ആധുനിക ഫുട്‌ബോളിലെ പകരം വെക്കാനില്ലാത്ത പ്രതിഭാസമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പ്രായം തളര്‍ത്താത്ത പോരാളിയായി ഇപ്പോഴും കസറാന്‍ റൊണാള്‍ഡോയ്ക്ക് സാധിക്കുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡും റയല്‍ മാഡ്രിഡും കടന്ന് റൊണാള്‍ഡോ ഇപ്പോള്‍ സൗദി ക്ലബ്ബായ അല്‍ നസറിനായാണ് കളിക്കുന്നത്. ലീഗില്‍ മികച്ച പ്രകടനത്തോടെ കൈയടി നേടാനും റൊണാള്‍ഡോയ്ക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ സൗദി ലീഗായതിനാല്‍ റൊണാള്‍ഡോയ്ക്ക് പഴയതുപോലെ അംഗീകാരം കിട്ടുന്നില്ല.
ചാമ്പ്യന്‍സ് ലീഗ് കളിക്കാനാവുന്നില്ല. പ്രധാനപ്പെട്ട ടൂര്‍ണമെന്റില്‍ നിന്നെല്ലാം അദ്ദേഹം തഴയപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ റൊണാള്‍ഡോ പ്രമുഖ ലീഗിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. റൊണാള്‍ഡോയുടെ മടങ്ങിവരവ് എങ്ങോട്ടാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ റൊണാള്‍ഡോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ സഹതാരമായിരുന്ന ലൂയിസ് സാഹയാണ് റൊണാള്‍ഡോയുടെ പ്രീമിയര്‍ ലീഗിലേക്കുള്ള തിരിച്ചുവരവ് സൂചന നല്‍കിയിരിക്കുന്നത്.

റൊണാള്‍ഡോയുടെ കരാര്‍ 2025ല്‍ അവസാനിക്കും
നിലവില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും അല്‍ നസറും തമ്മിലുള്ള കരാര്‍ 2025 മാര്‍ച്ച് മാസത്തോടെ അവസാനിക്കുമെന്നാണ് വിവരം. അതുകൊണ്ടുതന്നെ റൊണാള്‍ഡോയുടെ കൂടുമാറ്റ സാധ്യത തള്ളിക്കളയാനാവില്ല. റൊണാള്‍ഡോ എന്ത് ചെയ്യുമെന്ന് പ്രവചിക്കാനാവില്ലെന്നും പ്രീമിയര്‍ ലീഗിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നുമാണ് സാഹ പറയുന്നത്. 1000 ഗോളെന്ന സ്വപ്‌നവുമായാണ് റൊണാള്‍ഡോ മുന്നോട്ട് പോകുന്നത്. ആരാധകര്‍ ചിന്തിക്കുന്നതിലും അപ്പുറം ചിന്തിക്കുന്നയാളാണ് റൊണാള്‍ഡോ.
അവന് ഇനിയും പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്താനാവുമെന്ന് തന്നെയാണ് കരുതുന്നത്. ഇനിയും നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ റൊണാള്‍ഡോക്ക് സാധിക്കും എന്നാണ് സാഹ പറയുന്നത്. റൊണാള്‍ഡോ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തിയാല്‍ അത് വലിയൊരു തിരിച്ചുവരവായിരിക്കും. അങ്ങനെ വന്നാല്‍ ഇന്റര്‍ മയാമി വിട്ട് ലയണല്‍ മെസി സ്പാനിഷ് ലീഗിലേക്ക് മടങ്ങിയെത്താനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. രണ്ട് പേരുടേയും ശക്തമായ തിരിച്ചുവരവ് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്.
ഉയര്‍ന്ന പ്രതിഫലം പ്രശ്‌നമാണ്
റൊണാള്‍ഡോയും മെസിയും പ്രധാന ലീഗിലേക്ക് തിരിച്ചെത്താത്തിന് കാരണം സാമ്പത്തികമാണ്. ഇരുവരും ആവശ്യപ്പെടുന്ന തുകയ്ക്ക് കളിക്കാന്‍ സാധിക്കുന്ന ടീം നിലവില്‍ ഇല്ലെന്നതാണ് വസ്തുത. റൊണാള്‍ഡോയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇനി ഒപ്പം കൂട്ടിയേക്കില്ല. റൊണാള്‍ഡോയുടെ താരപദവി ഉള്‍ക്കൊണ്ട് കളിപ്പിക്കാന്‍ സാധിക്കുന്ന മറ്റൊരു ടീം ഇല്ലെന്ന് തന്നെ പറയാം. റൊണാള്‍ഡോയെ ഭാവി പദ്ധതികളുടെ ഭാഗമായി പരിഗണിക്കാനാവില്ല.
അതുകൊണ്ടുതന്നെ ചെറിയ കാലത്തിലേക്കായി വലിയൊരു തുക റൊണാള്‍ഡോയ്ക്ക് മുടക്കുകയെന്നത് പ്രയാസമാണ്. ഈ സാഹചര്യത്തില്‍ റൊണാള്‍ഡോയുടെ പ്രീമിയര്‍ ലീഗിലേക്കുള്ള മടങ്ങിവരവ് സാധ്യത കുറവാണെന്ന് തന്നെ പറയാം. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് വമ്പന്‍ കരാറില്‍ റൊണാള്‍ഡോ തിരിച്ചുവരാനുള്ള സാധ്യത തള്ളിക്കളയാനും സാധിക്കില്ല.