ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മഹാനായ താരം താനാണെന്നു സ്വയം അവകാശപ്പെട്ട പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു രൂക്ഷ വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് റോണോ ഏറ്റുവാങ്ങുന്നത്.
ഒരു ലോകകപ്പ് പോലും നേടാത്തയാള്‍ എങ്ങനെ എക്കാലത്തെയും ബെസ്റ്റാവുമെന്നും കിങെന്നു സ്വയം വിളിക്കുന്നവനല്ല യഥാര്‍ഥ കിങെന്നുമെല്ലാം ഫുട്‌ബോള്‍ പ്രേമികള്‍ ആഞ്ഞടിക്കുകയാണ്. എഡു അഗ്വിറോയ്ക്കു നല്‍കിയ പുതിയ അഭിമുഖത്തിലാണ് റൊണാള്‍ഡോ വലിയ വിവാദത്തിനു തിരി കൊളുത്തിക്കൊണ്ട് സ്വയം കിങായി പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷെ അദ്ദേഹത്തിന്റെ ഈ വീരവാദം പലര്‍ക്കും രസിച്ചിട്ടുമില്ല.

റോണോ പറഞ്ഞതെന്ത്?
ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ഞാനാണെന്നാണ് സ്വയം വിശ്വസിക്കുന്നത്. എന്നേക്കാള്‍ മെച്ചപ്പെട്ടയാളായി ആരും തന്നെയില്ല. കണക്കുകളും ഇതാണ് പറയുന്നത്. ഫുട്‌ബോളിലെ ഏറ്റവും പൂര്‍ണനായിട്ടുള്ളയാള്‍ ഞാനാണ്.
ആളുകള്‍ക്കു മെസ്സിയെയോ, മറഡോണയെയോ, പെലെയെയോ ഒക്കെ ഇഷ്ടപ്പെടാം. ഞാന്‍ അതിനെ ബഹുമാനിക്കുകയും ചെയ്യുന്നു. പക്ഷെ താനാണ് ഫുട്‌ബോളിന്റെ ചരിത്രത്തിലെ ഏറ്റവും കംപ്ലീറ്റായിട്ടുള്ള താരമെന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞത്.
ഇതുവരെയുള്ള ഫുട്‌ബോള്‍ ചരിത്രമെടുത്താല്‍ എന്നേക്കാള്‍ മികച്ച മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. എന്റെ ഹൃദയത്തില്‍ നിന്നുള്ള സത്യമാണ് ഞാന്‍ പറയുന്നത്. എനിക്കു വേഗതയുണ്ട്, ഞാന്‍ ശക്തനുമാണ്, ഞാന്‍ തല കൊണ്ടും, ഇടംകാല്‍ കൊണ്ടും ഗോള്‍ സ്‌കോര്‍ ചെയ്യും.
എന്നേക്കാള്‍ പൂര്‍ണനായി മറ്റൊരാളും ഉണ്ടായിട്ടില്ല. ചരിത്രത്തിലെ തന്നെ ഏറ്റവും ബെസ്റ്റ് ഞാനാണ്. താന്‍ ശരിക്കും ഇതു വിശ്വസിക്കുകയും ചെയ്യുന്നുവെന്നും റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു.
രൂക്ഷ വിമര്‍ശനം
സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാമാണ് ഈ അഭിമുഖത്തിനു ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേരിട്ടു കൊണ്ടിരിക്കുന്നത്. ഒരു ലോക കിരീടം പോലും എടുത്തു കാണിക്കാനില്ലാത്തയാളാണെന്നായിരുന്നു ഒരു പ്രതികരണം.
ഞാനാണ് രാജാവെന്നു സ്വയം പറയുന്ന ഏതൊരാളും ശരിക്കുള്ള രാജാവല്ലെന്നായിരുന്നു മറ്റൊരു വിമര്‍ശനം. നിര്‍ഭാഗ്യവശാല്‍ ലയണല്‍ മെസ്സിയുടെ വിനയത്തിനു തുല്യമല്ല ഇയാളുടെ അഹങ്കാരമെന്നായിരുന്നു ഒരു ആരാധകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരേ തുറന്നടിച്ചത്.
എന്തു നമ്പറുകളെക്കുറിച്ചാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറയുന്നത്? മെസ്സിയേക്കാള്‍ കുറച്ച് ബാലണ്‍ ഡിയോര്‍ മാത്രമേയുള്ളൂ, ഫിഫയുടെ ബെസ്റ്റ് ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരവും കുറവേയുള്ളൂ, ഗോള്‍ഡന്‍ ബൂട്ടുകളും കുറവേയുള്ളൂ, ട്രോഫികളും കുറവേയുള്ളൂ.
ലോകകപ്പില്ല, ഒളിപിക് മെഡലില്ല, ലോറസ് അവാര്‍ഡുമില്ല. ഗോള്‍ അസിസ്റ്റുകളും കുറവാണ്. ഗോളുകള്‍ നേടിയത് മാത്രമാണ് നിങ്ങളെ ബെസ്റ്റാക്കുന്നതെങ്കില്‍ പിന്നെ മിഡ്ഫീല്‍ഡര്‍മാരും ഡിഫന്‍ഡര്‍മാരും ഗോള്‍കീപ്പര്‍മാരും എന്തിനാണെന്നുമായിരുന്നു മറ്റൊരു വിമര്‍ശനം.