Euro Cup 2021: 'സിംപിള്‍ ഇംഗ്ലീഷ്'- യുക്രെയ്‌നെ വാരി (4-0), ഡെന്‍മാര്‍ക്ക് x ഇംഗ്ലണ്ട് സെമി

റോം: യൂറോ കപ്പിലെ തികച്ചും ഏകപക്ഷീയമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ അനായാസ വിജയവുമായി ഇംഗ്ലണ്ട് സെമി ഫൈനലിലേക്കു ടിക്കറ്റെടുത്തു. അട്ടിമറി സ്വപ്‌നം കണ്ടിറിങ്ങിയ ആന്ദ്രെ ഷെവ്‌ചെങ്കോയുടെ യുക്രെയ്ന്‍ ഇംഗ്ലണ്ടിനു പറ്റിയ എതിരാളികള്‍ ആയിരുന്നില്ല. കാര്യമായ വെല്ലുവിളിയില്ലാതെ തന്നെ യുക്രെയ്‌നിനെ ഇംഗ്ലണ്ട് കെട്ടുകെട്ടിച്ചു. എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.

നായകന്‍ ഹാരി കെയ്ന്‍ ഇരട്ടഗോളുകളുമായി ഇംഗ്ലീഷ് വിജയത്തിനു ചുക്കാന്‍ പിടിച്ചു. 4,50 മിനിറ്റുകളിലായിരുന്നു കെയ്‌നിന്റെ ഗോളുകള്‍. ഹാരി മഗ്വയര്‍ (46ാം മിനിറ്റ്), പകരക്കാരനായി ഇറങ്ങിയ ജോര്‍ഡന്‍ ഹെന്‍ഡേഴ്‌സന്‍ (63) എന്നിവരും ഓരോ തവണ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ചരിത്രത്തിലാദ്യമായി യൂറോയുടെ ക്വാര്‍ട്ടര്‍ കളിക്കാനിറങ്ങിയ യുക്രെയ്ന്‍ നിരാശാജനകമായ പ്രകടനം നടത്തിയാണ് കീഴടങ്ങിയത്. കളിയുടെ ഒരു ഘട്ടത്തിലും ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ അവര്‍ക്കു സാധിച്ചില്ല. ഇംഗ്ലണ്ടിന്റെ സെമി പ്രവേശനത്തോടെ സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി. ഡെന്‍മാര്‍ക്കാണ് സെമിയില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ചൊവ്വാഴ്ച രാത്രി 12.30ന് ആദ്യ സെമിയില്‍ ഇറ്റലി സ്‌പെയിനിനെ നേരിടും. ബുധനാഴ്ച രാത്രി 12.30നാണ് ഇംഗ്ലണ്ട്-ഡെന്‍മാര്‍ക്ക് സെമി.

തൊട്ടുമുമ്പത്തെ ഡെന്‍മാര്‍ക്ക്- ചെക്ക് ക്വാര്‍ട്ടറിനു സമാനമായിരുന്നു ഈ മല്‍സരത്തിന്റെയും തുടക്കം. കളിയാരംഭിച്ച് നാലാം മിനിറ്റില്‍ത്തന്നെ നായകന്‍ കെയ്‌നിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തി. റഹീം സ്റ്റെര്‍ലിങായിരുന്നു ഗോളിനു വഴിമരുന്നിട്ടത്. ഇടതു വിങിലൂടെ കുതിച്ചെത്തി യുക്രെയ്ന്‍ പ്രതിരോധം കീറിമുറിച്ച് സ്‌റ്റെര്‍ലിങ് നല്‍കിയ ത്രൂബോള്‍ മുന്നിലേക്കു സ്ലൈഡ് ചെയ്ത് കെയ്ന്‍ വലയിലേക്കു തൊടുക്കുകയായിരുന്നു. ഗോള്‍കീപ്പറുടെ ദേഹത്തു തട്ടിയാണ് ഈ ബോള്‍ വലയില്‍ പതിച്ചത്.

തുടര്‍ന്നും ഇംഗ്ലണ്ടാണ് കളി നിയന്ത്രിച്ചത്. കൗണ്ടര്‍ അറ്റാക്കുകള്‍ക്കായി കാത്തിരിക്കുകയെന്ന തന്ത്രമായിരുന്നു യുക്രെയ്ന്‍ പരീക്ഷിച്ചത്. 17ാം മിനിറ്റില്‍ അവര്‍ ഇംഗ്ലീഷ് ഗോളി പിക്‌ഫോഡിനെക്കൊണ്ട് ആദ്യത്തെ സേവ് നടത്തി. കൈല്‍ വാക്കര്‍ ക്ലിയര്‍ ചെയ്ത ബോളുമായെത്തിയ യറെംചുക്ക് ഇടതു വിങിലൂടെ ഡിഫന്‍ഡര്‍ ജോണ്‍ സ്‌റ്റോണ്‍സിനെയും കട്ട് ചെയ്ത ശേഷം തൊടുത്ത ഷോട്ട് പികോര്‍ഫോര്‍ഡ് കോര്‍ണറിലേക്കു ക്ലിയര്‍ ചെയ്തു.

33ാം മിനിറ്റില്‍ ഇംഗ്ലണ്ടിനു ലീഡുയര്‍ത്താന്‍ സുവര്‍ണാവസരം. ഇടതു വിങിലൂടെ പന്തുമായി കയറിയ സ്റ്റെര്‍ലിങ് ബോക്‌സിനുള്ളിലേക്കു ക്രോസ് നല്‍കിയെങ്കിലും ഇതു ക്ലിയര്‍ ചെയ്യപ്പെട്ടു. ബോള്‍ ബോക്‌സിനകത്തു നിന്ന ഇംഗ്ലീഷ് താരം റീസെയ്ക്ക്. താരം തകര്‍പ്പനൊരു ഷോട്ട് ഗോളിലേക്കു തൊടുത്തെങ്കിലും ഗോളി ഇതു സാഹസികമായി കുത്തിയകറ്റി. റീബൗണ്ടില്‍ ഇംഗ്ലീഷ് താരം മൗണ്ട് ഷോട്ടിനായി ശ്രമിച്ചെങ്കിലും ഇത്തവണ യുക്രെയ്ന്‍ പ്രതിരോധം ബ്ലോക്ക് ചെയ്ത് അപകടമൊഴിവാക്കി.

ഇതിനിടെ യുക്രെയ്‌നിന്റെ ഭാഗത്തു നിന്നും ചില കൗണ്ടര്‍ അറ്റാക്കുകള്‍ കണ്ടെങ്കിലും അവയൊന്നും ഓണ്‍ ടാര്‍ജറ്റായിരുന്നില്ല. 1-0ന്റെ ലീഡുമായി ആദ്യപകുതി അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ടിനു കഴിഞ്ഞു. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കി കളിയിലേക്കു തിരിച്ചുവരാമെന്ന പ്രതീക്ഷയോടെയെത്തിയ യുക്രയെ്‌നിന് ആദ്യ മിനിറ്റില്‍ത്തന്നെ അടുത്ത പ്രഹരമേറ്റു. മഗ്വയറിലൂടെ ഇംഗ്ലണ്ട് ലീഡുയര്‍ത്തി. കെയ്‌നിനെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നു ബോക്‌സിന്റെ ഇടതു ഭാഗത്തു നിന്നും ഇംഗ്ലണ്ടിനു ഫ്രീകിക്ക്. ലൂക്ക് ഷോയുടെ മനോഹരമായ ഫ്രീകിക്ക് മഗ്വയര്‍ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിച്ചു.

നാലു മിനിറ്റിനകം കെയ്ന്‍ തന്റെ രണ്ടാമത്തെയും ഇംഗ്ലണ്ടിന്റെ മൂന്നാമത്തെയും ഗോള്‍ നേടിയതോടെ യുക്രെയ്‌നിന്റെ തോല്‍വി ഉറപ്പായി. ഇടതു വിങില്‍ നിന്നും ലൂക്ക് ഷോ നല്‍കിയ ക്രോസ് ക്ലോസ്‌റേഞ്ച് ഹെഡ്ഡറിലൂടെ കെയ്ന്‍ വലയിലെത്തിച്ചപ്പോള്‍ യുക്രെയ്ന്‍ ഗോളിക്കു അമ്പരന്ന് നില്‍ക്കാനേ ആയുള്ളൂ. മൂന്നു ഗോള്‍ നേടിയിട്ടും ഇംഗ്ലണ്ടിന്റെ ഗോള്‍ ദാഹമടങ്ങിയില്ല. 63ാം മിനിറ്റില്‍ ഹെന്‍ഡേഴ്‌സന്‍ ഇംഗ്ലണ്ടിന്റെ നാലാം ഗോളിന് അവകാശിയായി. വലതുമൂലയില്‍ നിന്നുള്ള മാസണ്‍ മൗണ്ടിന്റെ കോര്‍ണര്‍ കിക്ക് ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെയാണ് ഹെന്‍ഡേഴ്‌സന്‍ ഗോളാക്കിയത്. ദേശീയ ടീമിനായി അദ്ദേഹത്തിന്റെ കന്നി ഗോള്‍ കൂടിയായിരുന്നു ഇത്.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 8 - October 20 2021, 07:30 PM
ശ്രീലങ്ക
അയർലൻഡ്
Predict Now
For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, July 4, 2021, 2:30 [IST]
Other articles published on Jul 4, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X