മിയാമി: കോപ്പാ അമേരിക്കയില്‍ അര്‍ജന്റീനയുടെ മുത്തം. ആവേശ ഫൈനലില്‍ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന കിരീടം നേടിയത്. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ ലൗട്ടാറോ മാര്‍ട്ടിനെസിന്റെ ഗോളിലാണ് അര്‍ജന്റീന 16ാം കോപ്പാ അമേരിക്ക അലമാരയിലെത്തിച്ചത്.
മെസിയും ഡി മരിയയും അല്‍വാരസും മുന്നേറ്റത്തില്‍ അണിനിരന്ന് 4-3-3 ഫോര്‍മേഷനിലാണ് അര്‍ജന്റീന ബൂട്ടണിഞ്ഞത്. അതേ സമയം 4-2-3-1 ഫോര്‍മേഷനിലാണ് കൊളംബിയ ഇറങ്ങിയത്. ആദ്യ ടെച്ചില്‍ത്തന്നെ കൊളംബിയയെ ഞെട്ടിക്കാന്‍ അര്‍ജന്റീനക്കായി. ജുലിയന്‍ അല്‍വാരസിന് ബോക്‌സിലേക്ക് ലഭിച്ച പാസില്‍ താരത്തിന്റെ ഷോട്ട് പോസ്റ്റിന്റെ ഇടത് വശത്തുകൂടി കടന്ന് പോയി. എന്നാല്‍ പിന്നീട് കൊളംബിയ മത്സരം കൈയടക്കുന്നതാണ് കാണാനായത്.
തുടര്‍ച്ചയായി അര്‍ജന്റീന ഗോള്‍മുഖത്തേക്ക് കൊളംബിയ പന്തെത്തിച്ചു. അഞ്ചാം മിനുട്ടില്‍ കൊളംബിയയുടെ ലൂയിസ് ഡിയാസിന്റെ ഗോള്‍ ശ്രമം അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനെസ് തടുത്തു. ഏഴാം മിനുട്ടില്‍ അര്‍ജന്റീനയെ വിറപ്പിക്കുന്ന നീക്കം കൊളംബിയ നടത്തി. ലോങ് പാസില്‍ നിന്ന് ബോക്‌സിലേക്കെത്തിയ ക്രോസിനെ കൊളംബിയയുടെ ജോണ്‍ കോര്‍ഡോബ ലക്ഷ്യത്തിലേക്ക് തൊടുത്തെങ്കിലും ഭാഗ്യം തുണച്ചില്ല. പോസ്റ്റിന്റെ ഇടത് വശത്തൂകൂടി പന്ത് പുറത്തേക്ക് പോയി.
12ാം മിനുട്ടില്‍ സാന്റിയാഗോ അരിയാസിന്റെ മുന്നേറ്റം. ബോക്‌സിലേക്ക് ക്രോസ് നല്‍കിയെങ്കിലും അര്‍ജന്റീന പ്രതിരോധം തടുത്തു. 15ാം മിനുട്ടില്‍ കൊളംബിയക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കിനെ ജെയിംസ് റോഡ്രിഗസ് പോസ്റ്റിലേക്ക് തൊടുത്തെങ്കിലും എമിലിയാനോ അനായാസം പിടിച്ചെടുത്തു. 20ാം മിനുട്ടില്‍ ബോക്‌സിലേക്ക് മെസിക്ക് പാസ് ലഭിച്ചു. മാര്‍ക്ക് ചെയ്യാതെ നിന്ന മെസി പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് പോസ്റ്റിന് മുന്നില്‍ നിന്ന സഹതാരത്തില്‍ തട്ടി. ഇതോടെ അനായാസം ഗോളി കൈക്കലാക്കി.
പാസുകളിലൂടെ കൊളംബിയ മുന്നേറ്റം നടത്തുന്നു. അര്‍ജന്റീനയില്‍ നിന്ന് പ്രതീക്ഷിച്ച പോരാട്ടവീര്യം ആദ്യ പകുതിയില്‍ ഉണ്ടാകുന്നില്ല. ബോക്‌സിലേക്ക് കൊളംബിയയുടെ ജൊഹാന്‍ മൊജീക്ക തൊടുത്ത ക്രോസ് ജോണ്‍ കോര്‍ഡോബ എത്തിപ്പിടിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് മുമ്പ് അര്‍ജന്റീനയുടെ ലിസനാന്‍ഡ്രോ മാര്‍ട്ടിനസ് തട്ടിയകറ്റി. 33ാം മിനുട്ടില്‍ ബോക്‌സിന് തൊട്ട് പുറത്തുനിന്ന ഗോള്‍ നേടാനുള്ള കൊളംബിയയുടെ ജെഫേഴ്‌സന്‍ ലേര്‍മന്റെ ശ്രമം.
മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന താരത്തിന്റെ ഷോട്ട് എമിലിയാനോ മാര്‍ട്ടിനസ് തട്ടിയകറ്റി. 35ാം മിനുട്ടില്‍ അതിവേഗ പാസുകളിലൂടെ ഗോള്‍ നേടാന്‍ അര്‍ജന്റീനയുടെ ശ്രകം. ലയണ്‍ മെസി പന്തുമായി മുന്നേറിയെങ്കിലും കൊളംബിയന്‍ പ്രതിരോധം തടുത്തു. ഇതിനിടെ കൂട്ടിയിടിച്ച് വീണ് മെസിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ അദ്ദേഹം കളി തുടര്‍ന്നു.
41ാം മിനുട്ടില്‍ ബോക്‌സിലേക്കെത്തിയ ക്രോസിനെ ഹെഡ് ചെയ്ത് വലയിലാക്കാനുള്ള ജെഫേഴ്‌സന്‍ ലേര്‍മയുടെ ശ്രമം എമിലിയാനോ തടുത്തു. കൊളംബിയയുടെ റിച്ചാര്‍ഡ് റിയോസിന് സുവര്‍ണ്ണാവസരം. പക്ഷെ താരത്തിന്റെ ദുര്‍ബലമായ ഷോട്ട് എമിലിയാനോ മാര്‍ട്ടിനസ് സേവം ചെയ്തു. കൊളംബിയന്‍ താരങ്ങള്‍ പരുക്കന്‍ കളി പുറത്തെടുത്ത് മുന്നേറി. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ ഇരു ടീമും ഗോള്‍രഹിത സമനിലയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിലും കൊളംബിയയുടെ മുന്നേറ്റമാണ് കണ്ടത്. 48ാം മിനുട്ടില്‍ സാന്റിയാഗോ അരിയാസിന്റെ ഷോട്ട് പോസ്റ്റിന്റെ ഇടത് വശത്തുകൂടി കടന്ന് പോയി. 49ാം മിനുട്ടില്‍ ഏഞ്ചല്‍ ഡി മരിയക്ക് മുന്നില്‍ സുവര്‍ണ്ണാവസരം. എന്നാല്‍ ഷോട്ട് പ്രതിരോധനിര തടുത്തു. 57ാം മിനുട്ടില്‍ പ്രതിരോധത്തെ വെട്ടിച്ച് ഡി മരിയ തൊടുത്ത ഇടം കാല്‍ ഷോട്ട് കൊളംബിയന്‍ ഗോളി തട്ടിയകറ്റി. മത്സരം മുന്നോട്ട് പോകവെ പോരാട്ടം കടുത്തു.

65ാം മിനുട്ടില്‍ മെസിക്ക് വീണ്ടും പരിക്കേറ്റു. ഇതോടെ താരത്തിന് പുറത്തുപോവേണ്ടി വന്നു. കരഞ്ഞുകൊണ്ടാണ് മെസി കളം വിട്ടത്. 76ാം മിനുട്ടില്‍ അര്‍ജന്റീനക്കായി നിക്കോളാസ് ഗോണ്‍സാലസ് വലകുലുക്കിയെങ്കിലും ഓഫ് സൈഡായി. അവസാന സമയത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടത്. 81ാം മിനുട്ടില്‍ ബോക്‌സിന് തൊട്ട് പുറത്തുനിന്ന് കൊളംബിയക്ക് ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ റോഡ്രിഗസിന്റെ ഷോട്ട് പ്രതിരോധത്തെ മറികടന്നില്ല. 88ാം മിനുട്ടില്‍ അര്‍ജന്റീനക്ക് സുവര്‍ണ്ണാവസരം.
നിക്കോളാസ് ഗോണ്‍സാലസിന് ഏഞ്ചല്‍ ഡി മരിയ മികച്ച ക്രോസ് നല്‍കി. എന്നാല്‍ നിക്കോളാസ് ഗോണ്‍സാലസ് പോസ്റ്റിലേക്ക് ഹെഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. നിശ്ചിത സമയത്ത് മത്സരം ഗോള്‍രഹിതമായതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. 95ാം മിനുട്ടില്‍ നിക്കോളാസ് ഗോണ്‍സാലസ് ക്രോസില്‍ നിന്ന് പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് കൊളംബിയന്‍ ഗോളി തടുത്തു. 108ാം മിനുട്ടില്‍ പോസ്റ്റിന് മുന്നിലേക്ക് ഡി മരിയ നല്‍കിയ ക്രോസിനെ എത്തിപ്പിടിക്കാന്‍ മിഗ്യേല്‍ ബോര്‍ജക്കയില്ല.
ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ട് ഗോള്‍ പിറന്നു. 112ാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയ ലൗട്ടാറോ മാര്‍ട്ടിനസാണ് അര്‍ജന്റീനക്കായി ലക്ഷ്യം കണ്ടത്.