Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Copa America 2021: അര്‍ജന്റീനയും ചിലിയും ഒപ്പത്തിനൊപ്പം, യൂറോയില്‍ സ്‌പെയിനിനു സമനിലത്തുടക്കം

1

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ അര്‍ജന്റീനയ്ക്കു സമനിലത്തുടക്കം. കരുത്തരായ ചിലിയുമായി അര്‍ജന്റീന 1-1ന്റെ സമനില സമ്മതിക്കുകയായിരുന്നു. അതേസമയം യൂറോ കപ്പില്‍ മുന്‍ ചാംപ്യന്‍മാരായ സ്‌പെയിനിനും ആദ്യ മല്‍സരത്തില്‍ സമനിലക്കെണിയില്‍ കുരുങ്ങി. സ്വീഡനുമായാണ് സ്‌പെയിന്‍ ഗോള്‍രഹിത സമനില വഴങ്ങിയത്. തുടര്‍ച്ചയായി രണ്ടു തവണ കോപ്പയുടെ കലാശപ്പോരില്‍ ചിലിയോടു പെനല്‍റ്റി ഷൂട്ടൗട്ടിലേറ്റ തോല്‍വിക്കു പകരം ചോദിക്കാനിറങ്ങിയ അര്‍ജന്റീനയ്ക്കു അതിനായില്ല.

2015, 16 ഫൈനലുകളിലായിരുന്നു ഷൂട്ടൗട്ടില്‍ അര്‍ജന്റീനയുടെ കണ്ണീര് വീഴ്ത്തി ചിലി കോപ്പയില്‍ മുത്തമിട്ടത്. അതുകൊണ്ടു തന്നെ ഗ്രൂപ്പ് എയില്‍ ആദ്യറൗണ്ടില്‍ത്തന്നെ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ ഏറെ പ്രതീക്ഷയിലായിരുന്നു. ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ ഗോളില്‍ അര്‍ജന്റീനയായിരുന്നു കളിയില്‍ ആദ്യം മുന്നിലെത്തിയത്. 33ാം മിനിറ്റിലായിരുന്നു ഗോള്‍. 57ാം മിനിറ്റില്‍ എഡ്വാര്‍ഡോ വര്‍ഗാസിലൂടെ ചിലി സമനില കൈക്കലാക്കുകയായിരുന്നു.

ഗ്രൂപ്പ് എയിലെ മറ്റൊരു മല്‍സരത്തില്‍ പരാഗ്വേ 3-1നു ബൊളീവിയയെ തകര്‍ത്തുവിട്ടു. ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു രണ്ടാംപകുതിയില്‍ പരാഗ്വേയുടെ ശക്തമായ തിരിച്ചുവരവ്. എയ്ഞ്ചല്‍ റൊമേറോ ടീമിനായി ഇരട്ടഗോളുകകള്‍ നേടി.

2

ചിലിക്കെതിരേ അര്‍ജന്റീനയ്ക്കായിരുന്നു കളിയില്‍ മുന്‍തൂക്കം. എന്നാല്‍ ലഭിച്ച അവസരങ്ങള്‍ ഗോളാക്കാ മാറ്റുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ചിലിയുടെ മുന്നേറ്റത്തോടെയാണ് കളിയാരംഭിച്ചതെങ്കിലും വൈകാതെ അര്‍ജന്റീന കടിഞ്ഞാണ്‍ ഏറ്റെടുക്കുകയായിരുന്നു. 12ാം മിനിറ്റില്‍ കളിയിലെ ആദ്യ ഗോളവസരം ലഭിച്ചതും അവര്‍ക്കായിരുന്നു. പക്ഷെ ലോ കെല്‍സോയുടെ മികച്ചൊരു പാസ് ലക്ഷ്യത്തിലേക്കു നയിക്കാന്‍ ലൊറ്റാറോ മാര്‍ട്ടിനസിനു കഴിഞ്ഞില്ല.

16ാം മിനിറ്റില്‍ അര്‍ജന്റീന വീണ്ടും ചിലി ഗോള്‍മുഖത്ത് ഭീതി വിതച്ചു. ഇത്തവയും ലോ കെല്‍സോയായിരുന്നു ചരടുവലിച്ചത്. ലോ കെല്‍സെ ഫ്‌ളിക്ക് ചെയ്തു നല്‍കിയ പാസില്‍ നിന്നും ഗോണ്‍സാലസിന്റെ താഴ്ന്ന ഷോട്ട് ഗോള്‍കീപ്പര്‍ ബ്രോവാ കുത്തിയകറ്റുകയായിരുന്നു. രണ്ടു മിനിറ്റിനുള്ളില്‍ അര്‍ജന്റീനയ്ക്കു മറ്റൊരു അവസരം കൂടി ലഭിച്ചു. പക്ഷെ മഗോണ്‍സാലസ് മറ്റൊരു അവസരം കൂടി പാഴാക്കി. താരത്തിന്റെ ക്ലോസ് റേഞ്ച് ഷോട്ട് നേരെ ഗോളി ബ്രാവോയുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

33ാം മിനിറ്റില്‍ അര്‍ജന്റീന കാത്തിരുന്ന ഗോള്‍ പിറന്നു. അതിനു മെസ്സി തന്നെ വേണ്ടി വരികയും ചെയ്തു. ലോ കെല്‍സോയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നു അര്‍ജന്റീനയ്ക്കു ഫ്രീകിക്ക് ലഭിച്ചു. മെസ്സിയുടെ മനോഹരമായ ഫ്രീകിക്ക് വലയില്‍ തുളഞ്ഞു കയറിയപ്പോള്‍ ഗോള്‍കീപ്പര്‍ ബ്രാവോ നിസ്സഹായനായിരുന്നു. അഞ്ചു മിനിറ്റിനകം സ്‌കോര്‍ 2-0 ആക്കി ഉയര്‍ത്താനുള്ള മികച്ചൊരു അവസരം മാര്‍ട്ടിനസ് പുറത്തേക്കടിച്ചു പാഴാക്കി. ആദ്യ പകുതിയില്‍ 1-0ന്റെ ലീഡുമായാണ് മെസ്സിയും സംഘവും കളംവിട്ടത്.

3

രണ്ടാംപകുതിയുടെ ആദ്യ മിനിറ്റുകളില്‍ ചിലിയുടെ ആധിപത്യമാണ് കണ്ടത്. സമനില ഗോളിനായി അവര്‍ അര്‍ജന്റീനയ്ക്കു മേല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചുകൊണ്ടിരുന്നു. 53ാം മിനിറ്റില്‍ അവര്‍ ഒപ്പമെത്തണ്ടതായിരുന്നു. എന്നാലല്‍ പുള്‍ഗറുടെ ത്രൂബോളില്‍ വര്‍ഗാസിന്റെ ഗോള്‍ ശ്രമം അര്‍ജന്റൈന്‍ ഗോളി എമിലിയാനോ മാര്‍ട്ടിനസ് വിഫലമാക്കി. നാലു മിനിറ്റിനകം ചിലിക്കു അനുകൂലമായി പെനല്‍റ്റി ലഭിച്ചു. വിദാലിനെ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു. വിഎആറിന്റെ സഹായത്തോടെയാണ് റഫറി പെനല്‍റ്റി വിധിച്ചത്. വിദാലിന്റെ പെനല്‍റ്റി അര്‍ജന്റൈന്‍ ഗോളി മാര്‍ട്ടിനസ് തകര്‍പ്പന്‍ സേവിലൂടെ രക്ഷപ്പെടുത്തിയെങ്കിലും ക്രോസ്ബാറില്‍ തട്ടിത്തെറിച്ച റീബൗണ്ട് ചെയ്ത ബോള്‍ വര്‍ഗാസ് ഹെഡ്ഡിലൂടെ വലയിലേക്കു പായിക്കുകയായിരുന്നു. അവസാന മിനിറ്റുകളില്‍ വിജയഗോളിനു വേണ്ടി ഇരുടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വെള്ളിയാഴ്ച മുന്‍ ചാംപ്യന്മാരായ ഉറുഗ്വേയ്‌ക്കെതിരേയാണ് അര്‍ജന്റീനയുടെ അടുത്ത ഗ്രൂപ്പ് മല്‍സരം.

4

അതേസമയം, യൂറോ കപ്പിലെ ഗ്രൂപ്പ് ഡി മല്‍സരത്തില്‍ സ്വീഡനെതിരേ സ്‌പെയിന്‍ കളംവാണെങ്കിലും അവ ഗോളുകളാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടു. മികച്ചൊരു സ്‌ട്രൈക്കറുടെ അഭാവം സ്പാനിഷ് ടീമില്‍ പ്രകടമായിരുന്നു. 85 ശതമാനവും ബോള്‍ കൈയടക്കി വച്ചത് സ്‌പെയിനായിരുന്നു. ഗോള്‍ ശ്രമങ്ങളിലും അവര്‍ സ്വീഡിഷ് ടീമിനെ നിഷ്പ്രഭരാക്കി.

16ാം മിനിറ്റില്‍ സ്വീഡിഷ് ഗോള്‍കീപ്പര്‍ ഓല്‍സണിന്റെ ഡൈവിങ് സേവ് സ്‌പെയിനിനു ഗോള്‍ നിഷേധിച്ചു. കോക്കെ വലതു വിങില്‍ നിന്നു നല്‍കിയ ക്രോസില്‍ ഓല്‍മോയുടെ ഹെഡ്ഡര്‍ ഉറപ്പായും ഗോളാവേണ്ടതായിരുന്നു. പക്ഷെ ഒാല്‍സണിന്റെ ഡൈവിങ് സേവ് സ്‌പെയിനിനെ ലീഡില്‍ നിന്നു തടഞ്ഞു. 29ാം മിനിറ്റില്‍ മറ്റൊരു ഗോളവസരം കോക്കെ ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കടിച്ചു പാഴാക്കി. 38ാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ സ്‌പെയിനിന്റെ അക്കൗണ്ട് തുറക്കാന്‍ ലഭിച്ച അവസരം അല്‍വാറോ മൊറാറ്റ കളഞ്ഞുകുളിച്ചു.

5

ആദ്യപകുതിയുടെ തനിയാവര്‍ത്തനമായിരുന്നു രണ്ടാം പകുതിയിലും കണ്ടത്. സ്വീഡനെ കാഴ്ചക്കാരാക്കി നിര്‍ത്തി സ്‌പെയിന്‍ കളംവാണെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. അപൂര്‍വ്വമായി മാത്രമേ സ്വീഡിഷ് താരങ്ങള്‍ക്കു പന്ത് തൊടാനായുള്ളൂ. ഇതിനിടെ 61ാം മിനിറ്റില്‍ സ്വീഡന് ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ലഭിച്ചെങ്കിലും ബെര്‍ഗ് തുറന്ന അവസരം പാഴാക്കുകയായിരുന്നു.

Story first published: Tuesday, June 15, 2021, 9:20 [IST]
Other articles published on Jun 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+