ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ഹോം ഗ്രൗണ്ടില്‍ അട്ടിമറിക്കപ്പെട്ടപ്പോള്‍ ലിവര്‍പൂള്‍ ഡെര്‍ബി ജയവുമായി കരുത്തറിയിച്ചു. ലെസ്റ്റര്‍ സിറ്റി, ടോട്ടനം ഹോസ്പര്‍, ഹള്‍, വാട്ഫോഡ് ക്ലബ്ബുകളും ജയം കണ്ടപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഹോം മാച്ചില്‍ സമനിലയില്‍ കുരുങ്ങി.
ഒന്നാം സ്ഥാനത്ത് കുതിക്കുന്ന ചെല്‍സിയുടെ നീലപ്പടയെ വീഴ്ത്തിയത് പതിനാറാം സ്ഥാനത്തുള്ള ക്രിസ്റ്റല്‍ പാലസാണ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സന്ദര്‍ശക ടീമിന്റെ ജയം. അഞ്ചാം മിനുട്ടില്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ സെസ്ക് ഫാബ്രിഗസ് നേടിയ ഗോളില്‍ ചെല്‍സിയാണ് ലീഡെടുത്തത്. ഒമ്പതാം മിനുട്ടില്‍ വില്‍ഫ്രഡ് സാഹയിലൂടെ മറുപടി നല്കിയ ക്രിസ്റ്റല്‍പാലസ് പതിനൊന്നാം മിനുട്ടില്‍ ക്രിസ്റ്റ്യന്‍ ബെന്റെകെയിലൂടെ വിജയഗോള്‍ നേടി.
ഇതോടെ, 29 മത്സരങ്ങളില്‍ 31 പോയിന്റുമായി ക്രിസ്റ്റല്‍ പാലസ് റെലഗേഷന് മേഖലയില്‍ ഉള്‍പ്പെടാതെ രക്ഷപ്പെട്ടു. നാല് പോയിന്റിന്റെ വ്യത്യാസത്തിനാണ് ക്രിസ്റ്റല്‍ പാലസ് പതിനാറാം സ്ഥാനത്ത് നില്‍ക്കുന്നത്. സ്വാന്‍സിയും ഹള്‍ സിറ്റിയും 27 പോയിന്റുമായി തരംതാഴ്ത്തല്‍ ഭീഷണിയിലാണ്.
ചെല്‍സി 29 മത്സരങ്ങളില്‍ 69 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ലിവര്‍പൂളില്‍ നടന്ന മത്സരത്തില്‍ 3-1നാണ് എവര്ട്ടന് ഡെര്‍ബിയില്‍ പരാജയപ്പെട്ടത്. സാദിയോ മാനെ എട്ടാം മിനുട്ടില്‍ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. പെന്നിംഗ്ടണിലൂടെ ഇരുപത്തെട്ടാം മിനുട്ടില്‍ എവര്ട്ടന് തിരിച്ചടിച്ചു. മുപ്പത്തൊന്നാം മിനുട്ടില്‍ ഫിലിപ് കൂട്ടീഞ്ഞോ, അറുപതാം മിനുട്ടില്‍ ഒറിഗിയും ലിവര്‍പൂളിന്റെ ജയം ഉറപ്പാക്കി. 30 മത്സരങ്ങളില്‍ നിന്ന് 59 പോയിന്റുമായി ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. അമ്പത് പോയിന്റുമായി എവര്ട്ടന് ഏഴാം സ്ഥാനത്ത്.
ബണ്‍ലിക്കെതിരെ ടോട്ടനം ഹോസ്പറിന്റെ വിജയഗോളുകള്‍ രണ്ടാം പകുതിയിലായിരുന്നു. അറുപത്താറാം മിനുട്ടില്‍ ഡയറും എഴുപത്തേഴാം മിനുട്ടില്‍ സന് ഹ്യുംഗ് മിനും. സ്റ്റോക് സിറ്റിക്കെതിരെ ലെസ്റ്റര്‍ സിറ്റിയുടെ വിജയഗോളുകള്‍ എന്‍ഡിഡിയും ജാമി വര്‍ഡിയും നേടി.
ഗോള്‍ നില
ലിവര്‍പൂള്‍ 3-1 എവര്ട്ടന്
ബണ്‍ലി 0-2 ടോട്ടനം ഹോസ്പര്‍
ചെല്‍സി 1-2 ക്രിസ്റ്റല്‍പാലസ്
ഹള്‍ 2-1 വെസ്റ്റ്ഹാം
ലെസ്റ്റര്‍ സിറ്റി 2-0 സ്റ്റോക്
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 0-0 വെസ്റ്റ് ബ്രോം
വാട്ഫോഡ് 1-0 സണ്ടര്‍ലാന്‍ഡ്
സതംപ്ടണ്‍ 0-0 ബൗണ്മൗത്