ഇംഫാല്‍: ഐ ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാംപ്യന്‍മാരും ഈ സീസണിലെ അരങ്ങേറ്റക്കാരും തമ്മിലുള്ള മല്‍സരം സമനിലയില്‍ കലാശിച്ചു. കൊല്‍ക്കത്തയിലെ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിനെയാണ് നെറോക്ക എഫ്‌സി 1-1നു പിടിച്ചുകെട്ടിയത്. 0-1ന്റെ ജയത്തിലേക്ക് കുതിച്ച ബംഗാളിനെ 89ാം മിനിറ്റില്‍ നേടിയ ഗോളില്‍ നെറോക്ക തളയ്ക്കുകയായിരുന്നു. കളിയില്‍ ബംഗാളിനായിരുന്നു ആധിപത്യമെങ്കിലും കൗണ്ടര്‍ അറ്റാക്കുകളിലൂടെ നെറോക്കയും സാന്നിധ്യമറിയിച്ചു. അവസാന മിനിറ്റുകളില്‍ ബംഗാളിനെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രകടനമാണ് നെറോക്ക നടത്തിയത്.

13ാം മിനിറ്റില്‍ ജപ്പാനീസ് താരം കത്‌സുമി യുസയിലൂടെയാണ് ബംഗാള്‍ മുന്നിലെത്തുന്നത്. രണ്ടാം ഗോള്‍ നേടാന്‍ ബംഗാളിനു ചില മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഫിനിഷിങിലെ പിഴവുകള്‍ തിരിച്ചടിയായി. മറുഭാഗത്ത് കൗണ്ടര്‍ അറ്റാക്കിലൂടെ തിരിച്ചടിക്കുകയെന്ന തന്ത്രമാണ് നെറോക്ക പരീക്ഷിച്ചത്.
89ാം മിനിറ്റിലാണ് ബംഗാളിനെ സ്തബ്ധരാക്കി ബോസ്‌നിയന്‍ താരം നെദോ ട്യുര്‍കോവിച്ച് നെറോക്കയുടെ സമനില ഗോള്‍ നേടിയത്. ബോക്‌സിനു പുറത്തു വച്ചു താരം തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഗോളിയെ കാഴ്ചക്കാരനാക്കി വലയില്‍ പതിക്കുകയായിരുന്നു.
14 പോയിന്റുമായി ബംഗാളാണ് ലീഗില്‍ തലപ്പത്തു നില്‍ക്കുന്നത്. ഒരു മല്‍സരം കുറച്ചു കളിച്ച മിനെര്‍വ പഞ്ചാബ് എഫ്‌സി ഒരു പായിന്റ് പിറകിലായി രണ്ടാമതുണ്ട്. ബംഗാളിനെ തളച്ച നെറോക്ക 11 പോയിന്റോടെ ലീഗില്‍ മൂന്നാംസ്ഥാനത്തേക്കു കയറി.