യൂറോ കപ്പിലെ ആവേശ പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പങ്കിട്ടതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. സ്വിസ് താരം മാനുവല്‍ അക്കാഞ്ചിക്ക് ലക്ഷ്യം പിഴച്ചപ്പോള്‍ അഞ്ച് കിക്കും ലക്ഷ്യത്തിലെത്തിച്ച് ത്രീ ലയണ്‍സ് സെമി സീറ്റ് നേടുകയായിരുന്നു.
3-4-2-1 ഫോര്‍മേഷനിലിറങ്ങിയ ഇംഗ്ലണ്ടിനെ 3-4-3 ഫോര്‍മേഷനിലാണ് സ്വിറ്റ്‌സര്‍ലന്‍ഡ് നേരിട്ടത്. കരുത്തരായ ഇംഗ്ലണ്ടിനെ മികച്ച പാസുകളിലൂടെയാണ് തുടക്കം മുതല്‍ സ്വിസ് നിര വിറപ്പിച്ചത്. ഇംഗ്ലണ്ട് വമ്പന്മാരുടെ കരുത്ത് കാട്ടിയെങ്കിലും സ്വിറ്റ്‌സര്‍ലന്‍ഡ് പതറാതെ കളിച്ചു. നാലാം മിനുട്ടില്‍ ഇംഗ്ലണ്ടിന്റെ ബുക്കായോ സാക്ക മികച്ച മുന്നേറ്റം നടത്തിയെങ്കിലും ക്രോസ് ചെയ്ത് മുന്നേറാനായില്ല.
ഒമ്പതാം മിനുട്ടില്‍ സ്വിസ് താരം ഫാബിയന്‍ റൈഡര്‍ ബോക്‌സിനകത്തേക്ക് പാസ് നല്‍കിയെങ്കിലും കൃത്യമായി ഓടിയെത്താന്‍ സഹതാരങ്ങളള്‍ക്കായില്ല. കൂടുതല്‍ സമയം പന്തടക്കിവെച്ച് കളിക്കാനുള്ള ശ്രമമാണ് ഇംഗ്ലണ്ട് നടത്തിയത്. പാസുകളിലൂടെ ത്രീ ലയണ്‍സ് തന്ത്രം മെനയുന്നതാണ് ആദ്യ സമയങ്ങളില്‍ കണ്ടത്. 14ാം മിനുട്ടില്‍ ഇംഗ്ലണ്ടിന്റെ ഡിക്ലാന്‍ റൈസിന്റെ ഷോട്ട് പ്രതിരോധനിര തടുത്തു.
17ാം മിനുട്ടില്‍ ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നെ പ്രതിരോധ നിര ബോക്‌സില്‍ തട്ടിയിട്ടു. പെനല്‍റ്റിക്കായി ഇംഗ്ലണ്ട് വാദിച്ചെങ്കിലും റഫറി പരിഗണിച്ചില്ല. ഇരു ടീമിന്റേയും പ്രതിരോധ നിര അവസരത്തിനൊത്ത് ഉയര്‍ന്നതോടെ മുന്നേറ്റങ്ങളൊന്നും ഗോളിലേക്കെത്താതെയായി. 21ാം മിനുട്ടില്‍ ബോക്‌സിലേക്കെത്തിയ ക്രോസ് ഹാരി കെയ്ന്‍ ഹെഡ് ചെയ്‌തെങ്കിലും പോസ്റ്റിന്റെ വലത് വശത്തുകൂടി കടന്ന് പോയി.

ഇംഗ്ലണ്ടിന്റെ പാസിലൂടെ മുന്നേറാനുള്ള നീക്കങ്ങള്‍ സ്വിസ് പ്രതിരോധനിര ഫലപ്രദമായി തടുത്തു. 43ാം മിനുട്ടില്‍ ബോക്‌സിലേക്ക് ഇംഗ്ലണ്ടിന്റെ ബുക്കായോ സാക്കയ്ക്ക് പാസ് ലഭിച്ചെങ്കിലും ഷോട്ട് പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. ആദ്യ പകുതിയില്‍ ഇരു ടീമും ഗോള്‍രഹിതമായാണ് പിരിഞ്ഞത്. ആദ്യ പകുതിയില്‍ 54% പന്തടക്കിവെക്കാനും ഒന്നിനെതിരേ അഞ്ച് ഗോള്‍ശ്രമം നടത്താനും ഇംഗ്ലണ്ടിനായി.
രണ്ടാം പകുതിയിലും പോരാട്ടവീര്യം കൈവിടാതെ സ്വിസ് നിര പൊരുതി. 51ാം മിനുട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് മുന്നില്‍ സുവര്‍ണ്ണാവസരം. ബോക്‌സിനുള്ളിലേക്ക് ലഭിച്ച പാസിനെ പ്രതിരോധ നിരയെ കബളിപ്പിച്ച് പോസ്റ്റിലെത്തിക്കാന്‍ സ്വിസ് താരം ബ്രീസ് എംബോളോയുടെ ശ്രമം. എന്നാല്‍ ദുര്‍ബലമായ ഷോട്ട് ഗോളി അനായാസം തടുത്തു. രണ്ട് ടീമും ശക്തമായ പ്രകടനം നടത്തിയതോടെ മത്സരം പരുക്കനായി മാറി. നീളന്‍ പാസുകളിലൂടെ സ്വിസ് നിര ഇംഗ്ലണ്ട് ഗോള്‍മുഖത്തേക്ക് പന്തെത്തിച്ചു.
എന്നാല്‍ പ്രതിരോധ നിരയുടെ മികവിനെ മറികടക്കാന്‍ സാധിക്കാതെ വരുന്നു. വേഗത്തിലുള്ള മുന്നേറ്റങ്ങളിലൂടെ ലക്ഷ്യം കാണാന്‍ ഇരു ടീമും ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലേക്കെത്തുന്നില്ല. 66ാം മിനുട്ടില്‍ ബോക്‌സിലേക്ക് ലഭിച്ച പാസില്‍ നിന്ന് സ്വിസ് താരം മൈക്കല്‍ എയ്ബിഷറിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി. ഒടുവില്‍ പാസുകളിലൂടെയുള്ള സ്വിറ്റ്‌സര്‍ലന്‍ഡിന്റെ നീക്കം ഫലം കണ്ടു.
75ാം മിനുട്ടില്‍ ബ്രീല്‍ എംബോളോയ്ക്ക് പോസ്റ്റിന് തൊട്ടടുത്ത് വെച്ച് ലഭിച്ച പാസിനെ താരം പോസ്റ്റിലേക്ക് തട്ടിയിട്ടു. ഇംഗ്ലണ്ട് പ്രതിരോധത്തിന്റെ വീഴ്ചയിലാണ് ഈ ഗോള്‍ പിറന്നത്. ഗോള്‍ വഴങ്ങിയതിന് പിന്നാലെ രണ്ട് മാറ്റങ്ങള്‍ വരുത്തി ഇംഗ്ലണ്ട്. ഈ നീക്കം ഫലം കണ്ടു. 80ാം മിനുട്ടില്‍ ഇംഗ്ലണ്ട് ഗോള്‍മടക്കി. ഡെക്ലാന്‍ റൈസിന്റെ പാസില്‍ ബുക്കായോ സാക്ക തൊടുത്ത ഇടം കാല്‍ഷോട്ട് പോസ്റ്റിന്റെ ഇടത് മൂലയിലൂടെ വലയിലെത്തി.
സമനിലയിലേക്കെത്തിയതോടെ പോരാട്ടം കടുത്തു. 83ാം മിനുട്ടില്‍ ബോക്‌സിനുള്ളില്‍വെച്ച് ലഭിച്ച അവസരം ഹാരി കെയ്ന്‍ പാഴാക്കി. നിശ്ചിത സമയത്ത് ഇരു ടീമും 1-1 സമനിലയായതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. എന്നാല്‍ അധിക സമയത്തും ആര്‍ക്കും ലീഡെടുക്കാന്‍ സാധിക്കാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ആദ്യ കിക്കെടുത്ത ഇംഗ്ലണ്ടിന്റെ കോള്‍ പാള്‍മര്‍ ലക്ഷ്യം കണ്ടു. മറുപടിയില്‍ സ്വിറ്റ്‌സര്‍ലന്‍ിന്റെ മാനുവല്‍ അക്കാഞ്ചിയുടെ കിക്ക് ഗോളി തടുത്തു.
രണ്ടാം കിക്കെടുത്ത ജൂഡ് ബെല്ലിങ്ഹാം ലക്ഷ്യം കണ്ടു. മറുപടിയില്‍ സ്വിസ് താരം ഫാബിയാന്‍ ഷാര്‍ ലക്ഷ്യം കണ്ടു. മൂന്നാം കിക്കെടുത്ത ബുക്കായ സാക്കയും ലക്ഷ്യം കണ്ടു. മറുപടിയില്‍ ഷെദ്രാന്‍ ഷാഖിരിയും പന്ത് പോസ്റ്റിലാക്കി. നാലാം കിക്കെടുത്ത ഇംഗ്ലണ്ടിന്റെ ഇവാന്‍ ടോണിക്കും പിഴച്ചില്ല. മറുപടിയില്‍ സെക്കി ആംഡൗനിയും ലക്ഷ്യം കണ്ടു. അഞ്ചാം കിക്കെടുത്ത ട്രന്റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡും ലക്ഷ്യം കണ്ടതോടെ സ്വിറ്റ്‌സര്‍ലന്‍ഡിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് സെമിയില്‍.