മോസ്കോ: ലോകകപ്പില്‍ ഗ്രൂപ്പ് ഇ യിലെ ആദ്യ മത്സരത്തില്‍ കോസ്റ്റാറിക്കയും സെര്‍ബിയയും ഞായറാഴ്ച ഏറ്റുമുട്ടും. സമാര അറീന സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 5.30നാണ് മത്സരം നടക്കുക. ബ്രസീല്‍ സ്വിറ്റ്സര്‍ലന്‍ഡ് ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ആയതിനാല്‍ പ്രീക്വാര്‍ട്ടറിലെത്താന്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്.
നിലവില്‍ മികച്ച ഫോമില്‍ കളിക്കുന്ന ടീമാണ് സെര്‍ബിയ. ഐസ്ലന്ഡ്, വെയില്‍സ്, ഓസ്ട്രേിയ ടീമുകളടങ്ങിയ ഗ്രൂപ്പില്‍ നിന്നും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ടീം ലോകകപ്പിനെത്തിയത്. സ്ട്രൈക്കര്‍ അലക്സാണ്ടര്‍ മിട്രോവിക്, ഡിഫന്‍ഡര്‍ ബ്രാനിസ്ലാവ് ഇവാനോവിച്ച്, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മധ്യനിരതാരം നെമാഞ്ച മാറ്റിച്ച് തുടങ്ങിയ പ്രമുഖര്‍ സെര്‍ബിയന്‍ ടീമിലുണ്ട്. ചിലിയെ 1-0ത്തിനും, ബൊളീവിയയെ 5-1നും തോല്‍പ്പിച്ചാണ് ടീമിന്റെ വരവ് എന്നത് എതിരാളികളെ ജാഗ്രതയിലാക്കും.
കോസ്റ്റാറിക്കയാകട്ടെ, ശരാശരി പ്രകടനമാണ് സമീപകാലത്ത് നടത്തിയിട്ടുള്ളത് എന്നു കാണാം. സൂപ്പര്‍ ഗോളി കെയിലര്‍ നവാസ് ആണ് ടീമിന്റെ ശ്രദ്ധാകേന്ദ്രം. ബ്രയാന്‍ ഒവീദോ, ക്രിസ്റ്റിയന്‍ ഗംബോവ, ആഴ്സണലിന്റെ ജോള് കാംപെല്‍ തുടങ്ങിയ പ്രമുഖരും ടീമിലുണ്ട്. സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 2-0, എന്ന നിലയിലും ബെല്‍ജിയത്തോടെ 4-1 എന്ന നിലയിലും ടീം തോറ്റിരുന്നു.
ഇതാദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. സമീപകാല പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സെര്ബിയയ്ക്കുതന്നെയാണ് കളിയില്‍ മേധാവിത്വം. രണ്ടുഗോള്‍ മാര്‍ജിനിലെങ്കിലും ടീം ജയിക്കുമെന്നാണ് പ്രവചനങ്ങള്‍. കരുത്തര്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ തോല്‍ക്കുന്നവരുടെ മുന്നോട്ടുള്ള പ്രയാണം ബുദ്ധിമുട്ടേറിയതായിരിക്കും.