ഗോവ: ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് നാണം കെട്ട തോല്‍വി. ഗോവ എഫ് സിയോട് 5 - 2നാണ് കേരളം തോറ്റത്. സീസണിലെ ആദ്യ എവേ മാച്ചിനിറങ്ങിയ കേരളം ആദ്യപകുതിയില്‍ ഒപ്പത്തിനൊപ്പം പിടിച്ചുനിന്നെങ്കിലും രണ്ടാം പകുതിയില്‍ ഒന്നിന് പിറകെ ഒന്നായി ഗോവ എഫ് സി കേരളത്തിന്റെ വലയില്‍ ഗോളുകള്‍ അടിച്ചുകയറ്റി. ആദ്യപകുതിയില്‍ നാലും രണ്ടാം പകുതിയില്‍ മൂന്നും ഗോളുകളാണ് മത്സരത്തില്‍ ആകെ പിറന്നത്.
ഗോവയുടെ സൂപ്പര്‍താരം ഫെറാന്‍ കൊറോമിനസാണ് ഹാട്രിക്കോടെ കളിയിലെ താരമായത്. നാല്പത്തിയേഴ്, അന്‍പത്തിയൊന്ന്, അന്‍പത്തിനാല് മിനുട്ടുകളിലായിരുന്നു കൊറോമിനസ് ബ്ലാസ്റ്റേഴ്സ് വലയില്‍ തുളച്ചുകയറിയത്. രണ്ട് ഗോളുകളോടെ മാനുവല്‍ ലാന്സറെട്ടോയും ഗോവയ്ക്ക് വേണ്ടി തിളങ്ങി. ഒന്‍പത്, പതിനെട്ട് മിനുട്ടുകളിലായിരുന്നു ലാന്സെറോട്ടോയുടെ ഗോളുകള്‍.
പരിക്കേറ്റ ഇയാന്‍ ഹ്യൂം, വിലക്ക് കിട്ടിയ സി കെ വിനീത് എന്നിവരില്ലാതെയാണ് സീസണിലെ തങ്ങളുടെ ആദ്യ എവേ മാച്ചിന് ഇറങ്ങിയത്. കളി തുടങ്ങിയപ്പോഴേ സൂപ്പര്‍താരം ബെര്‍ബറ്റോവിന് പരിക്ക് കൂടിയായതോടെ കേരളം പ്രതീക്ഷ കൈവിട്ടു. എന്നാലും സിഫ്നിയോസിലൂടെ ആദ്യഗോളടിക്കാന് കേരളത്തിന് സാധിച്ചു. ജാക്കിചന്ദ് സിംഗാണ് കേരളത്തിന്റെ രണ്ടാം ഗോള്‍ നേടിയത്. ആദ്യ മൂന്ന് കളികളും സമനിലയില്‍ കുരുങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ തോല്‍വിയാണിത്. ഗോവയുടെ മൂന്നാമത്തെ വിജയവും.