യൂറോപ്പില്‍ മികച്ച റെക്കോര്‍ഡുള്ളതാണ് റയലിന് വേണ്ടി വാതുവെക്കാന്‍ ആളെ കൂടുതല്‍ കിട്ടുന്നത്. കൂടാതെ, ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച സ്‌െ്രെടക്കറായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ നിരയിലാണ്. ഇതിനെല്ലാം പുറമെ, സീസണില്‍ ശരാശരി കളി കാഴ്ചവെച്ചിട്ടും റയല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയില്ലേ. ആ ഘടകം നിര്‍ണായകമാണ് - ഭാഗ്യം.
ഇനി ലിവര്‍പൂളിന്റെ കാര്യമെടുക്കാം. മുമ്പ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ തോറ്റ പരിശീലകനായ യുര്‍ഗന്‍ ക്ലോപാണ് ലിവര്‍പൂളിന്റെ കോച്ച്. തോറ്റവനെന്ത് മാര്‍ക്കറ്റ് ! ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പോലെ ഒരു ചാമ്പ്യന്‍ പ്ലെയര്‍ ആന്‍ഫീല്‍ഡ് ക്ലബ്ബില്‍ ചൂണ്ടിക്കാണിക്കാനില്ല. പക്ഷേ, മെസിയെ പോലെ ഒരാള്‍ എന്നൊക്കെ വിശേഷിപ്പിച്ചു തുടങ്ങിയ ഒരാളുണ്ട്. ഈജിപ്ഷ്യന്‍ മെസി മുഹമ്മദ് സാല.
റയല്‍ മാഡ്രിഡിനേക്കാള്‍ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്തത് ലിവര്‍പൂളാണ്. എന്നിട്ടും വാതുവെപ്പ് സംഘം റയലിന് വേണ്ടി പണമെറിയുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
ഇനി രണ്ട് ടീമുകളുടെയും യൂറോപ്പിലെ പ്രകടനം ഒന്ന് വിലയിരുത്താം. ഗ്രൂപ്പ് റൗണ്ടില്‍ ടോട്ടനം ഹോസ്പര്‍, ബൊറുസിയ ഡോട്മുണ്ട്, അപോയല്‍ നികോസിയ ക്ലബ്ബുകള്‍ ഉള്‍പ്പെട്ട എച്ച് ഗ്രൂപ്പിലായിരുന്നു റയല്‍. ടോട്ടനം ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് റയല്‍ പ്രീക്വാര്‍ട്ടറിലെത്തിയത്.
ഇ ഗ്രൂപ്പില്‍ സ്പാനിഷ് ക്ലബ്ബ് സെവിയ്യയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാം സ്ഥാനക്കാരായണ് ലിവര്‍പൂള്‍ പ്രീക്വാര്‍ട്ടറിലെത്തിയത്.
പ്രീക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ എഫ് സി പോര്‍ട്ടോയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ തകര്‍ത്തു കളഞ്ഞു. സാദിയോ മാനെ ഹാട്രിക്ക് നേടിയതായിരുന്നു എവേ മാച്ചില്‍ ഇംഗ്ലീഷ് ക്ലബ്ബിന് ഗംഭീര ജയം സമ്മാനിച്ചത്. മുഹമ്മദ് സാലയും ഫിര്‍മിനോയും വല കുലുക്കി. ഹോംഗ്രൗണ്ടിലെ രണ്ടാം പാദത്തില്‍ പോര്‍ട്ടോയെ ഗോളില്ലാ കളിയില്‍ തളച്ച ലിവര്‍പൂള്‍ ക്വാര്‍ട്ടറിലേക്ക് കുതിച്ചു, അഞ്ച് എവേ ഗോളുകളുടെ നെഞ്ചൂക്കില്‍.
റയല്‍ മാഡ്രിഡ് ഇരുപാദത്തിലുമായി 52ന് ഫ്രഞ്ച് ചാമ്പ്യന്‍മാരായ പി എസ് ജിയെ പിന്തള്ളിയാണ് ക്വാര്‍ട്ടറിലെത്തിയത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇവര്‍ ആരെയൊക്കെയാണ് തോല്‍പ്പിച്ചത്. ലിവര്‍പൂള്‍ സാക്ഷാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ. പെപ് ഗോര്‍ഡിയോളയുടെ കീഴില്‍ സീസണില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു സിറ്റി. കപ്പുയര്‍ത്തുമെന്ന് ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ വിധിയെഴുതിയ ടീം. പക്ഷേ, ഇരുപാദത്തിലുമായി 51ന് സിറ്റി തരിപ്പണമായി. ഈജിപ്ഷ്യന്‍ മെസിയായിരുന്നു സിറ്റിയെ കെട്ടുകെട്ടിച്ചത്.
റയല്‍ മാഡ്രിഡ് ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവെന്റസിനെ ഇരുപാദത്തിലുമായി 43ന് മറികടന്നു. ഇതില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ വിശ്വോത്തര ബൈസിക്കിള്‍ കിക്ക് ഗോള്‍ നിര്‍ണായകമായി.
സെമിയില്‍ ലിവര്‍പൂള്‍ തോല്‍പ്പിച്ചത് ബാഴ്‌സലോണയെ വീഴ്ത്തിയ എ എസ് റോമയെ. റയലാകട്ടെ ബയേണ്‍ മ്യൂണിക്കിനെയും. രണ്ടും ആവേശകരമായ സെമി പോരാട്ടങ്ങള്‍.

ആത്മവിശ്വാസം ആര്‍ക്ക് ?
പരിശീലകരുടെ ആത്മവിശ്വാസം ഫൈനലില്‍ നിര്‍ണായകമാകും. ലിവര്‍പൂളിന്റെ യുര്‍ഗന്‍ ക്ലോപാണോ റയല്‍ മാഡ്രിഡിന്റെ സിനദിന്‍ സിദാനാണോ ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍.
ഉറപ്പിച്ച് പറയാം യുര്‍ഗന്‍ ക്ലോപ്. സിദാന്‍ നിരാശനാണ്. ലാ ലിഗയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ചില കളിക്കാരുടെ അപ്രതീക്ഷിത ഫോം ഔട്ടും സിദാനെ അസ്വസ്ഥനാക്കുന്നു.
യുവെന്റസിനെതിരെ ഗാരെത് ബെയ്‌ലിനെ തിരികെ വിളിച്ചത് സിദാന്റെ രോഷപ്രകടനമായിരുന്നു. അടുത്ത ലീഗ് മത്സരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തു. ഇതോടെ, സിദാനും ബെയ്‌ലും രണ്ട് വഴിക്കായെന്ന റിപ്പോര്‍ട്ടും വന്നു. എന്നാല്‍, ഫോം ഔട്ടാകുന്ന കളിക്കാരെ മാറ്റി നിര്‍ത്തുന്നതും പിന്നീട് തിരികെ കൊണ്ടു വരുന്നതും സ്വാഭാവിക നടപടിക്രമമാണെന്ന് സിദാന് മാധ്യമങ്ങളോട് വിശദീകരിക്കേണ്ടി വന്നു.
ഫൈനലില്‍ ബെയില്‍ കളിക്കുമോ ? റയല്‍ പ്രതിസന്ധിയിലാണോ? സിദാന് മുന്നില്‍ ഇങ്ങനെയുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.
യുര്‍ഗന്‍ ക്ലോപ് നേരെ തിരിച്ചാണ്. റയലിനെ വീഴ്ത്താനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിക്കഴിഞ്ഞുവെന്നും ആ പ്ലാനിലെ ഒരംശം പുറത്തുവിടാനും ലിവര്‍പൂള്‍ കോച്ച് ധൈര്യം കാണിച്ചു. റയലിന്റെ വിംഗ് ബാക്ക് മാര്‍സലോയെ കേന്ദ്രീകരിച്ചുള്ള ടാക്റ്റിക്‌സ് ക്ലോപ് വ്യക്തമാക്കി.
മാര്‍സലോ ഡിഫന്‍ഡറുടെ ജോലി മറന്നു പോകുന്നുണ്ടെന്നാണ് ക്ലോപിന്റെ നിരീക്ഷണം. ബ്രസീലിയന്‍ വിംഗര്‍ നല്ല അറ്റാക്കറാണ്. അത് റയലിന് ഗുണം ചെയ്യുന്നു. പക്ഷേ, അയാള്‍ അറ്റാക്ക് ചെയ്യുമ്പോള്‍ റയലിന്റെ ഡിഫന്‍സില്‍ സ്‌പേസുണ്ടാകും ക്ലോപ് പറയുന്നു.
ആ സ്‌പേസിലേക്ക് മുഹമ്മദ് സാല എന്ന ഈജിപ്ഷ്യന്‍ മെസിയെ തുറന്ന് വിടുമെന്നാണ് ക്ലോപ് നല്‍കിയ മുന്നറിയിപ്പ്.

ഫൈനലിന് മുമ്പ് ഇതൊക്കെ ക്ലോപ് വിളിച്ചു പറയുന്നത് എന്തിനാണ് ?
ഒന്ന് ആത്മവിശ്വാസം കൊണ്ട്. രണ്ട്, തികച്ചും ടാക്റ്റിക്കല്‍.ബയേണ്‍റയല്‍ സെമി ഫൈനലിലെ കണക്കുകള്‍ യുര്‍ഗന്‍ ക്ലോപിന് മന:പാഠമാണ്. റയലിന് നാല് അവസരം ലഭിച്ചു, രണ്ടും ഗോളാക്കി. ബയേണിന് എട്ട് ഗോളടിക്കാമായിരുന്നു, പക്ഷേ അടിച്ചത് ഒന്നും. ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ തുടരെ മൂന്നാം ഫൈനലിന് യോഗ്യത നേടിയത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് ക്ലോപ് വിശ്വസിക്കുന്നു.
ഇത് സത്യമാണ് താനും. ബയേണിനെ മാത്രമല്ല, ക്വാര്‍ട്ടറില്‍ യുവെന്റസിനെ റയല്‍ മറികടന്നതും ഭാഗ്യത്തെ കൂട്ടുപിടിച്ചായിരുന്നു. വിവാദ പെനാല്‍റ്റി ഗോള്‍ റയലിന്റെ ജയത്തിന്റെ പ്രഭ കെടുത്തുകയും ചെയ്തു.
വളരെ പെട്ടെന്ന് പരിശീലകര്‍ക്കിടയില്‍ സൂപ്പര്‍താര പരിവേഷം ലഭിച്ച വ്യക്തിയാണ് സിദാന്‍. എന്നാല്‍, ലാ ലിഗ സീസണിലും ചാമ്പ്യന്‍സ് ലീഗിലെ തപ്പിത്തടയലും സിദാന്റെ ദൗര്‍ബല്യങ്ങളിലേക്കാണ് വിരല്‍ചൂണ്ടിയത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന വിന്നറെ കേന്ദ്രീകരിച്ചാണ് റയലിന്റെ നിലനില്‍പ്പ്. ചാമ്പ്യന്‍സ് ലീഗിലും തിരിച്ചടിയേറ്റാല്‍ റയലില്‍ സിദാന്റെ നാളുകള്‍ അവസാനിക്കും എന്ന് തന്നെയാണ് സൂചന.
ഞാന്‍ മികച്ച പരിശീലകനല്ല, ഞാന്‍ മികച്ച തന്ത്രജ്ഞനല്ല. പക്ഷേ, എനിക്ക് മറ്റ് ചില ഗുണങ്ങളുണ്ട്. ഫുട്‌ബോളിനോടുള്ള ആവേശം, താത്പര്യം, അങ്ങനെ പലതും - സിദാന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞതാണിത്. റയലിനുള്ളില്‍ എന്തൊക്കെയോ പുകയുന്നുണ്ടെന്നതിന്റെ സൂചനയാണിത്.

ലോകഫുട്‌ബോളറെ കീവില്‍ കാണാന്‍ സാധിക്കുമോ ?
ശനിയാഴ്ച യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡും ലിവര്‍പൂളും ഏറ്റുമുട്ടുമ്പോള്‍ അടുത്ത ലോകഫുട്‌ബോളര്‍ആരെന്നതിന്റെ നിര്‍ണയം കൂടി നടക്കും. റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ മെസി എന്നറിയപ്പെടുന്ന മുഹമ്മദ് സാലയും തമ്മിലാണ് ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിനായി രംഗത്തുള്ളത്.
ചാമ്പ്യന്‍സ് ലീഗ് നേടാന്‍ റയലിനെ സഹായിച്ചപ്പോഴൊക്കെ ക്രിസ്റ്റിയാനോയെ തേടിബാലണ്‍ദ്യോര്‍ എത്തിയിരുന്നു. 2014, 2016 വര്‍ഷങ്ങളിലും കഴിഞ്ഞ തവണയും പോര്‍ച്ചുഗീസുകാരനായിരുന്നു ബാലണ്‍ദ്യോറില്‍ ചുംബിച്ചത്.
ഒരു ദശകമായി ലോകഫുട്‌ബോളര്‍ പട്ടത്തിന് ക്രിസ്റ്റ്യാനോയും മെസിയും തമ്മിലായിരുന്നു മത്സരം. ഇത്തവണ, ആ നിരയിലേക്ക് മുഹമ്മദ് സാല കടന്നു വന്നത് ഫുട്‌ബോള്‍ ലോകത്തിന് പുത്തന്‍ ആവേശം പകരുന്നു. ക്രിസ്റ്റ്യാനോ-മെസി ആധിപത്യം ഇടക്കൊന്ന് ചോദ്യം ചെയ്യപ്പെടുന്നത് ഫുട്‌ബോള്‍ എന്ന ഗെയിമിന് നല്ലതാണെന്ന അഭിപ്രായമാണ് മുന്‍ താരങ്ങള്‍ക്കുള്ളത്. അതുകൊണ്ടു തന്നെ ലിവര്‍പൂളിനും മുഹമ്മദ് സാലക്കും ചാമ്പ്യന്‍സ് ലീഗില്‍ പിന്തുണയേറുകയാണ്.
ഇത് ലോകകപ്പ് വര്‍ഷമാണ്. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ മാത്രം മാറ്റ് കൊണ്ട് ബാലണ്‍ദ്യോര്‍ തീരുമാനിക്കാനാകില്ല. റഷ്യയില്‍ മികവറിയിക്കുന്നതും നിര്‍ണായകമാകും. മെസിയുടെ മികവില്‍ അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്തിയാല്‍ കഥ മാറും. ചാമ്പ്യന്‍സ് ലീഗെല്ലാം ലോകകപ്പ് നേട്ടത്തിന്റെ അടിയിലാകും. ക്രിസ്റ്റ്യാനോ ചാമ്പ്യന്‍സ് ലീഗ് നേടുകയും ലോകകപ്പില്‍ പോര്‍ച്ചുഗലിനെ നോക്കൗട്ടിലെത്തിക്കാന്‍ സാധിക്കാതെ പോവുകയും ചെയ്താല്‍ സാധ്യത മാറി മറിയും. മുഹമ്മദ് സാല ഈജിപ്തിനെ അട്ടിമറികളിലൂടെ സെമിയിലെത്തിച്ചാല്‍ എന്താകും അവസ്ഥ !
പോര്‍ച്ചുഗലിന് യൂറോ കപ്പ് കിരീടം നേടിക്കൊടുത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇച്ഛാശക്തിയെ എഴുതിത്തള്ളാനാകില്ല. സീസണില്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി 41 ഗോളുകളാണ് ക്രിസ്റ്റിയാനോ നേടിയത്. സീസണിന്റെ തുടക്കത്തില്‍ നിറം മങ്ങിയ ക്രിസ്റ്റിയാനോ ജനുവരിക്ക് ശേഷമാണ് 28 ഗോളുകളും നേടിയത്. സ്പാനിഷ് ലാ ലിഗയില്‍ 26 ഗോളുകളുമായി ലയണല്‍ മെസിക്ക് പിറകിലായ ക്രിസ്റ്റ്യാനോ ചാമ്പ്യന്‍സ് ലീഗില്‍ 12 മത്സരങ്ങളില്‍ നിന്ന് 15 ഗോളുകളാണ് അടിച്ച് കൂട്ടിയത്.
2008 ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്തിയത് ക്രിസ്റ്റ്യാനോയുടെ ഗോളിലായിരുന്നു. 2014ന് ശേഷം റയല്‍ കളിച്ച മൂന്ന് ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും ക്രിസ്റ്റ്യാനോയുടെ സ്‌കോറിംഗിലായിരുന്നു കിരീട ജയം.
ലിവര്‍പൂള്‍ യൂറോപ്പില്‍ നഷ്ടപ്രതാപം വീണ്ടെടുത്തത് മുഹമ്മദ് സാല നല്‍കിയ ഊര്‍ജത്തിലാണ്. പ്രത്യാക്രമണത്തില്‍ സാലയുടെ വേഗത അപാരമാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 38 മത്സരങ്ങളില്‍ 32 ഗോളുകളാണ് സാല അടിച്ച് കൂട്ടിയത്. വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി 44 ഗോളുകളാണ് സാല നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ പതിനൊന്ന് ഗോളുകള്‍.