ഡോര്‍ട്ട്മുണ്ട്: യൂറോ കപ്പിലെ ആവേശ സെമിയില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലില്‍. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ 2-1നാണ് ഇംഗ്ലണ്ട് ടീമിന്റെ ജയം. 81ാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയ ഒലി വാറ്റ്കിന്‍സാണ് 90ാം മിനുട്ടില്‍ ഇംഗ്ലണ്ടിനായി വിജയഗോള്‍ നേടിയത്. തുടര്‍ച്ചയായ രണ്ടാം യൂറോ കപ്പ് ഫൈനല്‍ കളിക്കുന്ന ത്രീ ലയണ്‍സിന്റെ ഫൈനലിലെ എതിരാളികള്‍ ഫ്രാന്‍സിനെ വീഴ്ത്തിയെത്തുന്ന സ്പാനിഷ് നിരയാണ്.
3-4-2-1 ഫോര്‍മേഷനിലിറങ്ങിയ ഇംഗ്ലണ്ടിനെ 4-3-3 ഫോര്‍മേഷനിലാണ് നെതര്‍ലന്‍ഡ്‌സ് നേരിട്ടത്. തുടക്കം മുതല്‍ നെതര്‍ലന്‍ഡ്‌സ് ആക്രമണം അഴിച്ചുവിട്ടു. ഡോണ്‍യെല്‍ മാലെനും സാവി സിമോണ്‍സും കോഡ് ഗാക്‌പോയും അതിവേഗ മുന്നേറ്റങ്ങളുമായി ഇംഗ്ലണ്ട് പോസ്റ്റിലേക്ക് നിരന്തരം പന്തെത്തിച്ചു. ഇംഗ്ലണ്ട് പ്രതിരോധത്തെ വലിയ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രകടനമാണ് നെതര്‍ലന്‍ഡ്‌സ് മുന്നേറ്റ നിര കാഴ്ചവെച്ചത്. പതിയെ താളം കണ്ടെത്തിയ ഇംഗ്ലണ്ടും പ്രത്യാക്രണം നടത്തിയതോടെ മത്സരം ആവേശകരമായി.
എന്നാല്‍ ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് എഴാം മിനുട്ടില്‍ നെതര്‍ലന്‍ഡ്‌സ് ലീഡെടുത്തു. സാവി സിമോണ്‍സാണ് ഡച്ച് നിരയെ മുന്നിലെത്തിച്ചത്. ഡെക്ലാന്‍ റൈസില്‍ നിന്ന് പന്ത് തട്ടിയെടുത്ത് മുന്നേറിയ സിമോണ്‍സിന്റെ ബുള്ളറ്റ ലോങ് റേഞ്ചര്‍ തടുക്കാന്‍ ഇംഗ്ലണ്ട് ഗോളി ജോര്‍ദന്‍ പിക്‌ഫോര്‍ഡ് ശ്രമിച്ചെങ്കിലും വിരലിലുരുമി പന്ത് പോസ്റ്റിലെത്തി. ലീഡഡെടുത്തതോടെ നെതര്‍ലന്‍ഡ് കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിച്ചപ്പോള്‍ ഇംഗ്ലണ്ട് ഗോള്‍മടക്കാന്‍ പൊരുതി.
13ാം മിനുട്ടില്‍ ഹാരി കെയ്‌ന്റെ മുന്നേറ്റം ഡച്ച് ഗോളി സേവ് ചെയ്തു. തൊട്ടടുത്ത മിനുട്ടില്‍ സാക്കയുടെ മുന്നേറ്റം. ഹാരി കെയ്‌നെ ലക്ഷ്യമാക്കി സാക്ക പന്ത് നല്‍കിയെങ്കിലും ഡെല്‍സെന്‍ ഡംഫ്രീസ് കെയ്‌നെ ഫൗള്‍ ചെയ്ത് വീഴ്ത്തി. ഇതോടെ ഇംഗ്ലണ്ടിന് അനുകൂലമായി പെനല്‍റ്റി. വാര്‍ പരിശോധനക്കൊടുവിലാണ് തീരുമാനം വന്നത്. 18ാം മിനുട്ടിലെടുത്ത പെനല്‍റ്റി കിക്കില്‍ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. പിന്നീട് ഇംഗ്ലണ്ട് നിര ആക്രമണം കടുപ്പിച്ചു.

photocredit: https://x.com/EURO2024/status/1811147964137492783/photo/1
23ാം മിനുട്ടില്‍ ഫോഡന്റെ ഡംഫ്രീസ് അത്ഭുകരമായാണ് തട്ടിയകറ്റിയത്. കോര്‍ണറില്‍ നിന്ന് ഡംഫ്രീസിന്റെ ഹെഡര്‍ ക്രോസ് ബാറിലിടിച്ച് മടങ്ങി. ഫോഡന്റെ മറ്റൊരു മുന്നേറ്റം പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തു. ആദ്യ പകുതിയില്‍ 41% പന്തടക്കിവെക്കാനും 3നെതിരേ 8 ഗോള്‍ശ്രമം നടത്താനും ഇംഗ്ലണ്ടിനായി. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ ഇരുടീമും 1-1 സമനിലയിലായിരുന്നു. രണ്ടാം പകുതിയില്‍ മാറ്റങ്ങളോടെയാണ് ഇരു ടീമും ഇറങ്ങിയത്. ഇരു ടീമും മുന്നേറ്റത്തോടൊപ്പം പ്രതിരോധവും ശ്രദ്ധിച്ചതോടെ ഗോള്‍ കണ്ടെത്താനാവാതെ വിയര്‍ത്തു.
65ാം മിനുട്ടില്‍ വാന്‍ഡൈക്കിന്റെ മികച്ച ഷോട്ട് ഗോളി സേവ് ചെയ്തു. അവസാന സമയങ്ങളിലേക്കെത്തിയപ്പോള്‍ ഡച്ച് നിര കടന്നാക്രമണമാണ് നടത്തിയത്. 79ാം മിനുട്ടില്‍ ഫോഡനും കൈല്‍ വാക്കറും ചേര്‍ന്ന് നടത്തിയ കുതിപ്പിനൊടുവില്‍ സാക്ക പന്ത് പോസ്റ്റിലെത്തിച്ചെങ്കിലും വാല്‍ക്കര്‍ ഓഫ് സൈഡായതിനാല്‍ ഗോള്‍ നിഷേധിക്കപ്പെട്ടു. 81ാം മിനുട്ടില്‍ ഇംഗ്ലണ്ട് പരിശീലകന്‍ ഗാരത് സൗത്ത് ഗേറ്റ് നടത്തിയ ധീരമായ രണ്ട് മാറ്റങ്ങളാണ് ഇംഗ്ലണ്ടിന് ഫൈനല്‍ ബര്‍ത്ത് നല്‍കിയത്.
ഫോഡനേയും കെയ്‌നിനേയും പിന്‍വലിച്ച് കോള്‍ പാല്‍മറെയും ഒലി വാറ്റ്കിന്‍സിനെയും കളത്തിലിറക്കി. 91ാം മിനുട്ടില്‍ ബോക്‌സിനുള്ളിലേക്ക് പാല്‍മര്‍ നല്‍കിയ പാസില്‍ നിന്ന് വാറ്റ്കിന്‍സിന്റെ ഷോട്ട് വലയിലെത്തി. ഇതോടെ പകരക്കാരന്റെ ഗോളില്‍ ഇംഗ്ലണ്ട് ഫൈനല്‍ ടിക്കറ്റും നേടി.
ഇത് ആറാം തവണയാണ് സെമിയിലെത്തിയിട്ടും ഫൈനല്‍ കാണാന്‍ യോഗമില്ലാതെ നെതര്‍ലന്‍ഡ്‌സ് പുറത്ത് പോകുന്നത്. വിദേശത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിലെത്തുന്നത് ഇതാദ്യമായാണ്. ഞായറാഴ്ച രാത്രിയാണ് ലോകം കാത്തിരിക്കുന്ന യൂറോ കപ്പ് ഫൈനല്‍.