ദില്ലി: മലയാളി ഡിഫന്‍ഡര്‍ റിനോ ആന്റോയ്ക്കു പിറകെ മറ്റൊരു താരം കൂടി കേരള ബ്ലാസ്റ്റേഴ്സ് വിട്ടു പുതിയ തട്ടകത്തിലേക്കു ചേക്കേറി. മണിപ്പൂരില്‍ നിന്നുള്ള മിഡ്ഫീല്‍ഡര്‍ സിയാം ഹംഗലാണ് മഞ്ഞപ്പടയോട് ഗുഡ്‌ബൈ പറഞ്ഞത്. ദിവസങ്ങള്‍ക്കു മുന്‍പ് റിനോയും ബ്ലാസ്റ്റേഴ്സ് വിട്ട് തന്‍റെ പഴയ ടീമായ ബെംഗളൂരു എഫ്സിയിലേക്കു തിരിച്ചുപോയിരുന്നു. 25കാരനായ ഹംഗല്‍ ഡല്‍ഹി ഡൈനാമോസുമായി രണ്ടു വര്‍ഷത്തെ കരാര്‍ ഒപ്പുവച്ചു. വായ്പയിലാണ് കഴിഞ്ഞ സീസണില്‍ ഹംഗല്‍ മഞ്ഞപ്പടയ്ക്കു വേണ്ടി കളിച്ചത്. എട്ടു മല്‍സരങ്ങളില്‍ താരം കളത്തിലിറങ്ങുകയും ചെയ്തു.

ടാറ്റാ ഫുട്‌ബോള്‍ അക്കാഡമിയുടെ കണ്ടെത്തലാണ് ഹംംഗല്‍. 2012ല്‍ ഐ ലീഗ് ടീമായിരുന്ന പൈലാന്‍ ആരോസിലൂടെയാണ് താരം കരിയര്‍ ആരംഭിച്ചത്. തൊട്ടടുത്ത സീസണില്‍ ഹംഗല്‍ ബെംഗളൂരു എഫ്‌സിയിലേക്കു ചേക്കേറുകയായിരുന്നു. ബെംഗളൂരുവിനൊപ്പം ഐ ലീഗ്, ഫെഡറേഷന്‍ കപ്പ് കിരീട വിജയങ്ങളില്‍ പങ്കാളിയാവാന്‍ താരത്തിനു കഴിഞ്ഞു. 2015ല്‍ വായ്പയില്‍ ഐഎസ്എല്‍ ടീമായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിലേക്കു ഹംഗല്‍ കൂടുമാറി. തൊട്ടടുത്ത സീസണില്‍ താരം ചെന്നൈയ്ന്‍ എഫ്‌സിയില്‍ എത്തുകയും ചെയ്തു. ഇന്ത്യയുടെ അണ്ടര്‍ 23 ടീമിനു വേണ്ടിയും കളിച്ച് മികവ് തെളിയിക്കാന്‍ ഹംഗലിനായിട്ടുണ്ട്. 2014ലെ ഏഷ്യന്‍ ഗെയിംസിലും താരം ഇന്ത്യന്‍ നിരയിലുണ്ടായിരുന്നു.
പുതിയ സീസണില്‍ ഡല്‍ഹിയിലേക്കു മാറാനായത് കരിയറിലെ വലിയ വഴിത്തിരിവാണന്നു ഹംഗല്‍ പറഞ്ഞു. ആകര്‍ഷകമായ അറ്റാക്കിങ് ഫുട്‌ബോള്‍ കളിക്കുന്ന ടീമാണ് ഡല്‍ഹി. തന്റെ ശൈലിക്ക് ഏറെ അനുയോജ്യമാണ് അവരുടെ ശൈലിയെന്നും താരം കൂട്ടിച്ചേര്‍ത്തു.