
സ്പാനിഷ് പരിശീലകന്‍
സ്പാനിഷ് വംശജനായ സെര്‍ജിയോ ലൊബേറയാണ് ഇപ്പോള്‍ ഗോവന്‍ ടീമിന്റെ പരിശീലകന്‍. സീക്കോയുടെ സാംബ ശൈലിയില്‍ നിന്നും വളരെ പെട്ടെന്നാണ് ഗോവ സ്പാനിഷ് ശൈലിയിലേക്ക് കൂടുമാറ്റം നടത്തിയത്.
16 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്പാനിഷ് ഗ്ലാമര്‍ ടീം ബാഴ്‌സലോണയുടെ യൂത്ത് അക്കാദമിയിലൂടെയാണ് ലൊബേറ പരിശീലകനായി അരങ്ങേറുന്നത്. ബാഴ്‌സയുടെ സി ടീമിനെ വരെ പരിശീലിപ്പിച്ച അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്.

ഗ്വാര്‍ഡിയോളയുടെ ആശാന്‍
ലോക ഫുട്‌ബോളിലെ ഏറ്റവും വില പിടിപ്പുള്ള പരിശീലകനായ പെപ് ഗ്വാര്‍ഡിയോള പോലും ലൊബേറയുടെ ശിഷ്യനായി വരും. ലൊബേറോയ്ക്കു കീഴിലാണ് ഗ്വാര്‍ഡിയോള കോച്ചിങ് ലൈസന്‍സ് നേടിയത്.
ഗ്വാര്‍ഡിയോള മാത്രമല്ല മുന്‍ കോച്ച് ലൂയിസ് എന്റിക്വെ, ജോര്‍ഡി ക്രൈഫ് എന്നിവരും ലൊബോറോയ്ക്കു കീഴില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയും മികച്ച അനുഭവസമ്പത്തുണ്ടായിട്ടും ക്ലബ്ബിലോ രാജ്യത്തോ ലൊബേറയ്ക്ക് അര്‍ഹിച്ച പരിഗണനയോ അംഗീകാരമോ ലഭിച്ചിട്ടില്ല. ഒടുവില്‍ ഐഎസ്എല്ലിലൂടെ അദ്ദേഹം തന്റെ മിടുക്ക് ലോകത്തിനു കാണിച്ചു കൊടുത്തു കൊണ്ടിരിക്കുകയാണ്.

സുന്ദരമായ ഫുട്‌ബോള്‍
സ്‌പെയിനിന്റെ പരമ്പരാഗത ശൈലിയായ പാസിങ് ഗെയിമിന്റെ വക്താവാണ് ലൊബേറ. ബാഴ്‌സയുടെ ജൂനിയര്‍ ടീമില്‍ താന്‍ വിജയകരമായി പരീക്ഷിച്ച അറ്റാക്കിങ് ഫുട്‌ബോളാണ് അദ്ദേഹം ഗോവയ്ക്കും പകര്‍ന്നു നല്‍കിയത്.
ഗോവന്‍ ടീമിന്റെ കോച്ച് സ്ഥാനമേറ്റെടുത്തതിനു പിറകെ ലൊബേറ ചെയ്തത് ഒരു കാര്യമാണ്, ടീമിനെ അടിമുടി ഉടച്ചു വാര്‍ക്കുക. അതിലും അദ്ദേഹം വിജയിച്ചു. കോച്ചിന്‍റെ നിര്‍ദേശ പ്രകാരം ടീം മാനേജ്മെന്‍റ് കാര്യങ്ങള്‍ നീക്കിയപ്പോള്‍ അതു ടീമിന്‍റെ കുതിപ്പിന് വേഗം കൂട്ടി.

ആറ് സ്പാനിഷ് താരങ്ങള്‍
ലൊബേറ കോച്ചായ ശേഷം ആറു സ്പാനിഷ് താരങ്ങളെയാണ് ഗോവ പുതിയ സീസണിനു മുന്നോടിയായി ടീമിലെത്തിച്ചത്. ഇവരില്‍ മൂന്നു പേര്‍ നേരത്തേ ബാഴ്‌ലോണയുടെ ബി ടീമിനായി കളിച്ചവരാണ്. സെര്‍ജിയോ ജസ്‌റ്റെ, എഡു ബെഡിയ, മാന്വല്‍ ലാന്‍സറോറ്റെ എന്നിവരാണ് ബാഴ്‌സയുടെ ബി ടീമില്‍ നേര്‌തേ കളിച്ച താരങ്ങള്‍.
ഐഎസ്എല്ലില്‍ തുടര്‍ച്ചയായി രണ്ടു കളികളില്‍ ഹാട്രിക് നേടി റെക്കോഡിട്ട ഫെറന്‍ കൊറോമിനാസും സ്പാനിഷ് വംശജനാണ്. ഏഴു ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററാണ് അദ്ദേഹം. ബാഴ്‌സയുടെ എതിരാളികളിലൊന്നായിരുന്ന എസ്പാന്യോളിന്റെ മുന്‍ താരമാണ് കൊറോമിനാസ്.

ഗോള്‍ വര്‍ഷം
ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ ടീം കൂടിയാണ് ഗോവ. അഞ്ചു കളികളില്‍ നിന്നും 18 ഗോളുകളാണ് ഗോവ വാരിക്കൂട്ടിയത്. ഇവയില്‍ 13 ഗോളും അവസാന നാലു മല്‍സരങ്ങൡ നിന്നായിരുന്നു. മാത്രമല്ല ഇതില്‍ 12 ഗോളുകളും നേടിയത് സ്പാനിഷ് താരങ്ങളാണ്.
രണ്ടു ഹാട്രിക്കടക്കം ഏഴു ഗോളുകളുമായി കൊറോമിനാസ് മുന്നില്‍ നില്‍ക്കുമ്പോള്‍ ലാന്‍സറോറ്റെ നാലും മാന്വല്‍ അരാന ഒരു ഗോളും നേടി. ടീം നേടിയ മറ്റൊരു ഗോളില്‍ മാത്രമാണ് സ്പാനിഷ് സ്പര്‍ശമില്ലാത്തത്.
ലാന്‍സറോറ്റെ-കൊറോമിനോസ് കോമ്പിനേഷനാണ് ഗോവയുടെ പ്രധാന ഹൈലൈറ്റ്. ഇരുവരും തമ്മിലുള്ള ഒത്തിണക്കമാണ് ഗോവയുടെ ഗോള്‍മഴയ്ക്കു പിന്നില്‍. സീസണില്‍ ഇരുവരും കൂടി ആറു ഗോളുകള്‍ക്കാണ് വഴിയൊരുക്കിയത്.

സീക്കോയ്ക്ക് കഴിയാത്തത് ലൊബേറ നേടുമോ?
സീക്കോയ്ക്കു കീഴില്‍ ഗോവ മികച്ച പ്രകടനം തന്നെ നടത്തിയിരുന്നു. ഐഎസ്എല്ലിന്റെ രണ്ടാം സീസണില്‍ ടീമിനെ ഫൈനല്‍ വരെയെത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. എന്നാല്‍ ചെന്നൈയ്ന്‍ എഫ്‌സിക്കെതിരായ ഫൈനലില്‍ കിരീടം കൈയെത്തുംദൂരത്ത് നിന്നു വഴുതിപ്പോവുകയായിരുന്നു. രണ്ടാം സീസണിലെ ഈ പ്രകടനം കഴിഞ്ഞ സീസണില്‍ അദ്ദേഹത്തിനു ആവര്‍ത്തിക്കാനായില്ല. ഒടുവില്‍ സീസണിനു ശേഷം സീക്കോ ഗോവ വിടുകയും ചെയ്തു.
ബ്രസീലിനൊപ്പം ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ സീക്കോയ്ക്ക് സാധിക്കാത്തത് ഇന്ത്യന്‍ മണ്ണില്‍ ലൊബേറയ്ക്ക് സാധിക്കുമോയെന്നാണ് ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത്. സീസണിലെ ആറു കളികള്‍ പൂര്‍ത്തിയായപ്പോള്‍ ലൊബേറയുടെ ലക്ഷ്യം യാഥാര്‍ഥ്യമാവുമെന്ന് തന്നൊണ് ഗോവന്‍ ആരാധകര്‍ വിശ്വസിക്കുന്നത്.


Click it and Unblock the Notifications














