
മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിനിറങ്ങുന്ന ഫ്രാന്‍സും ഡെന്മാര്‍ക്കും ചൊവ്വാഴ്ച ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 7.30ന് മോസ്‌കോയിലെ ലുഷ്‌കിനി സ്‌റ്റേഡിയത്തിലാണ് മത്സരം. ആദ്യ രണ്ടു കളികളും ജയിച്ച ഫ്രാന്‍സും ഒരു കളിയും ഒരു സമനിലയുമായെത്തിയ ഡെന്മാര്‍ക്കും തമ്മിലുള്ള പോരാട്ടം ഗ്രൂപ്പ് ചാമ്പ്യന്മാരെ നിശ്ചയിക്കും.

പെറുവിനെയും ഓസ്‌ട്രേലിയയേയും ഒരു ഗോള്‍ മാര്‍ജിനില്‍ തോല്‍പ്പിച്ച ഫ്രാന്‍സ് പെരുമയ്‌ക്കൊത്ത പ്രകടനം ഇതുവരെ കാഴ്ചവെച്ചിട്ടില്ല. ലോകകപ്പിലെ ഫേവറിറ്റുകളിലൊന്നായ ടീം അവസാന മത്സരത്തില്‍ ഡെന്മാര്‍ക്കിനെ വീഴ്ത്തി ഗ്രൂപ്പ് ചാമ്പ്യന്മാരാകാനാണ് ശ്രമിക്കുക. കളിക്കാര്‍ക്ക് പരിക്കോ സസ്‌പെന്‍ഷനോ ഇല്ലാത്തത് ടീമിന് നേട്ടമാണ്. ഒലിവര്‍ ജിറൂഡ്, ഗ്രിസ്മാന്‍, ഡംബാലെ സംഖ്യത്തിന് സ്‌കോര്‍ ചെയ്യാന്‍ കഴിയുമെന്നാണ് ഫ്രാന്‍സിന്റെ പ്രതീക്ഷ.
മറുവശത്ത് ഡെന്മാര്‍ക്കിന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനുള്ള ശ്രമം കൂടിയാണ് ഫ്രാന്‍സിനെതിരായ മത്സരം. തോറ്റാല്‍ ഓസ്‌ട്രേലിയ പെറു മത്സരഫലത്തെ ആശ്രയിച്ചായിരിക്കും ഡെന്മാര്‍ക്കിന്റെ സാധ്യത. അതുകൊണ്ടുതന്നെ സമനിലയെങ്കിലും പിടിച്ചുപറ്റാനാകും ടീമിന്റെ ശ്രമം. എറിക്‌സണെ കേന്ദ്രമാക്കി കളിക്കുന്ന ടീം അതേ തന്ത്രം തന്നെയാകും ഫ്രാന്‍സിനെതിരെയും പുറത്തെടുക്കുക. മത്സരം സമനിലയില്‍ അവസാനിക്കുമെന്നാണ് പ്രവചനം.