Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Euro Cup 2024: വിറച്ച് ജയിച്ച് പോര്‍ച്ചുഗല്‍, നിറം മങ്ങി റൊണാള്‍ഡോ; രക്ഷിച്ചത് സെല്‍ഫ് ഗോള്‍

ലെയ്പ്‌സിഗ്: യൂറോ കപ്പിലെ ആവേശ പോരാട്ടത്തില്‍ ചെക്ക് റിപ്പബ്ലിക്കിനോട് കഷ്ടിച്ച് രക്ഷപെട്ട് പോര്‍ച്ചുഗല്‍. കരുത്തരായ പോര്‍ച്ചുഗലിനെ നിര്‍ഭാഗ്യം വേട്ടയാടിയതും ചെക്ക് റിപ്പബ്ലിക്കിന് സംഭവിച്ച ചില പിഴവുകളും 2-1ന്റെ ജയം പറങ്കിപ്പടക്ക് സമ്മാനിക്കുകയായിരുന്നു. ഗ്രൂപ്പ് എഫില്‍ നടന്ന പോരാട്ടത്തില്‍ ഇരു ടീമും 3-5-2 ഫോര്‍മേഷനിലാണ് ഇറങ്ങിയത്. കളിയുടെ തുടക്കം മുതല്‍ പോര്‍ച്ചുഗലിനെ വിറപ്പിക്കാന്‍ ചെക്ക് റിപ്പബ്ലിക്കിനായി.

പോര്‍ച്ചുഗല്‍ മുന്നേറ്റങ്ങള്‍ക്കെല്ലാം തുടക്കം മുതല്‍ വെല്ലുവിളി ഉയര്‍ത്തിയത് ചെക്ക് റിപ്പബ്ലിക്കിന്റെ പ്രതിരോധ നിരയാണ്. വിങ്ങുകളിലൂടെയും ലോങ് ബോളുകളിലൂടെയും പോര്‍ച്ചുഗല്‍ തുടക്കത്തില്‍ നടത്തിയ ശ്രമങ്ങളെല്ലാം ചെക്ക് റിപ്പബ്ലിക്കിന്റെ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആദ്യ സമയങ്ങളില്‍ നിറം മങ്ങിയപ്പോള്‍ ബ്രൂണോ ഫെര്‍ണാണ്ടസാണ് കളം നിറഞ്ഞത്. റൊണാള്‍ഡോയുടെ ചില മികച്ച ഷോട്ടുകള്‍ ഗോള്‍കീപ്പര്‍ തടുത്തു.

32ാം മിനുട്ടില്‍ ചെക്ക് പ്രതിരോധ കോട്ട പൊളിച്ച് ബ്രൂണോ നല്‍കിയ പാസ് റൊണാള്‍ഡോയിലേക്ക്. ഫസ്റ്റ് ടൈം ഷോട്ട് പായിക്കാന്‍ റൊണാള്‍ഡോയ്ക്കായെങ്കിലും ഗോളി യിന്‍ഡ്രിച്ച് സ്റ്റാനെക്ക് തടുത്തു. റീബൗണ്ട് പന്തില്‍ നിന്നുള്ള വിറ്റിഞ്ഞ്യയുടെ ഷോട്ടും ഗോളി പിടിച്ചു. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് അക്കൗണ്ട് തുറക്കാന്‍ റൊണാള്‍ഡോയ്ക്ക് വീണ്ടും അവസരം ലഭിച്ചെങ്കിലും അതും ലക്ഷ്യത്തിലെത്തിക്കാനായില്ല. കാന്‍സലോ നല്‍കിയ പാസില്‍ നിന്ന് റൊണാള്‍ഡോ തൊടുത്ത ഷോട്ട് സ്റ്റാനെക്ക് തടുത്തു.

ആദ്യ പകുതിയില്‍ 73% പന്തടക്കവും 1നെതിരേ 9 ഗോള്‍ശ്രമവുമായി പോര്‍ച്ചുഗല്‍ സര്‍വാധിപത്യം കാട്ടിയെങ്കിലും ലീഡ് സ്വന്തമാക്കാന്‍ സാധിച്ചില്ല. ഇതോടെ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിലും പോര്‍ച്ചുഗല്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം അകന്നുനിന്നു. പക്ഷെ 62ാം മിനുട്ടില്‍ പറങ്കിപ്പടയെ ഞെട്ടിച്ച് ചെക്ക് റിപ്പബ്ലിക്ക് അക്കൗണ്ട് തുറന്നു. ലൂക്കാസ് പ്രൊവോഡിന്റെ ഗോളിലാണ് ചെക്ക് ടീം മുന്നിലെത്തിയത്.

പോര്‍ച്ചുഗല്‍ ബോക്‌സില്‍ നിന്ന് പുറത്തേക്ക് വ്‌ളാഡിമിര്‍ കൗഫാല്‍ നല്‍കിയ പാസിനെ തകര്‍പ്പന്‍ ഷോട്ടിലൂടെ പ്രൊവോഡ് ലക്ഷ്യത്തിലെത്തിച്ചു. ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നു കളിച്ച പോര്‍ച്ചുഗല്‍ ഏഴ് മിനുട്ടിനുള്ളില്‍ ഗോള്‍ മടക്കി. 69ാം മിനുട്ടില്‍ സെല്‍ഫ് ഗോളാണ് പോര്‍ച്ചുഗലിന് സമനില നേടിക്കൊടുത്തത്. വിറ്റിഞ്ഞ്യ ബോക്‌സിലേക്ക് നല്‍കിയ പന്തിലെ ന്യൂനോ മെന്‍ഡെസിന്റെ ഹെഡര്‍ സ്റ്റാനെക്ക് തട്ടിയകറ്റിയപ്പോള്‍ ചെക്ക് റിപ്പബ്ലിക്ക് സെന്റര്‍ ബാക്ക് റോബിന്‍ റാനാക്കിന്റെ കാലില്‍ തട്ടി പോസ്റ്റിലെത്തുകയായിരുന്നു.

PORTUGAL

photocredit: https://x.com/EURO2024/status/1803177565147849016/photo/1

പിന്നീട് മത്സരം വാശിയേറിയതായി. പോരാട്ടം കടുത്തതോടെ മത്സരം പരുക്കനായി. 87ാം മിനുട്ടില്‍ റൊണാള്‍ഡോയുടെ ഹെഡര്‍ പോസ്റ്റിലിടിച്ച് മടങ്ങി. റീബൗണ്ട് പന്ത് ജോട്ട വലയിലെത്തിച്ചെങ്കിലും റൊണാള്‍ഡോ ഓഫ് സൈഡായിരുന്നു. 90ാം മിനുട്ടില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തിയ പോര്‍ച്ചുഗല്‍ ഇഞ്ചുറി ടൈമില്‍ ഫലം കണ്ടു. പകരക്കാരന്‍ നെറ്റോയുടെ ക്രോസ് ചെക്ക് താരം തടഞ്ഞെങ്കിലും പിഴച്ചു. പന്ത് ഫ്രാന്‍സിസ്‌കോ കോണ്‍സെയ്‌സോയ്ക്ക് മുന്നില്‍.

21കാരനായ ഫ്രാന്‍സിസ്‌കോ തൊടുത്ത ഷോട്ട് പന്ത് വലയിലെത്തിയതോടെ ഇഞ്ചുറി ടൈം ഗോളില്‍ പോര്‍ച്ചുഗലിന് ജയം. മത്സരത്തിലൂടെ യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ കളിച്ച താരമെന്ന റെക്കോഡ് റൊണാള്‍ഡോ സ്വന്തമാക്കി. സ്‌പെയിന്റെ ഈക്കര്‍ കസിയസിന്റെ അഞ്ച് യൂറോ കപ്പെന്ന റെക്കോഡാണ് റൊണാള്‍ഡോ മറികടന്നത്. യൂറോ കപ്പില്‍ കൂടുതല്‍ ഗോളെന്ന റെക്കോഡും റൊണാള്‍ഡോയുടെ പേരിലാണ്. 14 ഗോളുകളാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്.

യൂറോ കപ്പ് കളിച്ച ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡാണ് പെപ്പെ സ്വന്തമാക്കിയത്. 41 വയസും മൂന്ന് മാസവുമാണ് പെപ്പെയുടെ പ്രായം. എന്തായാലും ജയത്തോടെ തുടങ്ങാന്‍ സാധിച്ചത് പോര്‍ച്ചുഗലിന് വലിയ ആത്മവിശ്വാസം നല്‍കുമെന്നുറപ്പാണ്.

Story first published: Wednesday, June 19, 2024, 6:42 [IST]
Other articles published on Jun 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+