നിന്നേക്കാള്‍ കേമന്‍ മെസ്സി!! പറഞ്ഞത് ടീമംഗങ്ങള്‍, റൊണാള്‍ഡോയുടെ കിടുക്കന്‍ മറുപടി...

ലണ്ടന്‍: ആധുനിക ഫുട്‌ബോളിലെ ഇതിഹാസതാരങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന താരങ്ങളാണ് ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. രണ്ടു പേരില്‍ ഏറ്റവും കേമന്‍ ആരെന്ന കാര്യത്തില്‍ മാത്രമാണ് ആരാധകര്‍ തമ്മില്‍ വാക്‌പോര് നടക്കുന്നത്.ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം കഴിഞ്ഞ 10 വര്‍ഷമായി ഇരുവരും ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല.
അഞ്ചു തവണ വീതം മെസ്സിയും റോണോയും അവാര്‍ഡ് പങ്കിടുകയായിരുന്നു. കളിക്കളത്തില്‍ മെസ്സിയും റോണോയും തമ്മില്‍ അത്ര നല്ല രസത്തില്‍ അല്ലെങ്കിലും കളത്തിനു പുറത്ത് ഇരുവരും സുഹൃത്തുക്കളാണ്. എന്നാല്‍ റൊണാള്‍ഡോയെ വാശി കയറ്റാന്‍ മെസ്സിയെ പുകഴ്ത്തി ടീമംഗങ്ങള്‍ മുമ്പ് സംസാരിച്ചിരുന്നതായി മുന്‍ ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ പീറ്റര്‍ ക്രൗച്ച് തന്റെ പുതിയ പുസ്തകത്തില്‍ എഴുതി.

സംഭവം മാഞ്ചസ്റ്റര്‍ യുനൈറ്റഡിലായിരുന്നപ്പോള്‍
റൊണാള്‍ഡോ ലോക ഫുട്‌ബോളിലെ ഏറ്റവും കേമനായ താരങ്ങളുടെ നിരയിലേക്കുയര്‍ന്നത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലായിരുന്നപ്പോഴാണ്. 2003ല്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ സ്‌പോര്‍ട്ടിങ് ലിസ്ബണില്‍ നിന്നും യുനൈറ്റഡിലെത്തിയതാണ് താരത്തിന്റെ കരിയറില്‍ വഴിത്തിരിവായത്.
അക്കാലത്ത് യുനൈറ്റഡ് ടീമിലെ സഹതാരങ്ങള്‍ മെസ്സിയെ പുകഴ്ത്തി റൊണാള്‍ഡോയോട് സംസാരിച്ചിരുന്നതായി ടീമംഗമായിരുന്ന റിയോ ഫെര്‍ഡിനാന്റാണ് തന്നോട് പറഞ്ഞിട്ടുള്ളതെന്ന് ക്രൗച്ച് പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്. റോണോയെ വാശി കയറ്റുന്നതിനു വേണ്ടിയാണ് ടീമംഗങ്ങള്‍ ഇങ്ങനെയൊരു കുസൃതി കാണിച്ചിരുന്നതെന്നും ഫെര്‍ഡിനാന്റ് തന്നോട് പറഞ്ഞിരുന്നതായി ക്രൗച്ച് സൂചിപ്പിച്ചു.

സൗന്ദര്യം ആസ്വദിക്കും
യുനൈറ്റഡിനായി കളിച്ചിരുന്നപ്പോള്‍ സ്വന്തം കളി മാത്രമല്ല സൗന്ദര്യവും ആസ്വദിച്ചിരുന്ന താരമായിരുന്നു റൊണാള്‍ഡോയെന്ന് ഫെര്‍ഡിനാന്റ് പറഞ്ഞിരുന്നു. കണ്ണാടിക്കു മുന്നില്‍ നഗ്നനായി നിന്ന് തലമുടിയിലൂടെ കൈവിരലുകള്‍ ഓടിച്ച് താനെത്ര സുന്ദരനാണെന്ന് റൊണാള്‍ഡോ സ്വയം പറഞ്ഞിരുന്നതായും ഫെര്‍ഡിനാന്റിനെ ഉദ്ധരിച്ച് ക്രൗച്ച് പുസ്തകത്തില്‍ എഴുതി.

മെസ്സിയെക്കുറിച്ച് പറയും
സ്വന്തം സൗന്ദര്യത്തെക്കുറിച്ച് റൊണാള്‍ഡോ ഇടയ്ക്കിടെ ഇങ്ങനെ പറയാന്‍ തുടങ്ങിയതോടെയാണ് ടീമംഗങ്ങള്‍ താരത്തെ പ്രകോപിപ്പിക്കാന്‍ മെസ്സിയെ പുകഴ്ത്തി സംസാരിക്കാന്‍ തുടങ്ങിയത്. നിന്നേക്കാള്‍ മികച്ച താരം മെസ്സിയാണെന്നും സഹതാരങ്ങള്‍ തുറന്നടിച്ചിരുന്നു.
എന്നാല്‍ ഇതൊന്നും റൊണാള്‍ഡോയെ അരിശംകൊള്ളിച്ചിരുന്നില്ല. മെസ്സി കാണാന്‍ തന്നെപ്പോലെ അല്ലല്ലോ എന്നായിരുന്നു അപ്പോള്‍ റോണോയുടെ മറുപടിയെന്നും ക്രൗച്ച് കുറിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications