മുംബൈ: സൂപ്പര്‍താരങ്ങളെ തടയുകയാണ് ലോകകപ്പ് മത്സരങ്ങളില്‍ സൂപ്പര്‍ ടീമുകളെ ഞെട്ടിക്കാന്‍ എതിരാളികള്‍ പയറ്റുന്ന പ്രധാന തന്ത്രം. ഗ്രൂപ്പ് ഡി'യില്‍ അര്‍ജന്റീനയുമായുള്ള ആദ്യ മത്സരത്തില്‍ ലയണല്‍ മെസ്സിയെ ഐസ്ലാന്‍ഡ് തടഞ്ഞതാണ് ഇപ്പോള്‍ മറ്റ് ടീമുകള്‍ മാതൃകയാക്കുന്നത്. ക്രൊയേഷ്യ കോച്ച് സ്ലാട്കോ ഡാലികാണ് അര്‍ജന്റീന ഇതിഹാസത്തെ തടയാന്‍ വഴിതേടുന്നത്. ഇതിനായി മെസ്സിയുടെ സഹതാരവും ബാഴ്സലോണ മിഡ്ഫീല്‍ഡറുമായ ഇവാന് റാകിട്ടിച്ചിന്റെ ഉപദേശമാണ് ക്രൊയേഷ്യ കോച്ച് ആയുധമാക്കുന്നത്.
ഐസ്ലാന്‍ഡിന് എതിരെ 1-1ന്റെ സമനില നേടി നിരാശയോടെയാണ് ലോകകപ്പില്‍ അര്‍ജന്റീനയുടെ തുടക്കം. ക്രൊയേഷ്യ 2-0ന് നൈജീരിയയെ തകര്‍ത്താണ് വരുന്നത്. ഐസ്ലാന്‍ഡ് വൃത്തിയായി നടപ്പാക്കിയ ടാക്ലിംഗില് വീണ മെസി ഒരു പെനാല്‍റ്റി നഷ്ടമാക്കിയത് കടുത്ത നിരാശയായി മാറിയിരുന്നു. 2014 ലോകകപ്പ് ഫൈനലിലും സമാനമായ രീതിയില്‍ താരം പെനാല്‍റ്റി പാഴാക്കിയിരുന്നു.
അടുത്ത ഏതാനും ദിവസങ്ങളില്‍ റാകിടിച്ച് തന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുമെന്ന് ഡാലിക് വ്യക്തമാക്കി. മെസ്സിയെ എങ്ങിനെ തടയാമെന്നതാണ് ഉദ്ദേശം. താരങ്ങളില്‍ നിന്നും ഇത്തരം സഹായങ്ങള്‍ തേടാറുണ്ട്. ഇത്തരം ആശയവിനിമയങ്ങളും, നിര്‍ദ്ദേശങ്ങളും സ്വീകരിക്കാറുണ്ട്. ഇവാന് ആവശ്യമായ വിവരങ്ങള്‍ നല്‍കും, കോച്ച് ഡാലിക് പറയുന്നു. റയല്‍ താരങ്ങളായ ലുകാ മോഡ്രിച്ച്, മാറ്റിയോ കൊവാസിക് എന്നിവരുമായി മെസ്സിയെ നേരിടാനുള്ള അടവുകളെക്കുറിച്ച് ചര്‍ച്ച ചെയ്യും.
അതേസമയം, മെസ്സിയെ തടയാന്‍ കൃത്യമായ മാര്‍ഗ്ഗമൊന്നുമില്ലെന്നും ക്രൊയേഷ്യന്‍ കോച്ച് വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം. പക്ഷെ ഒരു താരത്തിന് ചെയ്യാന്‍ കഴിയുന്നതിലും അധികം നേട്ടം ഒരു ടീമിന് നേടാന്‍ കഴിയും, ഡാലിക് കൂട്ടിച്ചേര്‍ത്തു. അര്‍ജന്റീനയുടെ ക്രൊയേഷ്യയ്ക്കെതിരായ നിര്‍ണായക മത്സരം വ്യാഴാഴ്ചയാണ്. മത്സരത്തില്‍ ജയിച്ചില്ലെങ്കില്‍ ആദ്യ റൗണ്ടില്‍ പുറത്താകാനുള്ള സാധ്യതയാണ് മെസ്സിയെയും കൂട്ടരേയും കാത്തിരിക്കുന്നത്.