ആധുനിക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. രണ്ട് പേരും തങ്ങളുടേതായ കരുത്തുകൊണ്ട് എല്ലാവരുടേയും കൈയടി നേടിയവരാണ്. റൊണാള്‍ഡോയും മെസിയും ഇപ്പോള്‍ കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. റൊണാള്‍ഡോ സൗദി ക്ലബ്ബിനായും മെസി അമേരിക്കന്‍ ക്ലബ്ബിനായുമാണ് കളിക്കുന്നത്. അടുത്ത ലോകകപ്പ് കളിക്കാന്‍ ഇവര്‍ക്ക് ഭാഗ്യമുണ്ടാവാന്‍ സാധ്യത കുറവാണ്.
എന്നാല്‍ രണ്ട് പേരും മികച്ച ഫോമിലാണ് കളിക്കുന്നത്. റൊണാള്‍ഡോയ്ക്ക് കഴിഞ്ഞ ദിവസം പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രധാന പുരസ്‌കാരമായ പ്ലാറ്റിനം ക്യുനാസ് നല്‍കിയിരുന്നു. 39കാരനായ താരത്തിന്റെ ഗോള്‍വേട്ടയിലെ മികവും ഫുട്‌ബോളിന് നല്‍കിയ സംഭാവനകളും വിലയിരുത്തിയാണ് ഇത്തരമൊരു പുരസ്‌കാരം നല്‍കിയിരിക്കുന്നത്. അല്‍ നാസര്‍ ക്ലബ്ബിനായി മികച്ച ഫോമില്‍ പന്ത് തട്ടുന്ന റൊണാള്‍ഡോ 15 മത്സരത്തില്‍ നിന്ന് 13 ഗോള്‍ ഇതിനോടകം നേടിക്കഴിഞ്ഞു.
ഇപ്പോഴിതാ കരിയറില്‍ 1000 ഗോളെന്ന ചരിത്ര നേട്ടം വിരമിക്കുന്നതിന് മുമ്പ് സ്വന്തമാക്കാന്‍ സാധിക്കുമോയെന്നതിനോട് പ്രതികരിച്ചിരിക്കുകയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. നിലവില്‍ 908 ഗോളാണ് പോര്‍ച്ചുഗല്‍ ഇതിഹാസത്തിന്റെ പേരിലുള്ളത്.

1000 ഗോളെന്നത് അപൂര്‍വ്വ നേട്ടം
1000 ഗോള്‍ നേടുകയെന്നത് മഹത്വരമായ കാര്യമാണ്. എന്നാല്‍ അത് സാധ്യമായില്ലെങ്കിലും പ്രശ്‌നമല്ല. കാരണം ഇപ്പോഴും ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം ഞാനാണ്. സത്യസന്ധമായി പറഞ്ഞാല്‍ ഇത്തരമൊരു നേട്ടത്തിനായി എന്തും ചെയ്യാം എന്ന മനസൊന്നും എനിക്കില്ല. ഈ നിമിഷങ്ങളില്‍ ജീവിക്കുന്നതാണ് ഏറ്റവും മനോഹരമായ കാര്യമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. വളരെയധികം ചിന്തിക്കേണ്ട കാര്യങ്ങളൊന്നും ഇതിലില്ല. ഭാവിയിലേക്ക് അധികം കടന്ന് ചിന്തുക്കുന്ന ആളല്ല ഞാന്‍.
ഈ സമയത്ത് സാധ്യമാകുന്നത് ആസ്വദിച്ച് ചെയ്യുക സന്തോഷം കണ്ടെത്തുക എന്നതാണ് എന്റെ രീതി' എന്നാണ് റൊണാള്‍ഡോ പറഞ്ഞത്. 92 ഗോളുകള്‍ കൂടി നേടിയാലേ റൊണാള്‍ഡോയ്ക്ക് ഈ മാജിക്കല്‍ സംഖ്യയിലേക്ക് എത്താന്‍ സാധിക്കൂ. എന്നാല്‍ ഇതൊട്ടും എളുപ്പമാവില്ല. 39കാരനായ റൊണാള്‍ഡോയ്ക്ക് ഇനി കൂടിയാല്‍ രണ്ട് വര്‍ഷം കൂടി കളിക്കാനായേക്കും. ഉയര്‍ന്ന ഫിറ്റ്‌നസുണ്ടെങ്കിലും റൊണാള്‍ഡോയുടെ പ്രായം അദ്ദേഹത്തെ തളര്‍ത്തുമെന്നുറപ്പാണ്.
മെസിയെക്കാളും കേമനോ റൊണാള്‍ഡോ
മെസി, റൊണാള്‍ഡോ എന്നിവരില്‍ ആരാണ് ബെസ്റ്റ് എന്നത് ഏറെ നാളുകളായുള്ള ചര്‍ച്ചാ വിഷയമാണ്. പലര്‍ക്കും വ്യത്യസ്തമായ അഭിപ്രായമാണ് ഇക്കാര്യത്തിലുള്ളത്. പ്രകടന മികവ് നോക്കുമ്പോള്‍ രണ്ട് പേരും തങ്ങളുടേതായ രീതികൊണ്ടും ശൈലികൊണ്ടും ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിച്ചവരാണ്. എന്നാല്‍ നിലവിലെ കരിയറിന്റെ വളര്‍ച്ച നോക്കുമ്പോള്‍ മെസി റൊണാള്‍ഡോയേക്കാള്‍ ഒരുപടി മുകളിലാണെന്ന് പറയാം.
എട്ട് ബാലന്‍ദ്യോര്‍ നേടിയ മെസി അര്‍ജന്റീനയെ ഫുട്‌ബോള്‍ ലോകകപ്പ് കിരീടം ചൂടിച്ചു. കൂടാതെ കോപ്പാ അമേരിക്കയിലും ചാമ്പ്യന്മാരാക്കി. എന്നാല്‍ ഇത്തരത്തില്‍ എടുത്ത് പറയാവുന്ന നേട്ടങ്ങള്‍ റൊണാള്‍ഡോക്ക് കരിയറില്‍ അവകാശപ്പെടാന്‍ സാധിക്കില്ലെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ കിരീട നേട്ടങ്ങള്‍ പരിഗണിക്കുമ്പോള്‍ മെസി റൊണാള്‍ഡോയേക്കാള്‍ ഒരുപടി മുകളിലാണ്.