എല്‍ ക്ലാസിക്കോ... ഇതിലും വലുത് സ്വപ്‌നങ്ങളില്‍ മാത്രം, വീണ്ടുമെത്തി കാല്‍പ്പന്തിന്‍ പൂരം
മാഡ്രിഡ്: ഒരുപക്ഷെ ലോകകപ്പ് ഫൈനലിനേക്കാളും ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന ത്രില്ലറാണ് എല്‍ ക്ലാസിക്കോ. രണ്ടു ക്ലബ്ബുകള്‍ തമ്മിലുള്ള പോരാട്ടമാണ് ഇതെങ്കിലും അതിനു രാജ്യങ്ങള്‍ തമ്മിലുള്ള വീറും വാശിയുമുണ്ട്. സ്പാനിഷ് ഫുട്‌ബോളിലെ അപ്രമാദിത്വം തെളിയിക്കാന്‍ ഒരിക്കല്‍ക്കൂടി ബദ്ധവൈരികളായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മില്‍ കൊമ്പുകോര്‍ക്കുകയാണ്.
ക്ലാസിക്കുകളുടെ ക്ലാസിക്ക് എന്നു വിശേഷിപ്പിക്കപ്പെടുന്ന എല്‍ ക്ലാസിക്കോയിലെ മറ്റൊരു മല്‍സരം ശനിയാഴ്ച നടക്കും. റയലിന്റെ ഹോംഗ്രൗണ്ടായ സാന്റിയാഗോ ബെര്‍നാബുവാണ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന കാല്‍പന്തില്‍ പൂരം നടക്കുന്നത്.

താളം വീണ്ടെടുത്ത് സുവാറസ്, റൊണാള്‍ഡോ
സീസണിന്റെ തുടക്കത്തില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ലോക ഫുട്‌ബോളറും റയല്‍ സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബാഴ്‌സയുടെ ഉറുഗ്വേ ഗോളടിവീരന്‍ ലൂയിസ് സുവാരസും താളം വീണ്ടെടുത്തത് എല്‍ ക്ലാസിക്കോയെ കൂടുതല്‍ ആവേശകരമാക്കും.
ഫിഫ ക്ലബ്ബ് ലോകകപ്പില്‍ റയലിനെ തുടര്‍ച്ചയായ രണ്ടാം കിരീടവിജയത്തിലേക്ക് നയിച്ചതിന്റെ ത്രില്ലിലാണ് ക്രിസ്റ്റി. ഫൈനലില്‍ റയലിന്റെ വിജയഗോള്‍ അദ്ദേഹത്തിന്റെ വകയായിരുന്നു.
അതേസമയം, ലീഗിലെ അവസാന കളിയില്‍ ഡിപോര്‍ട്ടീവോയെ ബാഴ്‌സ തുരത്തിയപ്പോള്‍ രണ്ടു ഗോളുകളുമായി സുവാറസ് ടീമിന്റെ ഹീറോയായിരുന്നു.

റയലിന് നിര്‍ണായകം
ഇത്തവണത്തെ എല്‍ ക്ലാസിക്കോ റയലിനേക്കാള്‍ നിര്‍ണായകം ബാഴ്‌സയ്ക്കാണ്. പോയിന്റ് പട്ടികയില്‍ തലപ്പത്തു നില്‍ക്കുന്ന ബാഴ്‌സയേക്കാള്‍ 11 പോയിന്റ് പിന്നിലാണ് റയല്‍. അതുകൊണ്ടു തന്നെ ഇനിയൊരു തിരിച്ചടി നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ റയലിനു സഹിക്കാനാവില്ല.
പോയിന്റ് പട്ടികയില്‍ നിലവില്‍ നാലാംസ്ഥാനത്താണ് റയല്‍. എന്നാല്‍ ബാഴ്‌സയെ അപേക്ഷിച്ച് ഒരു മല്‍സരം കുറച്ചേ കളിച്ചിട്ടുള്ളൂവെന്ന് റയലിന് ആശ്വസിക്കാം.

റയലിന്റെ മോശം തുടക്കത്തിനു കാരണം
സീസണില്‍ റയലിന്റെ മോശം തുടക്കത്തിനു കാരണം റൊണാള്‍ഡോയുടെ മോശം ഫോം തന്നെയാണ്. ആദ്യത്തെ എട്ടു കളികളില്‍ വെറും ഒരു ഗോള്‍ മാത്രമാണ് അദ്ദേഹത്തിനു നേടാന്‍ സാധിച്ചത്. ഗോള്‍ കണ്ടെത്താനാവാതെ പാടുപെട്ട റൊണാള്‍ഡോ അടുത്തിടെയാണ് തന്റെ ഗോള്‍വരള്‍ച്ചയ്ക്ക് അറുടിയിട്ടത്. ബാലണ്‍ഡിയോര്‍ ട്രോഫി വീണ്ടും സ്വന്തമാക്കിയ ശേഷമാണ് ഇതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് റൊണാള്‍ഡോ യഥാര്‍ഥ റൊണാള്‍ഡോയായത്.
വിവിധ ടൂര്‍ണമെന്റുകളിലായി അവസാന ഏഴു മല്‍സരങ്ങളില്‍ നിന്നും എട്ടു ഗോളുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു.

വിജയപ്രതീക്ഷയെന്ന് റൊണാള്‍ഡോ
ബാഴ്‌സയ്‌ക്കെതിരായ എല്‍ ക്ലാസിക്കോയില്‍ റയലിനു ജയിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് റൊണാള്‍ഡോ വ്യക്തമാക്കി. അബൂദബിയില്‍ നടന്ന ഫിഫ ക്ലബ്ബ് ലോകകപ്പില്‍ റയലിനെ ചാംപ്യന്‍മാരാക്കിയ ശേഷമായിരുന്നു സൂപ്പര്‍ താരത്തിന്റെ പ്രതികരണം.
ബാഴ്‌സയ്‌ക്കെതിരേ വിജയിക്കാന്‍ സാധിച്ചാല്‍ ലീഗില്‍ കിരീടസാധ്യത നിലനിര്‍ത്താന്‍ റയലിനാവും. വിമര്‍ശനങ്ങള്‍ക്ക് കളിക്കളത്തില്‍ മറുപടി നല്‍കാനാണ് ഇഷ്ടം. ആളുകളെ രസിപ്പിക്കുന്നതിനായി കഴിവിന്റെ പരമാവധി മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ ശ്രമിക്കുമെന്നും റൊണാള്‍ഡോ പറഞ്ഞിരുന്നു.

സൂപ്പര്‍ ഫോമില്‍ ബാഴ്‌സ
തകര്‍പ്പന്‍ ഫോമിലാണ് ഈ സീസണില്‍ ബാഴ്‌സ. സ്പാനിഷ് ലീഗിലും യുവേഫ ചാംപ്യന്‍സ് ലീഗിലുമെല്ലാം ബാഴ്‌സ അപരാജിത കുതിപ്പ് തുടരുകയാണ്.
സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ മാസ്മരിക പ്രകടനം തന്നെയാണ് ബാഴ്‌സയുടെ കുതിപ്പിന് വേഗം കൂട്ടിയത്. ഇപ്പോള്‍ സുവാരസും താളം വീണ്ടെടുത്തതോടെ ബാഴ്‌സ കൂടുതല്‍ അപകടകാരികളായി മാറിക്കഴിഞ്ഞു.

പോരിനു മുമ്പ് വാക്‌പോര്
ഫിഫയുടെ ക്ലബ്ബ് ലോകകപ്പ് കിരീടം തുടര്‍ച്ചയായി രണ്ടാം വട്ടവും കൈക്കലാക്കിയ റയലിന് എല്‍ ക്ലാസിക്കോയ്ക്ക് മുമ്പ് ബാഴ്‌സലോണ താരങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി റൊണാള്‍ഡോ പറഞ്ഞിരുന്നു.
എന്നാല്‍ എല്‍ ക്ലാസിക്കോയ്ക്ക് മുമ്പ് റയലിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കണമെന്ന ആവശ്യം ബാഴ്‌സലോണ തള്ളി. ബാഴ്‌സ ഡയറക്ടര്‍ ഗ്വിലെര്‍മോ അമോര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലായിരുന്നു റയല്‍ കിരീടം നേടിയതെങ്കില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുമായിരുന്നു. എന്നാല്‍ ക്ലബ്ബ് ലോകകപ്പില്‍ തങ്ങള്‍ കളിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications