ലണ്ടന്‍: ആധുനിക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ് എര്‍ലിങ് ഹാളണ്ട്. ഇതിനോടകം ഗംഭീര പ്രകടനത്തോടെ എല്ലാവരുടേയും കൈയടി നേടാന്‍ ഹാളണ്ടിനായിട്ടുണ്ട്. നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരമായ ഹാളണ്ടിന് ഇപ്പോള്‍ വമ്പന്‍ കരാര്‍ ലഭിച്ചിരിക്കുകയാണ്. 2034വരെ മാഞ്ചസ്റ്റര്‍ സിറ്റിയുമായി ഹാളണ്ട് കരാറില്‍ ഒപ്പിട്ടിരിക്കുകയാണ്. ഒമ്പതര വര്‍ഷത്തേക്കുള്ള കരാറാണ് മാഞ്ചസ്റ്റര്‍ സിറ്റിയുമായി ഹാളണ്ട് ഒപ്പിട്ടിരിക്കുന്നത്. 24കാരനായ താരത്തില്‍ വലിയ ഭാവിയാണ് മാഞ്ചസ്റ്റര്‍ സിറ്റി കാണുന്നത്.
2022ല്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് ഹാളണ്ട് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെത്തിയത്. 125 മത്സരങ്ങള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിച്ച ഹാളണ്ട് 111 ഗോളുകള്‍ ടീമിനായി നേടിക്കഴിഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ മിഷ്യനാണ് ഹാളണ്ടെന്ന് പറയാം. 'ഇപ്പോള്‍ ഞാന്‍ വികസിക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. മികവിലേക്ക് ഇനിയും ഉയരാന്‍ ഞാന്‍ കഠിനമായി ശ്രമിക്കും. ശക്തമായി മുന്നോട്ട് പോകാനും ക്ലബ്ബിനെ വിജയത്തിലേക്കും കിരീട നേട്ടങ്ങളിലേക്കും ഉയര്‍ത്താനും കഴിവിന്റെ പരമാവധി ശ്രമിക്കും' എന്നാണ് ഹാളണ്ട് മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാറിലൊപ്പിട്ട ശേഷം പ്രതികരിച്ചത്.
മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ഒമ്പതര വര്‍ഷം തുടരാന്‍ ഹാളണ്ടിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. കരാര്‍ പ്രകാരം നോക്കിയാല്‍ 34 വയസുവരെ ഹാളണ്ട് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ തുടരും. നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റി ടീമിലെ പ്രധാന താരമായിത്തന്നെയാണ് ഹാളണ്ടിനെ കണക്കാക്കുന്നത്. എന്നാല്‍ ഒമ്പതര വര്‍ഷം ഇതേ ഫോമില്‍ കളിക്കാനും സിറ്റിയില്‍ തുടരാനും നോര്‍വേ സ്‌ട്രൈക്കര്‍ക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഈ സീസണിലെ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടില്ല.
നിലവില്‍ ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. 21 മത്സരത്തില്‍ ആറ് തോല്‍വിയും അഞ്ച് സമനിലയും നേരിട്ടപ്പോള്‍ 10 മത്സരങ്ങളാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയിക്കാനായത്. പെപ് ഗാര്‍ഡിയോളയെന്ന പരിശീലകന് കീഴില്‍ വലിയ ഉയര്‍ച്ച കൈവരിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സാധിച്ചിട്ടുണ്ട്.

എന്നാല്‍ ഇത്തവണ ആ മികവ് കാണാനാവാത്തതില്‍ ടീം ആരാധകരും നിരാശരാണ്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ലയണല്‍ മെസിയെ കൊണ്ടുവരാന്‍ മാഞ്ചസ്റ്റര്‍ സിറ്റി ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഈ കരാര്‍ നടക്കില്ലെന്നുറപ്പായിരിക്കുകയാണ്.
ഇത്തവണ കപ്പിലേക്കെത്താന്‍ സിറ്റിക്ക് സാധിച്ചേക്കില്ല. ഇനി വമ്പനൊരു തിരിച്ചുവരവ് നടത്തുക ടീമിനെ സംബന്ധിച്ച് പ്രയാസമാവും. ഈ സീസണില്‍ 16 ഗോളോടെ ഹാളണ്ട് ഗോള്‍ വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണുള്ളത്. ഇത്തവണ ടോപ് സ്‌കോററാവാന്‍ ഹാളണ്ടിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.