
മത്സരത്തിലെ ഓരോ നീക്കവും നിരീക്ഷിക്കുകയും ചടുലമായ നീക്കങ്ങളിലൂടെ പന്ത് പിടിച്ചെടുത്ത് ടീമിന്റെ പൊസിഷനിംഗ് സെറ്റ് ചെയ്യാനും കാന്റെക്കുള്ള മികവ് അപാരമാണ്. ചെല്‍സിക്കായി 259 മത്സരങ്ങളാണ് കാന്റെ ഇതുവരെ കളിച്ചിട്ടുള്ളത്. 15 അസിസ്റ്റുകളും പതിമൂന്ന് ഗോളുകളുമാണ് കാന്റെയുടെതായിട്ടുള്ളത്. ഈ കണക്ക് ചെറുതായിരിക്കാം, പക്ഷേ മധ്യനിരയില്‍ മത്സരം നിയന്ത്രിക്കുന്നത് കാന്റെയാണ്. ഗോളിലേക്കുള്ള ഓരോ നീക്കത്തിന് പിറകിലും ഈ കുറിയ കറുത്ത മനുഷ്യനായിരിക്കും.
ട്രാന്‍സ്ഫര്‍ വിപണിയില്‍ 45 ദശലക്ഷം പൗണ്ട് ആണ് കാന്റെയുടെ നിലവിലെ മൂല്യം. 2016 ല്‍ ലെസ്റ്റര്‍സിറ്റിയില്‍ നിന്ന് 32 ദശലക്ഷം പൗണ്ടിനാണ് ചെല്‍സി ഫ്രഞ്ച് താരത്തെ സ്വന്തമാക്കിയത്. ലെസ്റ്റര്‍ സിറ്റിയെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാക്കിയതോടെയാണ് കാന്റെയുടെ കീര്‍ത്തി വര്‍ധിച്ചത്. ചെല്‍സിയിലും അതേ മികവ് തുടര്‍ന്നു. നീലപ്പടക്കൊപ്പം ചാമ്പ്യന്‍സ് ലീഗും പ്രീമിയര്‍ ലീഗും നേടി. 2017 ല്‍ പി എഫ് എ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും കാന്റെക്കായിരുന്നു.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കുള്ള കാന്റെയുടെ കൂടുമാറ്റത്തെ കുറിച്ചുള്ള ചോദ്യം പോലും ചെല്‍സി കോച്ചിനെ അസ്വസ്ഥനാക്കുന്നുണ്ട്. അതുകൊണ്ടാണ്, ചെല്‍സിക്ക് എല്ലാം കാന്റെയാണ് എന്ന് ടുചേല്‍ വൈകാരികമായി പറഞ്ഞിരിക്കുന്നത്.
പ്രീമിയര്‍ ലീഗില്‍ ചെല്‍സി അത്ര മികച്ച പ്രകടനമല്ലായിരുന്നു ഇത്തവണ. കാന്റെയുടെ ഫോം വലിയ ഘടകമായി. കൂടുതല്‍ സമയം കാന്റെയെ കോച്ച് ഉപയോഗിച്ചിട്ടില്ല. ജൊര്‍ഗീഞ്ഞോ, റുബെന്‍ ലോഫ്റ്റസ് ചീക് എന്നിവര്‍ക്കൊപ്പം റൊട്ടേറ്റ് ചെയ്തിട്ടാണ് കാന്റെയെ കളിപ്പിച്ചത്. സമയം കുറഞ്ഞു പോയതില്‍ താരത്തിന് നിരാശയുണ്ട്. ഇതാകണം, ക്ലബ്ബ് വിടാനുള്ള ചിന്തയിലേക്ക് താരമെത്തിയത്.

കാന്റെയില്‍ നിന്ന് പഴയത് പോലെ മികച്ച പ്രകടനം ഉണ്ടാകില്ലെന്ന വിമര്‍ശം ഉയര്‍ന്നിരുന്നു. തോമസ് ടുചേലിന്റെ വാക്കുകളിലും അത് പ്രകടമാണ്. കാന്റെ ചെല്‍സിയുടെ കീ പ്ലെയറാണ്, എന്നാല്‍ കീ പ്ലെയര്‍ പിച്ചില്‍ കൂടുതല്‍ സമയം കളിക്കണം. ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് മത്സരത്തിന്റെ നാല്‍പത് ശതമാനം മാത്രമാണ് കളിക്കാന്‍ സാധിക്കുന്നത്. കാന്റെ ഞങ്ങളുടെ മോ സലയും വാന്‍ ഡിക്കും കിലിയന്‍ എംബാപെയുമാണ്- ടുചേല്‍ പറഞ്ഞു.
ചെല്‍സിയില്‍ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള ട്രാന്‍സ്ഫര്‍ ഇതിന് മുമ്പ് ശ്രദ്ധിക്കപ്പെട്ടത് 2017ലാണ്. നെമാന്‍ജ മാറ്റിചിന്റെ ട്രാന്‍സ്ഫറായിരുന്നു അത്. ചെല്‍സിക്കൊപ്പം മൂന്ന് വര്‍ഷം മികച്ച ഫോമില്‍ കളിച്ച മാറ്റിചിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് റാഞ്ചുകയായിരുന്നു. എന്നാല്‍, ആ നീക്കം മാറ്റിചിന് ഗുണം ചെയ്തില്ല. അതിന് ശേഷം ഒരു ട്രോഫി പോലും മാറ്റിചിന് നേടാന്‍ സാധിച്ചിട്ടില്ല.

അലക്‌സ് ഫെര്‍ഗൂസന്‍ വിരമിച്ചതിന് ശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് അതുപോലൊരു കോച്ചിനെ ലഭിച്ചിട്ടില്ല. പ്രീമിയര്‍ ലീഗില്‍ ആദ്യ നാലില്‍ പോലും ഇടമില്ലാത്തവരായി മാറി മാഞ്ചസ്റ്റര്‍. ദീര്‍ഘകാല പദ്ധതികളാണ് ക്ലബ്ബ് മാനേജ്‌മെന്റ് ഇപ്പോള്‍ ആവീഷ്‌കരിക്കുന്നത്. ടെന്‍ ഹാഗിന് പൂര്‍ണ ചുമതലയാണ് നല്‍കിയിരിക്കുന്നത്. മധ്യനിര ഉടച്ച് വാര്‍ക്കുക എന്നതാണ് ഹാഗിന് ആദ്യം ചെയ്യാനുള്ളത്. അതിന് കാന്റെയെ പോലെ മിഡ്ഫീല്‍ ഭരിക്കാനറിയുന്ന ആള്‍ വേണം.
പ്രീമിയര്‍ ലീഗില്‍ വലിയ വിപ്ലവം സൃഷ്ടിച്ചാണ് ലെസ്റ്റര്‍ സിറ്റി ക്ലോഡിയോ റാനിയേരി എന്ന പരിശീലകന് കീഴില്‍ കപ്പുയര്‍ത്തിയത്. അന്ന് ലെസ്റ്ററിന്റെ മധ്യനിര കാന്റെ അടക്കി ഭരിക്കുകയായിരുന്നു. ഓരോ പന്തും ആരിലേക്ക് പോകണം, എതിരാളികളുടെ ഓരോ നീക്കങ്ങളും എങ്ങനെ പൊളിക്കണം എന്നതെല്ലാം തീരുമാനിച്ചിരുന്നത് കാന്റെയാണ്. ഫ്രാന്‍സ് ലോകചാമ്പ്യന്‍മാരായപ്പോഴും കാന്റെയെന്ന പ്രതിഭാസം ചര്‍ച്ച ചെയ്യപ്പെട്ടു.


Click it and Unblock the Notifications














