സെല്‍സന്‍കിര്‍ഷന്‍: യൂറോ കപ്പിലെ കരുത്തരുടെ പോരാട്ടത്തില്‍ ഇറ്റലിയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് സ്‌പെയിന്‍ പ്രീ ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടിയതോടെയാണ് സ്‌പെയിന്‍ പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തത്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ 55ാം മിനുട്ടില്‍ പിറന്ന സെല്‍ഫ് ഗോളിന്റെ കരുത്തിലാണ് സ്പാനിഷ് നിര വിജയം നേടിയെടുത്തത്. സ്പാനിഷ് ആക്രമണ നിര ഗംഭീര പ്രകടനം നടത്തിയപ്പോള്‍ ഇറ്റാലിയന്‍ പ്രതിരോധ നിരയും കൈയടി നേടി.
4-3-3 എന്ന സ്വഭാവിക ശൈലിയിലിറങ്ങിയ സ്‌പെയിനെ 4-2-3-1 ഫോര്‍മേഷനിലാണ് ഇറ്റലി നേരിട്ടത്. തുടക്കം മുതല്‍ സ്‌പെയിന്റെ ആക്രമണമാണ് കണ്ടത്. മത്സരം തുടങ്ങി ഒന്നര മിനുട്ടിനുള്ളില്‍ ഇറ്റലിയുടെ ഗോള്‍ മുഖം വിറച്ചു. നിക്കോ വില്യംസിന്റെ ക്രോസില്‍ നിന്നുള്ള പെഡ്രിയുടെ തകര്‍പ്പന്‍ ഹെഡര്‍ ഇറ്റാലിയന്‍ ഗോളശി ഡൊണ്ണരുമ അവിശ്വനസനീയമായാണ് തട്ടിയകറ്റിയത്. ആക്രമണം തുടര്‍ന്ന സ്‌പെയിന്‍ 11ാം മിനുട്ടില്‍ വീണ്ടും ഇറ്റലിയെ ഞെട്ടിച്ചു.
അല്‍വാരോ മൊറാറ്റയുടെ ഷോട്ടില്‍ വില്യംസണ്‍ നടത്തിയ ഹെഡര്‍ പുറത്തേക്ക് പോയി. പന്ത് കൂടുതല്‍ സമയം കൈവെച്ച് ഇറ്റലിയെ തളര്‍ത്തുന്ന കളിയാണ് സ്‌പെയിന്‍ പുറത്തെടുത്തത്. വിങ്ങുകളിലൂടെയുള്ള മുന്നേറ്റമാണ് സ്‌പെയിന്‍ കൂടുതലായി നടത്തിയത്. ആദ്യ പകുതിയില്‍ ഇറ്റലി പ്രതിരോധത്തിലേക്ക് ഒതുങ്ങുന്നതാണ് കണ്ടത്. ഇറ്റലി നടത്തിയ ചില പ്രത്യാക്രമണങ്ങള്‍ സ്പാനിഷ് ബോക്‌സിലേക്കെത്തുന്നതിന് മുമ്പ് പ്രതിരോധിക്കപ്പെടുന്നതാണ് കണ്ടത്.
സ്പാനിഷ് ആക്രമണം കടുത്തതോടെ ഇറ്റലി പരുക്കന്‍ ശൈലിയിലേക്ക് മാറി. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ സ്‌പെയിന്‍ 61% പന്തടക്കത്തില്‍ മുന്നിലായിരുന്നു. 9 ഗോള്‍ശ്രമങ്ങള്‍ സ്‌പെയിന്‍ നടത്തിയപ്പോള്‍ ഒരു ശ്രമമാണ് ഇറ്റലിക്ക് നടത്താനായത്. ഇതില്‍ നിന്ന് തന്നെ സ്‌പെയിന്‍ പുലര്‍ത്തിയ ആധിപത്യം വ്യക്തമാണ്. രണ്ടാം പകുതിയില്‍ രണ്ട് മാറ്റങ്ങളോടെയാണ് ഇറ്റലി ഇറങ്ങിയത്. എന്നാല്‍ സ്‌പെയിന്‍ ആക്രമണം തുടര്‍ന്നു.

photocredit:https://x.com/EURO2024/status/1803876262127243452/photo/1
52ാം മിനുട്ടില്‍ കുക്കുറെയ്യ നല്‍കി പാസ് ബോക്‌സിന് മുന്നില്‍ നിന്ന പെഡ്രിക്ക് ലക്ഷ്യത്തിലേക്കെത്തിക്കാനായില്ല. താരത്തിന്റെ ഷോട്ട് പുറത്തേക്ക്. ഒടുവില്‍ മത്സരഫലത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ച ഗോള്‍ പിറന്നു. 55ാം മിനുട്ടില്‍ വില്യംസ് നടത്തിയ കുതിപ്പില്‍ നിന്ന് മൊറാട്ടയുടെ ഹെഡര്‍ ക്ലിയര്‍ ചെയ്യാനുള്ള ഇറ്റാലിയന്‍ ഗോളി ഡൊണ്ണരുമയുടെ ശ്രമം ഇറ്റാലിയന്‍ പ്രതിരോധ താരം റിക്കാര്‍ഡോ കാലഫിയോരിയുടെ മുട്ടിലിടിച്ച് പോസ്റ്റിലെത്തി. ഇതോടെ സെല്‍ഫ് ഗോളില്‍ സ്‌പെയിന്‍ മുന്നില്‍.
70ാം മിനുട്ടില്‍ നിക്കോ വില്യംസിന്റെ തകര്‍പ്പന്‍ ഷോട്ട് ക്രോസ്ബാറിലടിച്ച് പുറത്തുപോയി. ഇഞ്ചുറി ടൈമില്‍ അയോസെ പെരേസ് രണ്ട് ഗോളവസരങ്ങള്‍ നഷ്ടമാക്കി. ഒടുവില്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ കരുത്തില്‍ സ്‌പെയിന്‍ പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റ് നേടി.