ആധുനിക ഫുട്‌ബോളിലെ രണ്ടു ഇതിഹാസങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഒരുമിച്ച് ഒരേ ടീമിനു വേണ്ടി പന്തു തട്ടാനിറങ്ങിയാല്‍ എങ്ങനെയിരിക്കും? അതു അസാധ്യമാണെന്നു ഉറപ്പിക്കാന്‍ വരട്ടെ. ചില അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ ഇത്തരമൊരു അവിസ്മരണീയ മുഹൂര്‍ത്തത്തിന് ഫുട്‌ബോള്‍ ലോകം സാക്ഷിയായേക്കും. നിലവില്‍ മെസ്സി അമേരിക്കന്‍ ലീഗിലും റൊണാള്‍ഡോ സൗദി പ്രോ ലീഗിലുമാണ് കളിച്ചുകൊണ്ടിരിക്കുന്നത്.
എന്നാല്‍ റൊണാള്‍ഡോയെ അമേരിക്കന്‍ ലീഗിലേക്കു എത്തിക്കാന്‍ മുന്‍കൈയെടുക്കണമെന്നു ഇംഗ്ലണ്ടിന്റെ മുന്‍ ഇതിഹാസ താരം ഡേവിഡ് ബെക്കാമിനോടു ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ടീമംഗം കൂടിയായ ഗാരി നെവില്ലെ. ബെക്കാം സഹ ഉടമ കൂടിയായ ഇന്റര്‍ മയാമിക്കു വേണ്ടിയാണ് മെസ്സി കളിച്ചുകൊണ്ടിരിക്കുന്നത്.
ലൂയിസ് സുവാരസിനെയടക്കം പല സൂപ്പര്‍ താരങ്ങളെയും അവര്‍ ഇതിനകം റാഞ്ചിക്കഴിഞ്ഞു. ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മറെയും സ്വന്തമാക്കാന്‍ ഇന്റര്‍ മയായി നീക്കം തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു വൈകാതെ യാഥാര്‍ഥ്യമായേക്കുകയും ചെയ്യും. അതിനിടെയാണ് സൗദി ക്ലബ്ബായ അല്‍ നസറില്‍ നിന്നും റോണോയെയും പൊക്കാന്‍ ബെക്കാമിനോടു നെവില്ലെ പറഞ്ഞിരിക്കുന്നത്.

മെസ്സിയും റോണോയും ഒരേ ടീമില്‍
ദി ഓവര്‍ലാപ്പെന്ന ഗോള്‍ ഡോട്ട് കോമിന്റെ (Goal) പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും ഒരുമിച്ച് കളിക്കാനുള്ള സാധ്യതകളെക്കുറിച്ച് ഗാരി നെവില്ലെ സംസാരിച്ചത്.
അമേരിക്കയില്‍ ഫുട്‌ബോളെന്ന ഗെയിം കരുത്താര്‍ജിക്കുന്നത് ഞാന്‍ തിരിച്ചറിയുകയാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കകം ഫിഫയുടെ ലോകകപ്പും അവിടെ നടക്കാനിരിക്കുകയാണ്. ചിലപ്പോള്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും അമേരിക്കന്‍ ലീഗില്‍ ഒരേ ക്ലബ്ബിനായും കളിച്ചേക്കും. അതിനു കുറച്ചു ചെലവു വരും. ബെക്ക്‌സ് (ഡേവിഡ് ബെക്കാം) കൂട്ടുകാരാ, നീ വീണ്ടും പോക്കറ്റില്‍ കൈ ഇടൂയെന്നാണ് നെവില്ലെ ആവശ്യപ്പെട്ടിരിക്കുന്നത്.
ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയില്‍ നിന്നും അമേരിക്കയിലേ മേജര്‍ ലീഗ് സോക്കറിലേക്കു (MLS) ചേക്കേറിയ ശേഷം തകര്‍പ്പന്‍ പ്രകടനമാണ് മെസ്സി നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്റര്‍ മയാമിക്കൊപ്പം ചില കിരീട വിജയങ്ങളിലും അര്‍ജന്റൈന്‍ നായകന്‍ പങ്കാളിയാവുകയും ചെയ്തിരുന്നു.
തന്റെ മുഖ്യ എതിരാളിയായ മെസ്സിയുടെ പാത പിന്തുടര്‍ന്ന് റൊണാള്‍ഡോയും ഇനി അമേരിക്കന്‍ ലീഗിലേക്കു ചേക്കേറാനുള്ള സാധ്യത തള്ളാന്‍ സാധിക്കില്ല. എന്നാല്‍ രണ്ടു പേരെയും ഒരുമിച്ച് കളിപ്പിക്കണമെങ്കില്‍ വലിയൊരു തുക തന്നെ ഇന്റര്‍ മയാമിക്കു ചെലവഴിക്കേണ്ടതായി വരും.

എത്ര ട്രോഫികള്‍
പുതിയ ക്ലബ്ബുകള്‍ക്കൊപ്പം ഇതിനകം നേടിയിട്ടുള്ള ട്രോഫികള്‍ നോക്കിയാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയോക്കാള്‍ മുന്നിലാണ് ലയണല്‍ മെസ്സിയുടെ സ്ഥാനം. ഇന്റര്‍ മയാമിക്കൊപ്പം കന്നി സീസണില്‍ തന്നെ ട്രോഫിയില്‍ മുത്തമിടാന്‍ മെസ്സിക്കായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ലീഗ്‌സ് കപ്പാണ് അദ്ദേഹം അവര്‍ക്കൊപ്പം നേടിയത്. ടീമിന്റെ കിരീട നേട്ടത്തില്‍ മെസ്സി നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മാത്രമല്ല ക്ലബ്ബിന്റെയും ആദ്യ ട്രോഫിയായിരുന്നു ഇത്. ഈ സീസണിലും ഇന്റര്‍ മയാമി മിന്നുന്ന ഫോമിലാണ്. സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡ് ഇതിനകം മെസ്സിയും സംഘവും കൈക്കലാക്കി കഴിഞ്ഞു.
എന്നാല്‍ പുതിയ ക്ലബ്ബായ അല്‍ നസറിനൊപ്പം ആദ്യ ട്രോഫിക്കു വേണ്ടിയുള്ള റൊണാള്‍ഡോയുടെ കാത്തിരിപ്പ് നീളുകയാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി ഒരു കിരീടം പോലും അദ്ദേഹത്തിനു എടുത്തുകാണിക്കാനില്ല.
2021ല്‍ യുവന്റസിനൊപ്പം കോപ്പാ ഇറ്റാലിയ കിരീടമാണ് റൊണാള്‍ഡോ അവസാനമായി സ്വന്തമാക്കിയത്. യുവന്റസ് വിട്ട ശേഷം പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കു തിരികെ പോയ അദ്ദേഹം അവിടെ നിന്നാണ് സൗദി ലീഗിലേക്കു സര്‍പ്രൈസ് കൂടുമാറ്റം നടത്തിയത്.