ലിസ്ബണ്‍/ പാരീസ്: യൂറോ കപ്പ് ഫുടബോള്‍ യോഗ്യതാ റൗണ്ടില്‍ ഗോള്‍മഴ. വമ്പന്‍ ടീമുകളെല്ലാം ഗോളുകള്‍ അടിച്ചുകൂട്ടി മികച്ച വിജയങ്ങളുമായി മുന്നേറ്റം നടത്തി. വിവിധ ഗ്രൂപ്പുകളിലായി നടന്ന ഏഴു യോഗ്യതാ മല്‍സരങ്ങളില്‍ 28 ഗോളുകളാണ് കണ്ടത്. നിലവിലെ യൂറോ കപ്പ് ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍, ലോക ചാംപ്യന്‍മാരായ ഫ്രാന്‍സ്, കരുത്തരായ ഇംഗ്ലണ്ട് തുടങ്ങിയവരെല്ലാം വിജയം കൊയ്തവരുടെ കൂട്ടത്തിലുണ്ട്.

ഗ്രൂപ്പ് എയില്‍ മോണ്ടെനെഗ്രോയെ ഏകപക്ഷീയമായ ഏഴു ഗോളുകള്‍ക്കു ഇംഗ്ലണ്ട് മുക്കുകയായിരുന്നു. ചെക്ക് റിപ്പബ്ലിക്ക് 2-1ന് കൊസോവോയെ മറികടന്നു. ഗ്രൂപ്പ് ബിയില്‍ ലിത്വാനിയക്കെതിരേ 6-0നായിരുന്നു പോര്‍ച്ചുഗലിന്റെ ആധികാരിക ജയം. സെര്‍ബിയ 3-2ന് ലക്‌സെംബര്‍ഗിനെ തോല്‍പ്പിച്ചു. ഗ്രൂപ്പ് സിയില്‍ ഫ്രാന്‍സ് 2-1ന് മാള്‍ഡോവയെ തോല്‍പ്പിച്ചപ്പോള്‍ തുര്‍ക്കി-ഐസ്ലാന്‍ഡ് (0-0), അന്‍ഡോറ- അല്‍ബേനിയ (2-2) മല്‍സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു.
യൂറോ യോഗ്യതാ റൗണ്ടില്‍ രണ്ടു താരങ്ങളാണ് വ്യക്തിഗത പ്രകടനം കൊണ്ടു ശ്രദ്ധിക്കപ്പെട്ടത്. ഹാട്രിക്കുകളുമായി ഇവര്‍ ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിക്കുകയായിരുന്നു. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ഹാട്രിക്ക് കൊയ്‌പ്പോള്‍ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനു വേണ്ടിയും ഹാട്രിക്ക് തികച്ചു. 18, 24, 37 മിനിറ്റുകളിലായിരുന്നു കെയ്‌നിന്റെ ഹാട്രിക്കെങ്കില്‍ 7, 22, 65 മിനിറ്റുകളിലായിരുന്നു റോണോ വില നിറച്ചത്. ദേശീയ ടീമിനായി ഒമ്പതാമത്തെയും കരിയറിലെ 55ാമത്തെയും ഹാട്രിക്കാണ് റൊണാള്‍ഡോ ഈ മല്‍സരത്തില്‍ നേടിയത്.
ഗ്രൂപ്പ് എച്ചില്‍ മാള്‍ഡോവയ്‌ക്കെതിരേ ഗോള്‍ വഴങ്ങിയ ശേഷമാണ് ഫ്രാന്‍സ് ജയവുമായി രക്ഷപ്പെട്ടത്. ഒമ്പതാം മിനിറ്റില്‍ തന്നെ വാദിം റാത്തയുടെ ഗോളില്‍ മാള്‍ഡോ മുന്നിലെത്തിയിരുന്നു. 35ാം മിനിറ്റില്‍ റാഫേല്‍ വരാനെയിലൂടെ ഫ്രാന്‍സ് ഒപ്പമെത്തി. 77ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഒലിവര്‍ ജിറൂഡിന്റെ വകയായിരുന്നു ഫ്രാന്‍സിന്റെ വിജയഗോള്‍.