
സെവിയ്യ: നിലവിലെ ചാംപ്യന്‍മാരായ പോര്‍ച്ചുഗലിന് യൂറോ കപ്പില്‍ നിന്നും മടക്കടിക്കറ്റ്. ലോക ഒന്നാംനമ്പര്‍ ടീമായ ബെല്‍ജിയമാണ് പറങ്കിപ്പടയെ പ്രീക്വാര്‍ട്ടറില്‍ ഞെട്ടിച്ചത്. ആവേശകരമായ മല്‍സരത്തില്‍ 1-0നായിരുന്നു ബെല്‍ജിയത്തിന്റെ വിജയം. 42ാം മിനിറ്റില്‍ തോര്‍ഗന്‍ ഹസാര്‍ഡ് വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെ നേടിയ ഗോളാണ് മല്‍സരവിധി നിര്‍ണയിച്ചത്.
രണ്ടാംപകുതിയില്‍ ഗോള്‍ മടക്കാന്‍ പോര്‍ച്ചുഗല്‍ കൈയ്‌മെയ് മറന്നു പൊരുതിയെങ്കിലും ബെല്‍ജിയം വിട്ടുകൊടുത്തില്ല. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരിയറിലെ ഒരുപക്ഷെ അവസാന യൂറോ മല്‍സരം കൂടിയായിരിക്കും ഇത്. 36കാരനായ റോണോയെ അടുത്ത ടൂര്‍ണമെന്റില്‍ കാണാന്‍ സാധ്യത കുറവാണ്. ക്വാര്‍ട്ടറില്‍ ഇറ്റലിയാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍.

ബെല്‍ജിയം- പോര്‍ച്ചുഗല്‍ പോരാട്ടത്തിന്റെ ആദ്യപകുതി അത്ര ആവേശകരമായിരുന്നില്ല. ഇരുടീമുകളും പന്ത് കൈവശം വച്ച് കൂടുതല്‍ സമയം കളിക്കാന്‍ ശ്രമിച്ചതോടെ ഗോള്‍ ശ്രമങ്ങള്‍ അധികമുണ്ടായില്ല. 25ാം മിനിറ്റിലായിരുന്നു ഗോള്‍കീപ്പര്‍ ആദ്യമായി കളിയില്‍ പരീക്ഷിക്കപ്പെട്ടത്. ബെല്‍ജിയം ഗോളി തിബോട്ട് കോട്വയുടെ വകയായിരുന്നു ഇത്. വെര്‍മെയ്‌ലന്റെ ഹാന്റ് ബോളിനെ തുടര്‍ന്ന് ബോക്‌സിന് തൊട്ടരികില്‍ വച്ച് പോര്‍ച്ചുഗലിന് അനുകൂലമായി ഫ്രീകിക്ക്. 20 വാര അകലെ നിന്നുള്ള റൊണാള്‍ഡോയുടെ ഫ്രീകിക്ക് കിറുകൃത്യമായിരുന്നു. വലയുടെ ഇടതുമൂല ലക്ഷ്യമായി തൊടുത്ത ഫ്രീകിക്ക് കോട്വ കുത്തിയകറ്റുകയായിരുന്നു.
37ാം മിനിറ്റിലാണ് ബെല്‍ജിയത്തിനു ആദ്യത്തെ ഗോളവസരം ലഭിച്ചത്. കെവിന്‍ ഡിബ്രൂയ്‌നയ്‌ക്കൊപ്പം പന്ത് കൈമാറി വലതു വിങിലൂടെ കയറിയ മ്യുനിയര്‍ ഷോട്ടുതിര്‍ത്തെങ്കിലും അത് പോര്‍ച്ചുഗീസ് ഗോളിക്കു കാര്യമായ വെല്ലുവിളി സൃഷ്ടിക്കാതെ പുറത്തുപോയി. 42ാം മിനിറ്റില്‍ പോര്‍ച്ചുഗലിനെ ഞെട്ടിച്ച് ബെല്‍ജിയം മുന്നിലെത്തി. വലതുവിങില്‍ നിന്നു മ്യുനിയര്‍ ബോക്‌സിനു കുറുകെ നല്‍കിയ പാസ് ഹസാര്‍ഡിന്. ബോക്‌സിനു പുറത്തു നിന്നു ഹസാര്‍ഡ് തൊടുത്ത വെടിയുണ്ട വലയില്‍ തുളഞ്ഞു കയറിയപ്പോള്‍ ഗോളിക്കു ഒന്നും ചെയ്യാനില്ലായിരുന്നു.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ പോര്‍ച്ചുഗല്‍ ശ്രമിച്ചുകൊണ്ടിരുന്നു. 59ാം മിനിറ്റില്‍ അവര്‍ ഒപ്പമെത്തേണ്ടതായിരുന്നു. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ റൊണാള്‍ഡോ നല്‍കിയ ബോള്‍ ജോട്ട ക്രോസ് ബാറിനു പുറത്തേക്കടിച്ചു നഷ്ടപ്പെടുത്തുകയായിരുന്നു. രണ്ടു മിനിറ്റിനുള്ളില്‍ പോര്‍ച്ചുഗലിന് മറ്റൊരു ഗോളവസരം. ഇത്തവണ ഗോള്‍കീപ്പര്‍ കോട്വ ബെല്‍ജിയത്തിന്റെ രക്ഷകനായി. ഇടതു വിങില്‍ നിന്നും റെനറ്റോ സാഞ്ചസ് നല്‍കിയ ക്രോസ് പിടിച്ചെടുത്ത് ഫെലിക്‌സ് ഗോളിനു ശ്രമിച്ചെങ്കിലും ഇടതുവശത്തേക്കു ഡൈവ് ചെയ്ത് കോട്വ ഇതു ബ്ലോക്ക് ചെയ്തു.
അവസാന 10 മിനിറ്റിനിട പോര്‍ച്ചുഗല്‍ പല തവണ ബെല്‍ജിയം ഗോള്‍മുഖം വിറപ്പിച്ചു. 82ാം മിനിറ്റില്‍ ഫെര്‍ണാണ്ടസിന്റെ കോര്‍ണര്‍ കിക്കില്‍ നിന്നും റൂബെന്‍ ഡയസിന്റെ ഹെഡ്ഡര്‍ ഗോളി കോട്വ കുത്തിയകറ്റി. തൊട്ടടുത്ത മിനിറ്റില്‍ ക്രോസ് ബാര്‍ പോര്‍ച്ചുഗലിനെ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞു. ഗ്വരേരോയുടെ വോളി ഗോളി കോട്വയെ കാഴ്ചക്കാരനാക്കി നിര്‍ത്തിയെങ്കിലും വലതു പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു. 88ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ മറ്റൊരു ഗോള്‍നീക്കം ഗോളി വിഫലമാക്കി. ഗ്വരേരോയുടെ ക്രോസില്‍ ബോക്‌സിനുള്ളില്‍ നിന്നും റൊണാള്‍ഡോയുടെ ഹെഡ്ഡര്‍ ആന്ദ്രെ സില്‍വ വലയിലെത്തിക്കും മുമ്പ് കോട്വ പന്തിനെ വരുതിയിലാക്കുകയായിരുന്നു.