
ലിസ്ബണ്‍: താന്‍ കളിക്കളത്തില്‍ ഉള്ളയിടത്തോളം കാലം പോര്‍ച്ചുഗലിലെ കേമനെന്ന പുരസ്‌കാരം മറ്റാരു മോഹിക്കേണ്ടെന്ന് ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മുന്നറിയിപ്പ്. കരിയറില്‍ പത്താം തവണയും പോര്‍ച്ചുഗീസ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് മുന്‍ ലോക ഫുട്‌ബോളര്‍ കൂടിയായ റോണോ അവകാശിയായി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെര്‍ണാഡോ സില്‍വ, അത്‌ലറ്റികോ മാഡ്രിഡിന്റെ യുവ സെന്‍സേഷനായ ജോ ഫെലിക്‌സ്, സ്‌പോര്‍ട്ടിങ് ലിസ്ബണിന്റെ ബ്രൂണോ ഫെര്‍ണാണ്ടസ്, വോള്‍ഫ്‌സിന്റെ റൂബെന്‍ നെവെസ് എന്നിവരെ പിന്തള്ളിയാണ് റൊണാള്‍ഡോയുടെ നേട്ടം.
കഴിഞ്ഞ സീസണില്‍ യുവന്റസിനെ തുടര്‍ച്ചയായ എട്ടാം ഇറ്റാലിയന്‍ ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ റൊണാള്‍ഡോ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഇതാണ് അദ്ദേഹത്തെ വീണ്ടുമൊരിക്കല്‍ കൂടി സിംഹാസനത്തിലെത്തിച്ചത്. 2007 മുതല്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം റൊണാള്‍ഡോയെ തേടിയെത്തിയിട്ടുണ്ട്. ഇതില്‍ 2010ല്‍ സിമാവോയും 2014ല്‍ പെപ്പെയും നേടിയതൊഴിച്ചാല്‍ മറ്റെല്ലാ തവണയും റൊണാള്‍ഡോ തന്നെയായിരുന്നു ജേതാവ്.
കരിയറില്‍ തന്നെ സംബന്ധിച്ചിടത്തോളം കടുപ്പമേറിയ വര്‍ഷമായിരുന്നു കഴിഞ്ഞ തവണത്തേതെന്നു പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം റൊണാള്‍ഡോ പ്രതികരിച്ചു. സോഷ്യല്‍ മീഡിയ, മാധ്യമങ്ങള്‍ എല്ലാം കൂടി വന്നതോടെ ലോകത്തിന്റെ വേഗം കൂടിക്കഴിഞ്ഞും. നിങ്ങളെ തളര്‍ത്താന്‍ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിനുള്ള മൂന്നംഗ അന്തിമ പട്ടികയിലും റൊണാള്‍ഡോ ഉള്‍പ്പെട്ടിട്ടുണ്ട്.