ടെങ്കിലും യഥാര്‍ഥ ജര്‍മനിയെ ഇതുവരെ കാണാനായിട്ടില്ല. സീനിയര്‍ ടീം ലോക ഫുട്‌ബോള്‍ അടക്കിവാഴുമ്പോള്‍ കുഞ്ഞനുജന്‍മാര്‍ കൗമാര ലോകകപ്പില്‍ തപ്പിത്തടയുകയാണ്. ചെറിയ ടീമുകളെപ്പോലും തോല്‍പ്പിക്കാന്‍ ജര്‍മന്‍ കൗമാരനിര നന്നായി പാടുപെടുന്നത് പ്രാഥമികറൗണ്ടില്‍ കണ്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications