Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Copa America 2024: രക്ഷകനായി മാര്‍ട്ടിനെസ്, ചിലിയോട് രക്ഷപെട്ട് അര്‍ജന്റീന; ക്വാര്‍ട്ടര്‍ ഫൈനലില്‍

റൂതര്‍ഫോര്‍ഡ്: കോപ്പാ അമേരിക്ക ഗ്രൂപ്പ് എ പോരാട്ടത്തില്‍ ചിലിയെ 1-0ന് തോല്‍പ്പിച്ച് അര്‍ജന്റീന ക്വാര്‍ട്ടറില്‍. ആവേശകരമായ മത്സരത്തിന്റെ 88ാം മിനുട്ടില്‍ ലൗത്താറോ മാര്‍ട്ടിനസ് ലക്ഷ്യം കാണുകയായിരുന്നു. കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച പന്തിലുള്ള അര്‍ജന്റീനയുടെ ഗോള്‍ശ്രമം ചിലി ഗോളി തടുത്തെങ്കിലും റീബൗണ്ട് ചെയ്ത പന്തിനെ മാര്‍ട്ടിനെസ് പോസ്റ്റിലെത്തിക്കുകയായിരുന്നു.

മെസിയേയും അല്‍വാരസിനേയും കുന്തമുനകളാക്കി 4-4-2 ഫോര്‍മേഷനിലാണ് അര്‍ജന്റീന ഇറങ്ങിയത്. 4-3-3 ഫോര്‍മേഷനിലായിരുന്നു ചിലി തന്ത്രം മെനഞ്ഞത്. ശക്തമായ പോരാട്ടം തന്നെയാണ് ചിലി കാഴ്ചവെച്ചത്. മൂന്നാം മിനുട്ടില്‍ ജുലിയന്‍ അല്‍വാരസ് ബോക്‌സിലേക്ക് നല്‍കാന്‍ ശ്രമിച്ച കുറുകിയ പാസ് പ്രതിരോധ നിര തടുത്തു. അഞ്ചാം മിനുട്ടില്‍ ചിലിയുടെ മികച്ച മുന്നേറ്റം. എഡ്വാര്‍ഡോ വര്‍ഗാസ് പന്ത് പെനല്‍റ്റി ബോക്‌സിലേക്ക് എത്തിച്ചെങ്കിലും അര്‍ജന്റീനന്‍ പ്രതിരോധ നിരയുടെ കൃത്യമായ ഇടപെടല്‍ ടീമിനെ രക്ഷിച്ചു.

കൂടുതല്‍ സമയം പന്തടക്കിവെച്ച് മുന്നേറാനാണ് അര്‍ജന്റീന ശ്രമിച്ചത്. 12ാം മിനുട്ടില്‍ അര്‍ജന്റീനയുടെ റോഡ്രിഗോ ഡീ പോളിന്റെ മികച്ച മുന്നേറ്റം കണ്ടെങ്കിലും ഷോട്ട് തൊടുക്കുന്നതിന് മുമ്പ് പ്രതിരോധ കോട്ടയില്‍ തട്ടി തകര്‍ന്നു. 22ാം മിനുട്ടില്‍ ജുലിയന്‍ അല്‍വാരസിലൂടെ അര്‍ജന്റീന ലീഡെടുക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും ചിലി ഗോളിയുടെ മിന്നല്‍ മുന്നേറ്റം രക്ഷിച്ചു. പോസ്റ്റിന്റെ മധ്യത്തിലേക്ക് പന്തടിക്കാനുള്ള അല്‍വാരസിന്റെ നീക്കം കൃത്യമായി മനസിലാക്കാന്‍ ചിലി ഗോളിക്കായി.

26ാം മിനുട്ടില്‍ ലോങ് റേഞ്ചിലൂടെ റോഡ്രിഗോ ഡി പോളിന്റെ ഗോള്‍ശ്രമം. എന്നാല്‍ ലക്ഷ്യത്തില്‍ നിന്ന് ഏറെ മാറി പന്ത് കടന്ന് പോയി. 36ാം മിനുട്ടില്‍ പാസിലൂടെ ലയണല്‍ മെസിയിലേക്ക് പന്ത്. ലോങ് റേഞ്ച് ഷോട്ട് തൊടുത്ത മെസിയെ ഭാഗ്യം തുണച്ചില്ല. പോസ്റ്റിന്റെ വലത് മൂലയോട് ചേര്‍ന്ന് പന്ത് കടന്ന് പോയി. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ ഇരു ടീമിനും ലക്ഷ്യം കാണാനായില്ല. 61% പന്തടക്കിവെച്ച് 13 ഗോള്‍ശ്രമം നടത്താന്‍ അര്‍ജന്റീനക്കായി.

argentina

photocredit: https://x.com/copaamerica_ENG/status/1805778529335886113/photo/1

എന്നാല്‍ മറുവശത്ത് ഒരു തവണ പോലും ഗോള്‍ശ്രമം നടത്താന്‍ ചിലിക്കായില്ല. രണ്ടാം പകുതിയിലും പ്രതിരോധ നിരയുടെ മികച്ച പോരാട്ടമാണ് കണ്ടത്. മുന്നേറ്റങ്ങളെല്ലാം പ്രതിരോധ നിരയെ മറികടന്ന് മുന്നോട്ട് പോകുന്നില്ല. 61ാം മിനുട്ടില്‍ അര്‍ജന്റീനയുടെ നിക്കോളാസ് ഗോണ്‍സാലസിന്റെ മികച്ച നീക്കം. എന്നാല്‍ ഷോട്ട് ചിലി ഗോളി തടുത്തു. 72ാം മിനുട്ടില്‍ മുന്നിലെത്താനുള്ള സുവര്‍ണ്ണാവസരം ചിലി പാഴാക്കി.

റോഡ്രിഗോ എക്‌വേറിയയുടെ ബുള്ളറ്റ് ഷോട്ട് പോസ്റ്റിന്റെ വലത് മൂല ലക്ഷ്യമാക്കി കുതിച്ചെങ്കിലും എമിലിയാനോ മാര്‍ട്ടിനെസ് മനോഹരമായി സേവ് ചെയ്തു. മികച്ച മുന്നേറ്റങ്ങള്‍ക്കൊടുവില്‍ അര്‍ജന്റീന ലക്ഷ്യം കണ്ടു. 88ാം മിനുട്ടില്‍ ലൗത്താറോ മാര്‍ട്ടിനെസിലൂടെ അര്‍ജന്റീന മുന്നിലെത്തി. കോര്‍ണര്‍ കിക്കില്‍ നിന്നുള്ള അര്‍ജന്റീനയുടെ ഗോള്‍ശ്രമത്തിനൊടുവില്‍ റീബൗണ്ട് ചെയ്‌തെത്തിയ പന്തിനെ മാര്‍ട്ടിനസ് പോസ്റ്റിന്റെ ഇടത് മൂലയിലെത്തിച്ചു.

എക്‌സ്ട്രാ ടൈമില്‍ ലൗത്താറോ മാര്‍ട്ടിനസിന്റെ മികച്ച ഷോട്ട് അത്ഭുതകരമായി ചിലിയന്‍ ഗോളി സേവ് ചെയ്തു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഒരു ഗോളിന്റെ ജയം അര്‍ജന്റീനക്ക് സ്വന്തം. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഗ്രൂപ്പ് എയില്‍ അര്‍ജന്റീന തലപ്പത്താണ്.

Story first published: Wednesday, June 26, 2024, 8:54 [IST]
Other articles published on Jun 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+