ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങള്‍ ആരാണെന്ന ചോദ്യത്തിന് പലര്‍ക്കും പല ഉത്തരമാവും പറയാനാവുക. ലയണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, നെയ്മര്‍, കെയ്‌ലിയന്‍ എംബാപ്പെ തുടങ്ങി പല ഉത്തരങ്ങളാവും ഉണ്ടാവുക. എങ്കിലും കൂടുതല്‍ പേരും മെസി, റൊണാള്‍ഡോ എന്നിവരിലൊരാളെയാവും മികച്ച താരമായി തിരഞ്ഞെടുക്കുക. ഇന്നത്തെ പല താരങ്ങളും ഇവരുടെ ആരാധകരാണെന്ന് പറയാം. സൂപ്പര്‍ താരം കെയ്‌ലിയന്‍ എംബാപ്പെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കടുത്ത ആരാധകനായിരുന്നു.
അതുപോലെ തന്നെ മെസിക്കും നെയ്മര്‍ക്കും താരങ്ങള്‍ക്കിടയില്‍ത്തന്നെ വലിയ ആരാധക പിന്തുണയുണ്ട്. എന്നാല്‍ പലപ്പോഴും താരങ്ങള്‍ക്ക് ഇഷ്ട താരങ്ങളെ വെളിപ്പെടുത്തുന്നതിന് പരിമിതിയുണ്ട്. നേരത്തെ ബാഴ്‌സലോണയില്‍ കളിക്കുമ്പോള്‍ റൊണാള്‍ഡോ ആരാധകനെന്ന് പറയുക പ്രയാസമാണ്. റയലില്‍ കളിക്കുമ്പോള്‍ മെസിയുടെ ആരാധകനാണെന്ന് പറയാനും പ്രയാസമാണെന്നതാണ് വസ്തുത. ഇപ്പോഴിതാ മുന്‍ ബാഴ്‌സലോണ താരമായ കെവിന്‍ പ്രിന്‍സ് ബോട്ടെങ് തന്റെ ഇഷ്ട താരം റൊണാള്‍ഡോ ആയിരുന്നിട്ടും മാറ്റി പറയേണ്ടി വന്ന സാഹചര്യം വെളിപ്പെടുത്തിയിരിക്കുകയാണ്.

അന്ന് ആദ്യമായി കള്ളം പറഞ്ഞു
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കടുത്ത ആരാധകനായിരുന്നിട്ടും ബാഴ്‌സലോണയില്‍ കളിക്കുന്നതിനാല്‍ മെസിയുടെ ആരാധകനാണെന്ന് പറയേണ്ടി വന്നതിനെക്കുറിച്ചാണ് മുന്‍ ബാഴ്‌സലോണ മിഡ് ഫീല്‍ഡറായ കെവിന്‍ പ്രിന്‍സ് ബോട്ടെങ് വെളിപ്പെടുത്തിയത്. 'അന്ന് മെസിയാണ് സൂപ്പര്‍ താരമെന്ന് എനിക്ക് കള്ളം പറയേണ്ടി വന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ പറഞ്ഞ വലിയ കള്ളമാണത്. പൊതുവേ സത്യം മാത്രം പറയുന്ന ആളാണ് ഞാന്‍.
എന്നാല്‍ അന്ന് ബാഴ്‌സലോണയുടെ ജേഴ്‌സി ധരിച്ചതിനാല്‍ മാത്രം എനിക്ക് കള്ളം പറയേണ്ടി വന്നു. ബാഴ്‌സലോണ ആരാധകര്‍ എന്നോട് ക്ഷമിക്കണം. ഞാന്‍ ചെറുപ്പം മുതല്‍ റയല്‍ മാഡ്രിഡിനൊപ്പം കടുത്ത ആരാധകനാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. എന്നാല്‍ അന്ന് മെസിയുടെ പേര് പറയാത്ത സാഹചര്യത്തില്‍ എനിക്ക് ബാഴ്‌സലോണയില്‍ തുടരാന്‍ സാധിക്കാതെ വരുമായിരുന്നു' ബോട്ടെങ് പറഞ്ഞു.
റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പമെത്തി മെസി
അന്താരാഷ്ട്ര ഫുട്‌ബോളിലെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വമ്പന്‍ റെക്കോഡിനൊപ്പമെത്താന്‍ മെസിക്ക് സാധിച്ചിരിക്കുകയാണ്. ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത ആറ് ഗോളിന് അര്‍ജന്റീന തോല്‍പ്പിച്ചു. മെസി ഹാട്രിക്കുമായി തിളങ്ങുകയും ചെയ്തു. ഇതോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ കൂടുതല്‍ ഹാട്രിക് എന്ന റെക്കോഡില്‍ റൊണാള്‍ഡോയ്‌ക്കൊപ്പമെത്താന്‍ മെസിക്കായി. 10 ഹാട്രിക്കുകളാണ് ഇരുവരുടേയും പേരിലുള്ളത്.
മെസി ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കളിക്കുന്നതിനാല്‍ അടുത്ത ലോകകപ്പിലും കൂടി അദ്ദേഹം ടീമിനൊപ്പം ഉണ്ടാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ബൊളീവിയക്കെതിരായ മത്സരത്തിന് ശേഷം കരിയറിലെ അവസാന മത്സരങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്ന് മെസി പറഞ്ഞിരുന്നു. ഇത് വിരമിക്കല്‍ സൂചനയായാണ് ആരാധകര്‍ കാണുന്നത്. നിലവില്‍ ഇന്റര്‍ മയാമിക്കായി ക്ലബ്ബ് ഫുട്‌ബോള്‍ കളിക്കുന്ന മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ഉടന്‍ വിരമിക്കുമോയെന്നത് കാത്തിരുന്ന് കാണാം.