കൊളോണ്‍: യൂറോ കപ്പിലെ ഗ്രൂപ്പ് സി പോരാട്ടത്തില്‍ വമ്പന്മാരായ ഇംഗ്ലണ്ടിന് സമനിലക്കുരുക്ക്. സ്ലൊവേനിയയാണ് ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. ഇംഗ്ലണ്ടിന്റെ പ്രകടനം നിരാശപ്പെടുത്തിയെങ്കിലും വീണ്ടും സമനില പിടിച്ചതോടെ പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുക്കാന്‍ ടീമിന് സാധിച്ചു. അതേ സമയം സെര്‍ബിയയെ സമനിലയില്‍ തളച്ചതോടെ ഡെന്മാര്‍ക്കും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. സെര്‍ബിയ പ്രീ ക്വാര്‍ട്ടറിലെത്താതെ പുറത്താവുകയും ചെയ്തു.
വമ്പന്‍ ജയം ലക്ഷ്യമിട്ട ഇംഗ്ലണ്ടിനെ പൂട്ടുന്ന പ്രകടനമാണ് സ്ലൊവേനിയ കാഴ്ചവെച്ചത്. 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ ഇംഗ്ലണ്ടിനെ 4-4-2 ഫോര്‍മേഷനിലാണ് സ്ലൊവേനിയ നേരിട്ടത്. വിരസമായ പ്രകടനമാണ് ഇംഗ്ലണ്ട് പുറത്തെടുത്തത്. ഹാരി കെയ്‌നും സാക്കയും ബെല്ലിങ്ഹാമും ഫോഡനുമെല്ലാം ഉള്‍പ്പെട്ട ശക്തമായ ടീമിനെയാണ് ഇംഗ്ലണ്ട് കളത്തിലിറക്കിയതെങ്കിലും സ്ലൊവേനിയക്കെതിരേ ജയിക്കാനായില്ല. 11ാം മിനുട്ടില്‍ ഗോളടിക്കാനുള്ള സുവര്‍ണ്ണാവസരം സ്ലൊവേനിയ താരം അന്‍ഡ്രാസ് സ്‌പൊറാര്‍ നഷ്ടപ്പെടുത്തി.
16ാം മിനുട്ടില്‍ എറിക് ജാന്‍സ ഇംഗ്ലണ്ട് ബോക്‌സിലേക്ക് ക്രോസ് നല്‍കിയെങ്കിലും സ്ലൊവേനിയന്‍ താരത്തിലേക്ക് പന്തെത്തുന്നതിന് മുമ്പ് തന്നെ ഇംഗ്ലണ്ട് പ്രതിരോധം ശ്രമം വിഫലമാക്കി. 20ാം മിനുട്ടില്‍ സ്ലൊവേനിയ പോസ്റ്റില്‍ പന്ത് കയറി. ബുക്കായ സാക്കയാണ് ലക്ഷ്യം കണ്ടത്. എന്നാല്‍ ഓഫ് സൈഡ് വിളിച്ചതോടെ ഗോള്‍ നിഷേധിക്കപ്പെട്ടു. 30ാം മിനുട്ടില്‍ മധ്യനിരയില്‍ നിന്ന് ഹാരി കെയ്‌നെ ലക്ഷ്യമാക്കി മികച്ചൊരു പാസ്. എന്നാല്‍ സ്ലൊവേനിയ പ്രതിരോധ നിരയുടെ ഇടപെടല്‍ കെയ്‌ന്റെ ഗോള്‍ശ്രമം തകര്‍ത്തു.
ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ 69% പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കാന്‍ ഇംഗ്ലണ്ടിനായി. മൂന്നിനെതിരേ ആറ് ഗോള്‍ശ്രമവും നടത്തിയെങ്കിലും ലക്ഷ്യത്തിലേക്കെത്താന്‍ സാധിച്ചില്ല. രണ്ടാം പകുതിയിലും ഇംഗ്ലണ്ട് നിരാശപ്പെടുത്തി. 53ാം മിനുട്ടില്‍ കെയ്ല്‍ വാക്കര്‍ മികച്ചൊരു ക്രോസ് ബോക്‌സിലേക്ക് നല്‍കിയെങ്കിലും പിടിച്ചെടുക്കാന്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്കായില്ല. അവസാന സമയങ്ങളില്‍ അല്‍പ്പം പരുക്കന്‍ കളി ഇംഗ്ലണ്ട് പുറത്തെടുത്തു. എന്നാല്‍ ഗോള്‍ നേടാനായില്ല.

photocredit: https://x.com/EURO2024/status/1805713089314074642/photo/1
ഇംഗ്ലണ്ടിന്റെ മുന്നേറ്റങ്ങള്‍ക്കൊന്നും കൃത്യതയില്ലായിരുന്നു. ഇതോടെ ഗോള്‍രഹിത സമനിലയിലേക്ക് ഒതുങ്ങേണ്ടി വന്നു. ഗ്രൂപ്പ് സിയില്‍ മൂന്ന് മത്സരത്തില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയും ഉള്‍പ്പെടെ അഞ്ച് പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍ കടന്നത്. അതേ സമയം തുടര്‍ച്ചയായ മൂന്നാം സമനിലയോടെ ഡെന്മാര്‍ക്ക് പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റ് നേടിയപ്പോള്‍ സെര്‍ബിയ പുറത്തായി. ആധിപത്യം പുലര്‍ത്തി കളിക്കാന്‍ ഡെന്മാര്‍ക്കിനായെങ്കിലും ലക്ഷ്യം അകന്ന് നിന്നു.
ഡെന്മാര്‍ക്കിന്റെ 3-4-1-2 ഫോര്‍മേഷനെ 3-4-2-1 ഫോര്‍മേഷനിലാണ് സെര്‍ബിയ നേരിട്ടത്. പന്തടക്കത്തില്‍ ഇരു ടീമും തുല്യത പുലര്‍ത്തിയപ്പോള്‍ ആക്രമണത്തില്‍ ഡെന്മാര്‍ക്കിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ വിജയം നേടാന്‍ സാധിക്കാതെ പോയി. 16ാം മിനുട്ടില്‍ ലീഡെടുക്കാനുള്ള അവസരം ഡെന്മാര്‍ക്കിന് ലഭിച്ചതാണ്. അലക്‌സാണ്ടര്‍ ബാഹിന് ലഭിച്ച പാസില്‍ നിന്ന് താരം തൊടുത്ത ഹെഡര്‍ നേരിയ വ്യത്യാസത്തിലാണ് ഗോളാകാതെ പോയത്.
21ാം മിനുട്ടില്‍ ക്രിസ്റ്റിയന്‍ എറിക്‌സന് മുന്നില്‍ സുവര്‍ണ്ണാവസരം. താരത്തിന്റെ ലോങ് റേഞ്ച് ഷോട്ട് സെര്‍ബിയന്‍ ഗോളി തടുത്തു. 78ാം മിനുട്ടില്‍ സെര്‍ബിയയുടെ അലക്‌സാണ്ടര്‍ മിത്രോവിച്ചിനെ ബോക്‌സില്‍ വീഴ്ത്തിയതിന് പെനല്‍റ്റിക്കായി അപ്പീല്‍. റഫറി വാര്‍ പരിശോധന നടത്തിയ ശേഷം പെനല്‍റ്റി നിഷേധിച്ചു. അവസാന സമയങ്ങളില്‍ കാര്യമായൊന്നും സംഭവിക്കാതിരുന്നതോടെ ഇരു ടീമും സമനിലയോടെ പിരിഞ്ഞു. 3 മത്സരത്തില്‍ നിന്ന് 2 പോയിന്റുള്ള സെര്‍ബിയക്ക് നാട്ടിലേക്ക് മടങ്ങേണ്ടിയും വന്നു.