ഇതാണ് കളി, ഒന്നൊന്നര ലീഗ്... ഇനി പ്രീമിയര്‍ ലീഗ് പൂക്കാലം, യുനൈറ്റഡിന് ആദ്യ അങ്കം
ലണ്ടന്‍: റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിന് കൊടിയിറങ്ങിയതിന്റെ നിരാശയില്‍ നില്‍ക്കുന്ന കാല്‍പ്പന്തുകളി പ്രേമികള്‍ക്ക് ഇനി ഉല്‍സവകാലമാണ്. ലോകത്തിലെ ഏറ്റവും ആവേശകരമായ ഫുട്‌ബോള്‍ ലീഗെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് ഇന്നു തുടക്കമാവും. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് ലീഗിലെ കന്നിയംഗം.
മുന്‍ ചാംപ്യന്‍മാരും ഏറ്റവുമധികം തവണ കിരീടമുയര്‍ത്തി റെക്കോര്‍ഡിടുകയും ചെയ്ത മാഞ്ചസ്റ്റര്‍ യുനൈറ്റഡും 2016ല്‍ ജേതാക്കളായി ചരിത്രം കുറിച്ച ലെസ്റ്റര്‍ സിറ്റിയും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ഇനിയുള്ള വാരാന്ത്യങ്ങള്‍ ഫുട്‌ബോള്‍ ആരാധകരുടെ കണ്ണും കാതും ഇംഗ്ലണ്ടിലായിരിക്കും. പ്രീമിയര്‍ ലീഗിന്റെ 27ാമത് സീസണാണ് ഇത്തവണത്തേത്. ആഗസ്റ്റ് 10നു തുടങ്ങുന്ന പ്രീമിയര്‍ ലീഗ് പൂരത്തിന് കൊടിയിറങ്ങുന്നത് 2019 മെയ് 12നായിരിക്കും.

20 ക്ലബ്ബുകള്‍ അങ്കത്തട്ടില്‍
ഇംഗ്ലീഷ് ക്ലബ്ബ് ഫുട്‌ബോളിലെ സിംഹാസനം മോഹിച്ച് 20 ക്ലബ്ബുകളാണ് പോരാട്ടത്തിനിറങ്ങുക. ഇവരില്‍ കിരീടത്തിനു വേണ്ടിയുള്ള പ്രധാന അങ്കം അഞ്ചു ടീമുകള്‍ തമ്മിലായിരിക്കും. നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി, ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി, ലിവര്‍പൂള്‍, ആഴ്‌സനല്‍ എന്നിവരാണ് പതിവുപോലെ ഇത്തവണത്തെയും കിരീട ഫേവറിറ്റുകള്‍.
എന്നാല്‍ ബിഗ് ഫൈവിന്റെ ആധിപത്യം തകര്‍ത്ത് ലെസ്റ്റര്‍ ജേതാക്കളായതുപോലെ ഇത്തവണ കറുത്ത കുതിരകളാവാന്‍ ടോട്ടനം ഹോട്‌സ്പര്‍, എവര്‍ട്ടന്‍ എന്നിവരുമുണ്ടാവും.

രണ്ടു മല്‍സരങ്ങള്‍ വീതം
ഹോം, എവേ ഫോര്‍മാറ്റില്‍ ലീഗില്‍ ഒാരോ ടീമും പരസ്പരം രണ്ടു തവണ ഏറ്റുമുട്ടും. സീസണില്‍ 38 മല്‍സരങ്ങളാണ് ഒരു ടീമിനുണ്ടാവുക. പോയിന്റ് പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ അടുത്ത സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പുഘട്ടത്തിലേക്കു യോഗ്യത നേടും. എന്നാല്‍ പോയിന്റ് പട്ടികയില്‍ നാലാമതെത്തുന്ന ടീമിന് പ്ലേഓഫ് മല്‍സരത്തില്‍ ജയിച്ചാല്‍ മാത്രമേ ചാംപ്യന്‍സ് ലീഗിലേക്കു യോഗ്യത ലഭിക്കുകയുള്ളൂ.
ലീഗില്‍ അവസാന മൂന്നു സ്ഥാനങ്ങളില്‍ പെടാതിരിക്കാനായിരിക്കും ചെറു ടീമുകളുടെ ശ്രമം. അവസാന മൂന്ന് സ്ഥാനക്കാര്‍ അടുത്ത സീസണില്‍ ലീഗില്‍ നിന്നും തരംതാഴ്ത്തപ്പെടും.

ടീമുകളും പരിശീലകരും
ആഴ്‌സനല്‍- ഉനെയ് എമെറി
ബോണ്‍മൗത്ത്- എഡ്ഡി ഹോ
ബ്രൈറ്റണ്‍- ക്രിസ് ഹൂട്ടന്‍
ബേണ്‍ലി- സീന്‍ ഡൈക്ക്
കാര്‍ഡിഫ് സിറ്റി- നീല്‍ വാര്‍നോക്ക്
ചെല്‍സി- മൗറീസിയോ സാറി
ക്രിസ്റ്റല്‍ പാലസ്-റോയ് ഹോഡ്‌സന്‍
എവര്‍ട്ടന്‍- മാര്‍ക്കോ സില്‍വ
ഫുള്‍ഹാം- സ്ലാവിയ ജോക്കാനോവിച്ച്
ഹഡേഴ്‌സ്ഫീല്‍ഡ് ടൗണ്‍- ഡേവിഡ് വാഗ്നര്‍
ലെസ്റ്റര്‍ സിറ്റി- ക്ലോഡിയോ പ്യുയെല്‍
ലിവര്‍പൂള്‍-യുര്‍ഗന്‍ ക്ലോപ്പ്
മാഞ്ചസ്റ്റര്‍ സിറ്റി- പെപ് ഗ്വാര്‍ഡിയോള
മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- ജോസ് മൊറീഞ്ഞോ
ന്യൂകാസില്‍ യുനൈറ്റഡ്- റാഫേല്‍ ബെനിറ്റസ്
സതാംപ്റ്റന്‍-മാര്‍ക്ക് ഹ്യൂസ്
ടോട്ടനം ഹോട്‌സ്പര്‍- മൗറീഷ്യോ പൊക്കെറ്റിനോ
വാട്‌ഫോര്‍ഡ്-ജാവി ഗാര്‍ഷ്യ
വെസ്റ്റ്ഹാം- മാന്വല്‍ പെല്ലെഗ്രിനി
വോള്‍വര്‍ഹാംറ്റന്‍- ന്യൂനോ സാന്റോ

പ്രീമിയര്‍ ലീഗായത് 1992ല്‍
ഫുട്‌ബോള്‍ ലീഗെന്ന പേരില്‍ 1888ലാണ് ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ തുടക്കം. 1892ല്‍ ഫുട്‌ബോള്‍ ലീഗ് ഫസ്റ്റ് ഡിവിഷനെന്ന് ലീഗിന്റെ പേര് മാറ്റി. 1992വരെ ഇതേ പേരിലായിരുന്നു ലീഗ്. 1992 മുതലാണ് ഇത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗായി മാറുന്നത്.
ഏറ്റവുമധികം തവണ പ്രീമിയര്‍ ലീഗില്‍ ജേതാക്കളായ ടീമെന്ന റെക്കോര്‍ഡ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പേരിലാണ്. 20 തവണയാണ് റെഡ് ഡെവിള്‍സ് കിരീടത്തില്‍ മുത്തമിട്ടത്. ലിവര്‍പൂള്‍ 18ഉം ആഴ്‌സനല്‍ 13ഉം തവണ വിജയികളായിട്ടുണ്ട്. മറ്റു ടീമുകളൊന്നും കിരീടനേട്ടത്തില്‍ രണ്ടക്കം കടന്നിട്ടില്ല.
സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തല്‍സമയം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ തല്‍സമയം സംപ്രേക്ഷണാവകാശം സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കുത്തകയാണ്. ഇന്ത്യയെക്കൂടാതെ നേപ്പാള്‍, മാലദ്വീപ്, ശ്രീലങ്ക, ഭൂട്ടാന്‍ എന്നീവിടങ്ങളിലും സ്റ്റാര്‍ സ്‌പോര്‍ട്‌സ് തന്നെയാണ് മല്‍സരങ്ങള്‍ തല്‍സമയം കാണികള്‍ക്കു മുന്നിലെത്തിക്കുന്നത്.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വിവിധ ചാനലുകള്‍ കൂടാതെ ഹോട്‌സ്റ്റാറിലും പ്രീമിയര്‍ ലീഗ് തല്‍സമയം ആസ്വദിക്കാം.
ഈയാഴ്ച 10 മല്‍സരങ്ങള്‍
10 മല്‍സരങ്ങളാണ് പ്രീമിയര്‍ ലീഗില്‍ ഈയാഴ്ചയുള്ളത്. രാത്രി നടക്കുന്ന യുനൈറ്റഡ്- ലെസ്റ്റര്‍ പോരാട്ടം കഴിഞ്ഞാല്‍ ശനിയാഴ്ച ആറു കളികളുണ്ട്. വൈകീട്ട് അഞ്ചിന് ടോട്ടനം ഹോട്‌സ്പര്‍ ന്യൂകാസില്‍ യുനൈറ്റഡിനെ നേരിടും. രാത്രി 7.30ന് നാലു മല്‍സരങ്ങളാണുള്ളത്. കാര്‍ഡിഫ് ബോണ്‍മൗത്തിനെയും ഫുള്‍ഹാം ക്രിസ്റ്റല്‍ പാലസിനെയും ചെല്‍സി ഹഡേഴ്‌സ്ഫീല്‍ഡിനെയും വാട്‌ഫോര്‍ഡ് ബ്രൈറ്റണിനെയും നേരിടും. രാത്രി 10ന് എവര്‍ട്ടന്‍ വോള്‍ഫ്‌സുമായി മാറ്റുരയ്ക്കും.
ഞായറാഴ്ച വൈകീട്ട് ആറിന് ലിവര്‍പൂള്‍ വെസ്റ്റ്ഹാമുമായും സതാംപ്റ്റന്‍ ബേണ്‍ലിയുമായും ഏറ്റുമുട്ടും. രാത്രി 8.30ന് നടക്കുന്ന സീസണിലെ ആദ്യ ക്ലാസിക്കില്‍ നിലവിലെ ജേതാക്കളായ സിറ്റി ആഴ്‌സനലുമായി ശക്തി പരീക്ഷിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications