ക്രൊയേഷ്യക്കു പിന്നില്‍ ഒരൊറ്റ 'ഫാക്ടറി'... സൂപ്പര്‍ താരങ്ങളുടെ പിറവി ഇവിടെ തുടങ്ങുന്നു
മോസ്‌കോ: യൂറോപ്യന്‍ ടീമായ ക്രൊയേഷ്യയാണ് ഇപ്പോള്‍ ലോക ഫുട്‌ബോളിലെ സംസാര വിഷയം. റഷ്യന്‍ ലോകകപ്പില്‍ കിരീട ഫേവറിറ്റുകളായിരുന്ന അര്‍ജന്റീനയെ തകര്‍ത്ത് നോക്കൗട്ട്‌റൗണ്ടിലേക്ക് മുന്നേറിയതോടെ ക്രൊയേഷ്യക്ക് ഏറെ ആരാധകരാണ് ഉണ്ടായിരിക്കുന്നത്. താരനിബിഡമായ അര്‍ജന്റീനയ്‌ക്കെതിരേ അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു ക്രൊയേഷ്യയുടേത്. കളിയുടെ എല്ലാ മേഖലയിലും അര്‍ജന്റീനയെ പിന്നിലാക്കിയാണ് ക്രൊയേഷ്യ ജയിച്ചു കയറിയത്.
എന്നാല്‍ ലോകകപ്പിലൂടെ ഹീറോകളായി മാറിയ ക്രൊയേഷ്യന്‍ ടീമിലെ ഭൂരിഭാഗം താരങ്ങളും ഒരൊറ്റ ക്ലബ്ബിന്റെ കണ്ടെത്തലാണെന്നതാണ് ശ്രദ്ധേയം. ക്രൊയേഷ്യയിലെ തന്നെ മുന്‍നിര ടീമായ ഡയനാമോ സെഗ്രബാണ് രാജ്യത്തെ ഈ ഫുട്‌ബോള്‍ ഫാക്ടറി.
അര്‍ജന്റീനയ്‌ക്കെതിരേ ക്രൊയേഷ്യയുടെ പെയിങ് ഇലവനിലുണ്ടായിരുന്ന ആറു താരങ്ങളും സെഗ്രബിന്റെ സംഭാവനകളാണ്. ഇവരില്‍ മൂന്നു പേര്‍ ക്ലബ്ബിന്റെ അക്കാദമിയിലൂടെയാണ് പന്ത് തട്ടി വളര്‍ന്നത്. എന്നാല്‍ സെഗ്രബിലൂടെ മികവ് തെളിയിച്ച ഈ താരങ്ങളെയെല്ലാം പിന്നീട് യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകള്‍ റാഞ്ചുകയായിരുന്നു.

ലോവ്‌റെന്‍, കോര്‍ലൂക്ക
ക്രൊയേഷ്യന്‍ ഡിഫന്‍ഡര്‍മാരായ ദെയാന്‍ ലോവ്‌റനും വെഡ്രന്‍ കോര്‍ലൂക്കയും സെഗ്രബിന്റെ കണ്ടെത്തലുകളാണ്. ഒരേ സമയത്താണ് ഇരുവരും സെഗ്രബിനൊപ്പം കരിയര്‍ ആരംഭിച്ചത്. സെഗ്രബിനായി 79 മല്‍സരങ്ങളില്‍ കളിച്ച കോര്‍ലൂക്ക എട്ടു ഗോളുകളും നേടി. പിന്നീട് സെഗ്രബ് വിട്ട താരം മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടനം ക്ലബ്ബുകള്‍ക്കായും കളിച്ചു.
ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്കെതിരേ പകരക്കാരനായി കോര്‍ലൂക്ക ഇറങ്ങിയിരുന്നു. താരത്തിന്റെ 100ാം മല്‍സരമായിരുന്നു ഇത്.
ലോവ്‌റനാവട്ടെ സെഗ്രബിനു വേണ്ടി 60 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇപ്പോള്‍ ലിവര്‍പൂളിന്റെ അവിഭാജ്യഘടകമാണ് അദ്ദേഹം. ക്രൊയേഷ്യക്കു വേണ്ടി 41 മല്‍സരങ്ങളില്‍ ഇറങ്ങിയ ലോവ്‌റന്‍ അര്‍ജന്റീനയ്‌ക്കെതിരേ ആദ്യ ഇലവനില്‍ തന്നെ കളിച്ചിരുന്നു.

വെര്‍സാല്‍ക്കോ, വിദ
ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്കെതിരേ ക്രൊയേഷ്യക്കായി കളിച്ച ഫുള്‍ ബാക്കുകളായ സിമെ വെര്‍സാല്‍ക്കോയും ഡൊമാഗോ വിദയും സെഗ്രബിന്റെ സംഭാവനകളാണ്. സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡിന്റെ താരമായ വെര്‍സാല്‍ക്കോ സെഗ്രബിന്റെ അക്കാദമിയിലൂടെയാണ് ഉയര്‍ന്നുവന്നത്. ക്ലബ്ബിനൊപ്പം ആറു കിരീടവിജയങ്ങളില്‍ അദ്ദേഹം പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്. 2011 മുതല്‍ ക്രൊയേഷ്യന്‍ ടീമിലെ സ്ഥിരസാന്നിധ്യമാണ് വെര്‍സാല്‍ക്കോ.
മറ്റൊരു ഡിഫന്‍ഡറായ വിദയും സെഗ്രബിലൂടെ മികവ് തെളിയിച്ച താരമാണ്. രണ്ടു സീസണുകൡ അദ്ദേഹം സെഗ്രബിനായി കളിച്ചിട്ടുണ്ട്. ദേശീയ ടീമിനു വേണ്ടി ഇതുവരെ 58 മല്‍സരങ്ങള്‍ കളിച്ച വിദ ഇപ്പോള്‍ പ്ലെയിങ് ഇലവനിലെ സ്ഥിര സാന്നിധ്യമാണ്.

ലൂക്കാ മോഡ്രിച്ച്, കൊവാസിച്ച്
ക്രൊയേഷ്യയുടെ ക്യാപ്റ്റനും ലോകത്തിലെ തന്നെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളുമായ ലൂക്കാ മോഡ്രിച്ചിനെയും സമ്മാനിച്ചത് സെഗ്രബ് തന്നെ. അര്‍ജന്റീനയ്‌ക്കെതിരേ തകര്‍പ്പന്‍ ഗോള്‍ നേടിയ മോഡ്രിച്ച് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. യൂറോപ്യന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് ടീമിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം.
ക്രൊയേഷ്യയുടെ മറ്റൊരു മിഡ്ഫീല്‍ഡറായ മറ്റെയോ കൊവാസിച്ചും സഗ്രെബിലൂടെയാണ് കളി പഠിച്ചത്. 73 മല്‍സരങ്ങളില്‍ അദ്ദേഹം സെഗ്രബിനായി ഇറങ്ങിയിട്ടുണ്ട്. ദേശീയ ടീമില്‍ മോഡ്രിച്ചിന്റെ പിന്‍ഗാമിയെന്നാണ് 24 കാരനായ കൊവാസിച്ച് വിലയിരുത്തപ്പെടുന്നത്. ക്രൊയേഷ്യന്‍ ടീമിലെ മറ്റൊരു താരമായ ബ്രോസോവിച്ചിന്റെയും തട്ടകം സെഗ്രബ് തന്നെ.

മാന്‍ഡ്യുകിച്ച്, ക്രമാറിച്ച്
ക്രൊയേഷ്യന്‍ ആക്രമണത്തിലെ കുന്തമുനയായ മരിയോ മാന്‍ഡ്യുകിച്ചും സെഗ്രബിന്റെ മുന്‍ താരമാണ്. 2007ലാണ് മാന്‍ഡ്യുകിച്ച് സെഗ്രബിലെത്തിയത്. ക്ലബ്ബിനായി 128 മല്‍സരങ്ങളില്‍ കളിച്ച സ്‌ട്രൈക്കര്‍ 63 ഗോളുകളും നേടിയിട്ടുണ്ട്. ഇപ്പോള്‍ ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിന്റെ സ്‌ട്രൈക്കറാണ് മാന്‍ഡ്യുകിച്ച്.
ക്രൊയേഷ്യക്കു വേണ്ടി 85 മല്‍സരങ്ങളിലാണ് താരം ഇതുവരെ കളിച്ചത്. 30 ഗോളുകളും മാന്‍ഡഡ്യുകിച്ച് നേടി. രാജ്യത്തിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയ രണ്ടാമത്തെ താരം കൂടിയാണ് അദ്ദേഹം.
യുവന്റസിലെയും ദേശീയ ടീമിലെയും തന്റെ സഹതാരമായ മാര്‍ക്കോ പ്യാക്കയും സെഗ്രബിനു വേണ്ടി കളിച്ചിട്ടുണ്ട്. ക്രൊയേഷ്യയുടെ മറ്റൊരു സ്‌ട്രൈക്കറായ ആന്ദ്രെ ക്രമാറിച്ചും സെഗ്രബിന്റെ മുന്‍ താരമാണ്. സെഗഗ്രബിലൂടെ കരിയര്‍ ആരംഭിച്ച ക്രമാറിച്ച് ദേശീയ ടീമിനു വേണ്ടി 33 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications